ഇടത് കോട്ടയായിട്ട് പോലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതിനോട് മുഖംതിരിഞ്ഞ് നിന്നിരുന്ന വടകരയെ ഇത്തവണ അടവുകൾ പതിനെട്ടും പയറ്റി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു എൽ.ഡി.എഫ്. കടത്തനാടൻ മണ്ണിൽ പയറ്റിത്തെളിഞ്ഞെ അടവുകൾക്ക് മൂർച്ച കൂട്ടി വടകര പിടിച്ചുനിർത്താൻ യു.ഡി.എഫ്ഒപ്പത്തിനൊപ്പം നിന്ന് പോരാടിയപ്പോൾ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറി വടകര. ഒരുലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പിയും പ്രചാരണത്തിൽ അണുവിട പിന്നോട്ട് പോവാതെ സജീവമായപ്പോൾ കടത്തനാടൻ മണ്ണ് മറ്റൊരു രാഷ്ട്രീയ പോരിനുകൂടി വേദിയായി. പക്ഷെ വോട്ടിംഗ് മെഷീൻ തുറന്നപ്പോൾ വടകര തിരിച്ചുപിടിക്കുക എന്ന ഇടതുപക്ഷത്തിന്റേയും സി.പി.എമ്മിന്റേയും സ്വപ്നം വീണ്ടും അഞ്ച് വർഷം അകലെയായി മാറിയിരിക്കുന്നു. കെ.മുരളീധരന്റെ വിജയം 84000 വോട്ടിന്റെ ഭൂരിപക്ഷത്തിനം മേൽ. സി.പി.എമ്മിന്റെ ഏറ്റവും ശക്തനായിരുന്ന ജില്ലാ സെക്രട്ടറി പി.ജയരാജനെ രംഗത്തിറക്കിയിട്ടും എൽ.ജെ.ഡിയെ കൂടെ കൂട്ടിയിട്ടും വടകര തിരിച്ചുപിടിക്കാൻ ഇത്തവണയും ഇടതിന് കഴിഞ്ഞില്ല. എന്നുമാത്രമല്ല പാർട്ടി വോട്ടുകൾ പോലും കൃത്യമായി ജയരാജനെത്തിക്കുന്നതിൽ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ മനസ്സിലാവുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായ വി.കെ സജീവൻ നേടിയ 76313 വോട്ടിനേക്കാൾ കൂടുതൽ വോട്ടാണ് ഇത്തവണ വടകരയിൽ വി.കെ സജീവൻ പിടിച്ചെടുത്തത്. ഇതോടെ ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിന് പോയി എന്ന സി.പി.എമ്മിന്റെ പ്രചാരണവും അസ്ഥാനത്തായി. അങ്ങനെവരുമ്പോൾ ഇടതുപക്ഷത്തിന്റെ ഈ വലിയ പരാജയത്തിന് കാരണമാര് എന്ന ചോദ്യം തന്നെയാവും വരും ദിവസങ്ങളിലും ഉയരുക. സ്ഥാനാർഥി പ്രഖ്യാപന സമയം മുതൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്തമണ്ഡലമായിരുന്നു വടകര. കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാർഥിയെ പി.ജയരാജനെതിരേ യു.ഡി.എഫ് രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറിയത്. കൊലപാതക രാഷ്ട്രീയം വലിയ ചർച്ചയായ മണ്ഡലത്തിൽ ഇതിനെ പ്രതിരോധിക്കാൻ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന രീതിയിൽ പി.ജയരാജൻ പ്രചാരണം നടത്തിയെങ്കിലും അതൊന്നും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയില്ല.എക്സിറ്റ് പോൾ ഫലങ്ങളിലും മുരളിക്ക് തന്നെയായിരുന്നു ജയം പ്രവചിച്ചിരുന്നത്. പക്ഷെ ഇത്രവലിയൊരു വിജയം മുരളി പോലും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല. വടകരയിലെ പ്രധാന ന്യൂനപക്ഷ മണ്ഡലങ്ങളായ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം വോട്ടിങ്ശതമാനം വലിയ തോതിൽ വർധിച്ചപ്പോൾത്തന്നെ യു.