അമ്പലപ്പുഴ: ഹിമാലയത്തിൽ ആത്മീയയാത്രകൾ നടത്തിവന്ന യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളിൽ നാരായണപർവതത്തിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവാണ് (36) മരിച്ചത്. ആറുമാസം മുമ്പാണ് സൂരജ് രാജീവ് ധ്യാനത്തിനായി നാരായണ പർവതത്തിലേക്ക് പോയത്. നാരായണപർവതത്തിന് മുകളിലെ ഗുഹക്കരികിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുമ്പ് ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. തിങ്കളാഴ്ച ബദരീനാഥിൽ അച്ഛൻ രാജീവിന്റെ സാന്നിധ്യത്തിൽ അന്ത്യകർമങ്ങൾ നടന്നു. കംപ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയായ സൂരജ് പഠനം കഴിഞ്ഞതുമുതൽ യാത്രകളും ധ്യാനവുമായി ആത്മീയവഴിയിലാണ്. എക്സൈസ് വകുപ്പിൽ റിട്ട. സർക്കിൾ ഇൻസ്പെക്ടറും ആത്മീയപ്രവർത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തിൽ ടി.ആർ.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ്. കളമശ്ശേരി രാജഗിരി കോളേജിൽ എൻജിനീയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓൾഡ് ഡൊമിനിയൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു. അവിടെ നിന്നാണ് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓൺലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തിരഞ്ഞെടുത്തു. പുണ്യസ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുള്ള ഇദ്ദേഹം ഒടുവിൽ ബദരീനാഥിലാണ് കേന്ദ്രീകരിച്ചത്. കഴിഞ്ഞവർഷം ജൂണിൽ വീട്ടിലെത്തി മടങ്ങിയിരുന്നു. സെപ്റ്റംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്. നവംബറിൽ ബദരീനാഥ് ക്ഷേത്രത്തിൽ നടയടച്ചപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാൽ, സൂരജ് നാരായണപർവതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10-ന് ബദരീനാഥിൽ നട തുറന്നപ്പോൾ സൂരജിനെ കാണാതായതോടെ മറ്റുള്ളവർ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപർവതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കിരൺ രാജീവ്(കാനഡ), രോഷ്നി(കുവൈത്ത്) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങൾ. content highlights:himalayas,badrinath narayana temple
from mathrubhumi.latestnews.rssfeed http://bit.ly/2K6OqSt
via
IFTTT
No comments:
Post a Comment