യുവനേതാവിനെ പരീക്ഷിക്കാനുളള സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് റെക്കോഡ് ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ നേടിയ വിജയം. ശക്തമായ പോരാട്ടം നടന്ന എറണാകുളം മണ്ഡലം ഇത്തവണയും യുഡിഎഫിനെയും കോൺഗ്രസിനെയും കൈവിട്ടില്ല. തുടക്കം മുതൽ തന്നെ ലീഡ് നിലനിർത്തിയ ഹൈബി ഈഡൻ എറണാകുളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 1,69,153വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. കെ.വി.തോമസിന് പകരക്കാരനായി താരതമ്യേന യുവാവായ ഹൈബി ഈഡൻ എത്തിയത് ആവേശത്തോടെയാണ് എറണാകുളം സ്വീകരിച്ചതെന്നതിന്റെ തെളിവാണ് ഈ വിജയം. ഇരുമുന്നണികൾക്കും പ്രധാനമായ മെട്രോ സിറ്റി തങ്ങളുടെ കൈപ്പിടിയ്ക്കുള്ളിൽ നിന്നത് കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഏറെ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് കെ.വി.തോമസിനു പകരം ഹൈബി ഈഡൻ വരുന്നത് മണ്ഡലത്തിൽ അനുകൂലമാകുമോ പ്രതികൂലമാകുമോ എന്ന് പാർട്ടിയ്ക്ക് തന്നെ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ, ഏറെക്കുറെ ഉറപ്പുള്ള മണ്ഡലത്തിൽ യുവ നേതാവിനെ കൊണ്ടുവരാൻ തന്നെയായിരുന്നു സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് താൽപര്യം. അതിന്റെ ഫലം വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു. എറണാകുളം എംഎൽഎ കൂടിയായ ഹൈബി മണ്ഡലത്തിലുള്ളവർക്ക് ഒട്ടുംതന്നെ അപരിചിതനായിരുന്നില്ല. മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയിരുന്നെങ്കിലും കോൺഗ്രസിന് സ്വാധീനമുള്ള മേഖലകൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും പരമ്പരാഗത വോട്ടുകൾ ഉറപ്പിക്കാനും ഹൈബി ശ്രദ്ധിച്ചിരുന്നു. വികസനത്തുടർച്ചയും കേന്ദ്രത്തിലെ ഭരണമാറ്റവുമായിരുന്നു പ്രധാന പ്രചാരണ വിഷയങ്ങൾ. എറണാകുളത്തെയും കേരളത്തിലെയും സാഹചര്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രചാരണം ഫലം കണ്ടെന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതും. വോട്ടുവിഹിതം ഉയർന്നു എന്നതിനൊപ്പം കഴിഞ്ഞ വട്ടം 51517 വോട്ടു നേടിയ ആം ആദ്മി പാർട്ടിയ്ക്ക് ഇത്തവണ സ്ഥാനാർഥി ഉണ്ടായിരുന്നില്ല എന്നതും ഹൈബിയ്ക്ക് തുണയായി. വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപമെത്തിയ ഹൈബിയെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഹൈബീ ഈഡാ നേതാവേ ഞങ്ങടെ ചങ്കിലെ നേതാവേ എന്നുറക്കെ മുദ്രാവാക്യം വിളിച്ച് ഹൈബിയെ എടുത്തുയർത്തി പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചു. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ഹൈബി ഈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം അനുകൂലമായിരുന്നു. കേരള സർക്കാരിന്റെ ധിക്കാരപരമായ നടപടികൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇത്. അതുകൊണ്ടുതന്നെ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയെടുക്കാൻ സാധിച്ചു. പല വിഷയങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാടും അതുപോലെ തന്നെ വർഗീയ ഭീകരതയ്ക്കെതിരെയുളള ഒരു നിലപാടും കേരളത്തിൽ ഉണ്ട് എന്നതെല്ലാം ഈ തിരഞ്ഞെടുപ്പിന്റെ വളരെ വലിയ സവിശേഷതകളാണ്. എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും വോട്ടും നേടാനായി. എല്ലാ വിഭാഗത്തിൽ നിന്നും ഉള്ള ആളുകളുടെ വോട്ടുകൾ എല്ലാ മേഖലയിൽ നിന്നും ലഭിച്ചു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ച് ഒരു വലിയ മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ സാധിച്ചു. ഹൈബി പറഞ്ഞു. മണ്ഡലത്തിൽ സുപരിചിതനായ മികച്ച പ്രതിച്ഛായയുള്ള പി.രാജീവിനെയാണ് സിപിഎം ഇത്തവണ എറണാകുളത്ത് കളത്തിലിറക്കിയത്. പാർട്ടി പ്രഖ്യാപനത്തിനു മുമ്പേ രാജീവിനായി വോട്ടഭ്യർഥിച്ച് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റു രണ്ടുപേരേക്കാൾ ഏറെ മുമ്പേ ആരംഭിച്ച പ്രചാരണവും രാജ്യസഭാ എംപിയായുള്ള മികച്ച പ്രവർത്തനവും രാജീവിനെ മണ്ഡലത്തിലെ ശക്തനായ പോരാളിയാക്കി. സെബാസ്റ്റ്യൻ പോളിനു ശേഷം എറണാകുളത്തെ പ്രതിനിധീകരിക്കുന്ന ഇടത് എംപിയാകുമോ രാജീവെന്നുവരെ ചർച്ചകൾ കൊഴുത്തു. രാജീവിന് ലഭിച്ച 3,22,110 വോട്ടുകൾ തന്നെ അതിനു സാക്ഷ്യം പറയും. 2014 തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിന് ലഭിച്ചത് 2,66,794 വോട്ടുകളായിരുന്നു. പ്രചാരണത്തിൽ രാജീവ് രണ്ടു ഘട്ടം പിന്നിടുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പെരുമയുമായ അൽഫോൺസ് കണ്ണന്താനം എൻഡിഎ സ്ഥാനാർഥിയായി ഡൽഹിയിൽനിന്ന് പറന്നിറങ്ങുന്നത്. ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വോട്ടുചോദിച്ച് വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ രംഗപ്രവേശം. ടൈം മാഗസിൻ കവർ ഉൾപ്പെടെ വിവാദങ്ങളുടെയും സോഷ്യൽ മീഡിയ ട്രോളുകളും അകമ്പടിയോടെയെങ്കിലും മൂന്നാഴ്ച കൊണ്ട് കണ്ണന്താനം മണ്ഡലത്തിൽ ഓടിനടന്ന് പ്രചാരണം നടത്തി. പ്രചാരണ രംഗത്തെ അദ്ദേഹത്തിന്റെ എനർജി എതിരാളികളിൽ പോലും മതിപ്പുണ്ടാക്കി. എ.എൻ.രാധാകൃഷ്ണന് എറണാകുളത്ത് കഴിഞ്ഞ തവണ ലഭിച്ച 99,003 നിന്ന് ബിജെപിയുടെ വോട്ടുവിഹിതം 1,37,749 ലേക്കുയർന്നതിന് പിന്നിൽ ബിജെപി പ്രഭാവത്തേക്കാൾ കണ്ണന്താനം പ്രഭാവമാണെന്ന് പറയേണ്ടിവരും. 5378വോട്ടുകളാണ് നോട്ടയ്ക്ക് എറണാകുളം മണ്ഡലത്തിൽ നോട്ടയ്ക്ക് ലഭിച്ചത്. Content highlights: Hibi Eden 2019Lok sabha Election
from mathrubhumi.latestnews.rssfeed http://bit.ly/2WlgY12
via
IFTTT
No comments:
Post a Comment