ഡി.എഫ് വിജയ പ്രതീക്ഷയിലായിരുന്നുവെങ്കിലും അത് ഇത്ര വലിയ വിജയം സമ്മാനിക്കുമെന്ന് കരുതിയില്ല. മാത്രമല്ല സി.പി.എം കോട്ടയായ കൂത്തുറമ്പിൽ പി.ജയരാജന് മുന്നേറാൻ കഴിഞ്ഞില്ല. യു.ഡി.എഫിന് വടകരയിൽ ഏക എം.എൽ.എയുള്ള മണ്ഡലമാണ് കുറ്റ്യാടി. ഇവിടെ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി 83.88 ശതമാനമാണ് പോളിങ് നടന്നത്. കെ.മുരളീധരന് 83000-ൽ അധികം വോട്ടിന്റെ ലീഡുംകുറ്റ്യാടി നൽകി. മറ്റ് പ്രധാന ന്യൂനപക്ഷ മണ്ഡലങ്ങളായ നാദാപുരത്ത് 82.55 ശതമാനവും പേരാമ്പ്രയിൽ 84.58 ശതമാനവും പോളിംഗ് നടന്നു. 85882 വോട്ടിന്റെ ലീഡാണ് നാദാപുരം നൽകിയത്.പേരാമ്പ്ര 80929 വോട്ടിന്റെ ലീഡും നൽകി.ഈ ന്യൂനപക്ഷ മേഖലകളിൽ നിന്നും കെ. മുരളീധരന് ലഭിച്ച വോട്ടിന്റെ വർധവ് തന്നെയാണ് യു.ഡി.എഫിന്റെ വിജയമുറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. തങ്ങളുടെ സ്വന്തം മണ്ഡലത്തേക്കാൾ കൂടുതൽ അഭിമാനമണ്ഡലം എന്ന രീതിയിൽ ലീഗ് വടകരയെ കണ്ടതും പ്രചാരണത്തിൽ സജീവമായി ഇടപെട്ടതും മൂലം ന്യൂനപക്ഷ വോട്ടുകൾ കൃത്യമായി മുരളിയിലേക്കെത്തിക്കാൻ സാധിച്ചുവെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമെ ആർ.എം.പിയുടെ പിന്തുണയോടെ പി.ജയരാജൻ വിരുദ്ധ വോട്ടുകൾ മുരളിയിലേക്കെത്തിക്കുന്നതിലും യു.ഡി.എഫ് വിജയിച്ചു.പാർട്ടി വോട്ടുകൾ പോറലേൽക്കാതെ ജയരാജന് ലഭിച്ചില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകളും നിശബ്ദ വോട്ടുകളും കൃത്യമായി കെ.മുരളീധരന് വിജയമൊരുക്കുകയും ചെയ്തു. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലത്തിൽ നേടിയ 3261 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നാണ് കെ. മുരളീധരൻ 84000-ലധികം വോട്ടിന്റെ ലീഡിലേക്ക് ഉയർന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടിയോളം വോട്ടിന്റെ വർധനവ്. മുല്ലപ്പള്ളിക്കെതിരേ കഴിഞ്ഞ തവണ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ ഷംസീർ 413173 വോട്ടുകളാണ് നേടിയതെങ്കിൽ ഇത്തവണ എൽ.ജെ.ഡി പിന്തുണയുണ്ടായിട്ട് പോലും 438883 വോട്ടാണ് പി.ജയരാജന് അവസാന റിപ്പോർട്ട് കിട്ടുമ്പോൾ നേടാനായത്. കഴിഞ്ഞ തവണത്തേക്കാൾ നേരിയ വർധനവ്. കഴിഞ്ഞതവണ 81.61 ശതമാനം വോട്ടിൽ നിന്ന് 82.41 ശതമാനത്തിലേക്ക് വോട്ടിംഗ് ഉയർന്നിരുന്നു. പക്ഷെ ഈ ഉയർന്ന വോട്ടുകളും പുതിയ വോട്ടുകളുമൊന്നും ജയരാജനെ തുണച്ചില്ല എന്നതാണ് യഥാർഥ്യം. Content Highlights:K Muraleedharan Won In Vadakara
from mathrubhumi.latestnews.rssfeed http://bit.ly/2VWRCY7
via
IFTTT
No comments:
Post a Comment