കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ കൊൽക്കത്തയിലെ വിദ്യാസാഗർ പ്രതിമ തകർക്കപ്പെട്ട സംഭവമാണ് മുഖ്യപ്രചാരണ വിഷയം. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിലാണ് കൊൽക്കത്ത വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടത്. പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി. പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തൃണമൂലും ആരോപിക്കുന്നു. സത്യത്തിൽ ആരാണ് പ്രതിമ തകർത്തത്. ബി.ജെ.പി. സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്ന വീഡിയോകളുടെയും പോസ്റ്റുകളുടെയും യഥാർഥ്യമെന്താണ്. ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ആൾട്ട് ന്യൂസ്. വ്യാജ വാർത്തകളും വാർത്തകളിലെ വസ്തുതാവിരുദ്ധമായ ഉള്ളടക്കങ്ങളും കണ്ടെത്തുന്ന ചെയ്യുന്ന ആൾട്ട് ന്യൂസിന്റെ റിപ്പോർട്ട് ഇങ്ങനെ... ബി.ജെ.പി.യുടെ വാദങ്ങൾ... അമിത് ഷായുടെ റാലിക്കിടെയുണ്ടായ വിവിധ ദൃശ്യങ്ങൾ സഹിതമാണ് ബി.ജെ.പി. തൃണമൂൽ കോൺഗ്രസിനെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായും ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാൽവിയയും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇതോടൊപ്പം വിദ്യാസാഗർ കോളേജിലെ ഒരു വിദ്യാർഥിയെന്ന് പരിചയപ്പെടുത്തുന്ന ബിരാജ് നാരായൺ റോയ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിവരണക്കുറിപ്പും ബി.ജെ.പി. നേതാക്കൾ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. First person account of a student from Vidyasagar College. Original post in Bangla and translation alongside. He recounts how TMC hooligans orchestrated vandalisation of Ishwar Chandra Vidyasagar' bust inside the college for their petty politics. #SaveBengalSaveDemocracy pic.twitter.com/OWA79RTjbw — Chowkidar Amit Malviya (@amitmalviya) 15 May 2019 തൃണമൂലിന്റെ വിദ്യാർഥി സംഘടന പ്രവർത്തകരാണ് കലാപം നടത്തിയതെന്നും ക്യാമ്പസിനകത്തുനിന്ന് റാലിക്ക് നേരെ വടികളും കല്ലും എറിഞ്ഞെന്നും ഈ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ശേഷം തൃണമൂൽ പ്രവർത്തകർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ഈശ്വർചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തെന്നും വിദ്യാർഥിയെന്ന് പരിചയപ്പെടുത്തിയ ഇയാൾ അവകാശപ്പെടുന്നു. ക്യാമ്പസിനകത്ത് സ്ഥിതിചെയ്യുന്ന പ്രതിമ തകർത്തത് ബി.ജെ.പി.. പ്രവർത്തകരല്ലെന്നുംപ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് എത്താൻ രണ്ട് ഗേറ്റുകൾ കടക്കണമെന്നും എന്നാൽ തൃണമൂൽ പ്രവർത്തകർ മാത്രമാണ് ആ സമയത്ത് ക്യാമ്പസിനകത്ത് ഉണ്ടായിരുന്നതെന്നും ബിരാജ് നാരായൺ റോയ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ബംഗാളിയിൽ എഴുതിയ ഈ ഫെയ്സ്ബുക്ക് പോസ്റ്റാണ് ബി.ജെ.പി. ഐ.ടി. സെൽ മേധാവി ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് സോഷ്യൽമീഡിയിൽ പ്രചരിപ്പിച്ചത്. എന്നാൽ ഈ പോസ്റ്റ് വ്യാപകമായതോടെ ബിരാജ് നാരായൺ റോയിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായി. പകരം വിദ്യാസാഗർ കോളേജിലെ വിദ്യാർഥിയെന്ന് അവകാശപ്പെടുന്ന നിരവധിപേർ സമാന കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇത് ശ്രദ്ധിക്കപ്പെട്ടതോടെ ട്വിറ്ററിലടക്കം ഇതിനെതിരെ പരിഹാസവുമുയർന്നു. ഫെയ്സ്ബുക്കിൽ മുഴുവൻ വിദ്യാസാഗർ കോളേജിലെ വിദ്യാർഥികളാണെന്നായിരുന്നു പരിഹാസത്തോടെ ഒരാൾ ട്വീറ്റ് ചെയ്തത്. എന്തായാലും ആ ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആൾട്ട് ന്യൂസ് സംഭവത്തിലെ യാഥാർഥ്യമെന്താണെന്ന് പരിശോധിച്ചത്. ആദ്യം കല്ലെറിഞ്ഞത് എവിടെനിന്ന് വിദ്യാസാഗർ കോളേജിനകത്ത് നിന്ന് ആദ്യം കല്ലേറുണ്ടായെന്നാണ് ബി.ജെ.പി.യുടെ പ്രധാന ആരോപണം. എന്നാൽ ബംഗാളിലെ പ്രാദേശിക പത്രമായ ആനന്ദബസാർ ഈ സംഭവം റിപ്പോർട്ട് ചെയ്തത് നേരേ തിരിച്ചാണ്. ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചവരാണ് ആദ്യം കല്ലെറിഞ്ഞതെന്ന് ആനന്ദബസാർ റിപ്പോർട്ട് ചെയ്യുന്നു. ഇത് സാധൂകരിക്കുന്നതാണ് ചില വീഡിയോ ദൃശ്യങ്ങളും. കാവിനിറമുള്ള Namo Again ടീഷർട്ട് ധരിച്ചവർ ക്യാമ്പസിനകത്തേക്ക് കല്ലെറിയുന്ന ദൃശ്യങ്ങളാണ് ഇതിനു തെളിവായി ആൾട്ട് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. അമിത് ഷായുടെ റാലി നടക്കുന്നതിനിടെ തൃണമൂൽ പ്രവർത്തകർ കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ബി.