ന്യൂഡൽഹി: ബി.ജെ.പി.ക്കെതിരേ ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കുംവിധത്തിലുള്ള രാഷ്ട്രീയസമീപനം കേരളത്തിലെ സി.പി.എമ്മിന്റെ പരാജയത്തിന് കാരണമായതായി പൊളിറ്റ്ബ്യൂറോയിൽ കേരളഘടകം. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ കേരള ഘടകത്തിന്റെ പടയൊരുക്കത്തെ അതേനാണയത്തിൽ മറുഭാഗം പ്രതിരോധിച്ചു. ബി.ജെ.പി.യെ മുഖ്യശത്രുവായി കണ്ടുള്ള രാഷ്ട്രീയനിലപാടിലൂന്നി പ്രചാരണം നടത്തുന്നതിൽ കേരളഘടകം വീഴ്ച വരുത്തിയെന്ന് യെച്ചൂരിപക്ഷം വാദിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്കുകാരണം ന്യൂനപക്ഷ ഏകീകരണമാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും പി.ബി തള്ളി. ശബരിമലവിധി ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് തിരിച്ചറിയുന്നതിൽ സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്നും പി.ബി വിമർശിച്ചു. അതേസമയം, കോൺഗ്രസ് സഹകരണമാണ് തോൽവിക്ക് കാരണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി കൈക്കൊണ്ട ഈ നിലപാട് അംഗീകരിക്കാനോ തള്ളാനോ പി.ബി. തയ്യാറായില്ല. ഇക്കാര്യം, സംസ്ഥാനസമിതിയിലും കേന്ദ്രകമ്മിറ്റിയിലും ചർച്ചയ്ക്കു വരട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങൾ യു.ഡി.എഫിന് വോട്ടുചെയ്തതെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ചതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിലുണ്ട്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ താൻ വായിച്ച ഇംഗ്ലീഷിലുള്ള പ്രസ്താവനയിൽ അത്തരമൊരു വിലയിരുത്തലില്ലെന്ന് യെച്ചൂരി പറഞ്ഞു. ദേശീയരാഷ്ട്രീയനിലപാടല്ല, ദേശീയരാഷ്ട്രീയസാഹചര്യം എന്നാണ് സെക്രട്ടേറിയറ്റ് ഉദ്ദേശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ കൈക്കൊണ്ട ലൈൻ ശരിയാണോ തെറ്റാണോയെന്ന് പാർട്ടിയുടെ നിലവിലെ രീതിയനുസരിച്ച് സംസ്ഥാനസമിതിയും കേന്ദ്രകമ്മിറ്റിയും ചർച്ചചെയ്ത് വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി കൊണ്ടുവന്ന രാഷ്ട്രീയലൈൻ സംസ്ഥാനനേതൃത്വം ചോദ്യംചെയ്യാൻ തുടങ്ങിയതോടെ, സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയും കേന്ദ്രകമ്മിറ്റിയുടെ അവലോകനവും നിർണായകമാവും. കേരളഘടകത്തിന്റെ വാദം * ദേശീയതലത്തിൽ സീതാറാം യെച്ചൂരി കൈക്കൊണ്ട രാഷ്ട്രീയനിലപാട് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചു * ദേശീയതലത്തിൽ സി.പി.എം. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പായതിനാൽ വോട്ട് ഇടതുപക്ഷത്തിനു നൽകേണ്ടതിനുപകരം, കോൺഗ്രസിനു നൽകിയാൽ മതിയെന്ന പ്രതീതിക്കും പ്രചാരണത്തിനും വഴിവെച്ചു * വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു പി.ബി.യുടെ വാദം * ശബരിമലവിധി ആർ.എസ്.എസും ബി.ജെ.പി.യും വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനും അതുവഴി രാഷ്ട്രീയനേട്ടമുണ്ടാക്കാനും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയാൻ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ല. അതാണ് വീഴ്ച * ന്യൂനപക്ഷ ഏകീകരണം തിരിച്ചടിക്കു കാരണമായി വിലയിരുത്തുന്നതു തെറ്റ് * ന്യൂനപക്ഷവോട്ട് നിർണായകമായ മണ്ഡലങ്ങളിൽ പാർട്ടിയുടെ വോട്ട് കൂടുകയാണുണ്ടായത് Content highlights:set back in Kerala, Deep discussion in CPM PB
from mathrubhumi.latestnews.rssfeed http://bit.ly/2WrCbqa
via
IFTTT
No comments:
Post a Comment