ന്യൂഡൽഹി: സുപ്രീം കോടതി മുൻജഡ്ജി ജസ്റ്റിസ് മദൻ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫിജിയിലെ സുപ്രീംകോടതിയിൽ ന്യായാധിപനാകുന്നത്. മദൻ ലോകുർ വിരമിച്ച 2018 ഡിസംബർ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിൽ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്. നിരവധി ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി. ഓഗസ്റ്റ് 15 ന് മദൻ ലോകുർ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കും. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവർത്തിച്ചുള്ള പരിചയം ഫിജിയിൽ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ താത്പര്യമുണർത്തുന്ന ക്ഷണമാണിതെന്നും അതിനാൽ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2005 മുതൽ സുപ്രീംകോടതിൽ മീഡിയേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു പരിചയമുള്ള ആളാണ് താനെന്നും ഇത്തരത്തിൽ രണ്ടുലക്ഷത്തോളം കേസുകളിൽ ഒത്തുതീർപ്പ് സാധ്യമാക്കിയിരുന്നതായും മദൻ ലോകുർ പറഞ്ഞു. മധ്യസ്ഥം വഹിക്കാനുള്ള തന്റെ കഴിവ് ഫിജിയിലും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തെ ന്യായാധിപന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം പറയുന്നു. വർഷത്തിൽ രണ്ടുതവണയായാണ് ഫിജി സുപ്രീംകോടതി പ്രവർത്തിക്കുന്നത്. ഒരു സെഷനിൽ നാല് ആഴ്ചയാണ് കോടതി പ്രവർത്തിക്കുക. 2012 ജൂൺ നാലിന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മദൻ ലോകുർ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവിൽ കർഷകർ, നിർമാണ മേഖലയിലെ തൊഴിലാളികൾ തുടങ്ങി നീതിലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളുടെ വിഷയങ്ങളിൽ സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോടതികളുടെ കംപ്യൂട്ടർവത്കരണം, ജുഡീഷ്യൽ വിദ്യാഭ്യാസം, നിയമസഹായം തുടങ്ങി ജുഡീഷ്യൽ രംഗത്തെ സുപ്രധാനമായ പരിഷ്കാരങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ലോകുർ.സ്വകാര്യത, ലൈംഗികചൂഷണക്കേസുകളിലെ ഇരകളുടെ തിരിച്ചറിയൽ വിവരങ്ങൾ പരസ്യപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ തീർപ്പുകല്പിച്ചത് ലോകുർ കൂടി ഉൾപ്പെട്ട ബെഞ്ചാണ്. Content Highlights: Justice Madan Lokur, Supreme court of India, Supreme Court of Fiji
from mathrubhumi.latestnews.rssfeed http://bit.ly/30mwtVB
via
IFTTT
No comments:
Post a Comment