ജെ.പി. ഐ.ടി. സെൽ മേധാവി ആരോപിച്ചിരുന്നു. ഈ ആരോപണം സാധൂകരിക്കാനായി ഒരു വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ ഈ വീഡിയോ കൃത്യമായി പരിശോധിച്ചാൽ ബി.ജെ.പി. പ്രവർത്തകരാണ് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചതെന്ന് വ്യക്തമാകും. പോലീസ് ബാരിക്കേഡുകൾ തള്ളിമാറ്റാനും ആക്രമണം നടത്താനുമായിരുന്നു ബി.ജെ.പി. പ്രവർത്തകുടെ ശ്രമം. എന്നാൽ ഈസമയം തൃണമൂൽ പ്രവർത്തകർ മറുഭാഗത്ത് മുദ്രാവാക്യം മുഴക്കുന്നത് മാത്രമാണ് വീഡിയോയിലുള്ളത്. Another video which shows TMC had strategically planted thugs to create riot like situation during BJP President's road show. The question is why? What was the motivation? Is TMC whipping up sentiment to save its political turf? TMC is a shame on Bengal. #SaveBengalSaveDemocracy pic.twitter.com/xeDBzQwgfj — Chowkidar Amit Malviya (@amitmalviya) 15 May 2019 ബൈക്കുകൾ അഗ്നിക്കിരയാക്കിയത് ആര്... തൃണമൂൽ പ്രവർത്തകരാണ് ബൈക്കുകൾ അഗ്നിക്കിരയാക്കിയതെന്നായിരുന്നു ബി.ജെ.പി. പ്രവർത്തകർ പ്രചരിപ്പിച്ച ഫെയ്സ്ബുക്കിലെ മറ്റൊരു വാദം. എന്നാൽ ബി.ജെ.പി. റാലിയിൽ പങ്കെടുത്ത കാവി നിറമുള്ള ടീഷർട്ടണിഞ്ഞവരാണ് ബൈക്കുകൾ കത്തിച്ചതെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകും. Bike Burning outside college from Alt News on Vimeo. ബി.ജെ.പി. പ്രവർത്തകർ ക്യാമ്പസിനകത്ത് പ്രവേശിച്ചോ... ബി.ജെ.പി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് ബി.ജെ.പി.യുടെ വാദം. പ്രതിമ ക്യാമ്പസിനകത്തെ പ്രത്യേക മുറിയിലാണെന്നും രാത്രി ഗേറ്റുകൾ അടച്ചിട്ടതിനാൽ ബി.ജെ.പി. പ്രവർത്തകർ എങ്ങനെ കോളേജിനകത്ത് പ്രവേശിക്കുമെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ളവർ ചോദിച്ചിരുന്നു. പ്രതിമ സ്ഥാപിച്ചിരുന്ന മുറിയുടെ പൂട്ടുകൾ തകർത്തിട്ടില്ലെന്നും അതിനാൽ ആരാണ് മുറികൾ തുറന്ന് പ്രതിമ തകർത്തതെന്നും വ്യക്തമാണെന്നും അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് തെളിയിക്കാനായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. BJP supporters/workers vandalising Vidyasagar college gates from Alt News on Vimeo. എന്നാൽ സംഭവത്തിന്റെ വിവിധ വീഡിയോദൃശ്യങ്ങൾ പരിശോധിച്ചാൽ ബി.ജെ.പി.യുടെ വാദം തെറ്റാണെന്നാണ് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ബി.ജെ.പി. പ്രവർത്തകർ കോളേജ് ഗേറ്റിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന വീഡിയോകളും ആൾട്ട് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനുപുറമേ ഒരുകൂട്ടം ബി.ജെ.പി. പ്രവർത്തകർ ഗേറ്റിന്റെ പൂട്ട് തകർത്ത് ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും ആൾട്ട് ന്യൂസിന്റെ വെബ്സൈറ്റിൽ കാണാം. പ്രതിമ സ്ഥിതിചെയ്തിരുന്ന മുറിയിൽ കയറി... വിദ്യാസാഗർ കോളേജ് ക്യാമ്പസിനകത്ത് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ഒട്ടേറെ പ്രതിമകളുണ്ടെന്നാണ് പൂർവ്വവിദ്യാർഥിയെ ഉദ്ധരിച്ച് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പ്രധാന ഗേറ്റിന് സമീപത്തെ മുറിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർക്കപ്പെട്ടത്. എന്നാൽ ബി.ജെ.പി. പ്രവർത്തകർ ഒരിക്കലും ക്യാമ്പസിനകത്ത് കയറുകയോ പ്രതിമ തകർക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പി.യുടെ വാദം. എന്നാൽ ഗേറ്റ് തകർത്ത് അകത്തുകയറിയ കാവിവസ്ത്രധാരികൾ പ്രതിമ സ്ഥിതിചെയ്തിരുന്ന മുറിയുടെ വാതിലുകളും തകർത്തതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ആൾട്ട് ന്യൂസ് വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്. Vandalisation outside the room, bust being thrown around from Alt News on Vimeo. Courtesy: www.altnews.in Content Highlights:alt news fact checking claims made by bjp about vidhyasagar college violence and vidhyasagar statue vandalized
from mathrubhumi.latestnews.rssfeed http://bit.ly/2VI0ala
via
IFTTT
No comments:
Post a Comment