ഇടതുപക്ഷം ഉറച്ച വിജയപ്രതീക്ഷ വച്ചുപുലർത്തിയ ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ അട്ടിമറി ജയം സ്വന്തമാക്കി രമ്യ ഹരിദാസ്. ഇടതും-വലതും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്ന് കരുതിയ മണ്ഡലത്തിൽ ഒന്നരലക്ഷത്തിലേറെവോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ യുവ വനിതാ സാരഥിയായ രമ്യയുടെ മിന്നുന്ന വിജയം. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിക്കുറിച്ചത്. 2008-ൽ ആലത്തൂർ ലോക്സഭാ മണ്ഡലം രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം സ്ഥാനാർഥി പികെ ബിജു വിജയിച്ച മണ്ഡലത്തിലാണ് സിറ്റിങ് എംപി ബിജുവിനെ തന്നെ അട്ടിമറിച്ച് മുപ്പത്തിമൂന്നുകാരിയായ രമ്യ ഹരിദാസ് ലോക്സഭയിലേക്കെത്തുന്നത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് രമ്യയുടെ കുതിപ്പ്. തരൂർ, ചിറ്റൂർ, നെൻമാറ, ആലത്തൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തവണ കോൺഗ്രസ് ഏറെ പിന്നിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആലത്തൂർ മണ്ഡലം രൂപകൃതമാകുന്നതിന് മുമ്പ് ഒറ്റപ്പാലമായിരുന്ന മണ്ഡലം 1993 മുതൽ ഇടതുപക്ഷത്തോടൊപ്പമാണ്. ഇടത്തോട്ടുള്ള തുടർച്ചയായ ഈ വിജയക്കുതിപ്പിന് കൂടിയാണ് ഇത്തവണ വിരാമമായത്. യുവ വനിതാ സ്ഥാനാർഥി എന്ന നിലയിൽ മണ്ഡലത്തിന് പുറത്തേക്ക് പോലും ലഭിച്ച അപ്രതീക്ഷിത ജനപ്രീതിയാണ് രമ്യയുടെ വിജയത്തിലേക്ക് വഴിവെച്ചത്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ രമ്യയ്ക്ക് ലഭിച്ച വലിയ സോഷ്യൽ മീഡിയ പിന്തുണ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കി. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പാട്ടുംപാടിയുള്ള സ്ഥാനാർഥിയുടെ വോട്ടുപിടുത്തം പോലും ആലത്തൂരിലെ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ഇടത് കോട്ടകളിൽനിന്ന് നിരവധി വോട്ടുകൾ ചോർന്നതും കോൺഗ്രസിന് അനുകൂലമായി. രമ്യയ്ക്കെതിരേ എ വിജയരാഘവൻ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും അതിന് പിന്നാലെയുള്ള കേസും മണ്ഡലത്തിൽ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായും മാറി. ഇതിനൊപ്പം മണ്ഡലത്തിലെ പോസ്റ്റർ വിവാദവും രമ്യയുടെ പ്രചാരണ രീതിയെ പരിഹസിച്ചുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും പിന്നീടുള്ള മറുവാദങ്ങളും മണ്ഡലത്തെ ലൈവാക്കി നിർത്തി. സംസ്ഥാനത്തെ പ്രചാരണ വേളകളിലുടനീളമുള്ള സോഷ്യൽ മീഡിയ ചർച്ചകളിലും ആലത്തൂർ മണ്ഡലം ട്രെന്റിങ്ങിലേക്ക് വന്നെത്തി. മഴനിഴൽപ്രദേശമായ വടകരപ്പതിമേഖല, പഴയ ആദിവാസിമേഖല ഉൾക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുൾപ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യകേന്ദ്രമായ കുന്നംകുളം. ഇങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാർഷികമണ്ഡലമാണ് ആലത്തൂർ. കാർഷികമേഖലയിലെ ചലനങ്ങളും കുടിവെള്ളവുമൊക്കെ ഇത്തവണയും തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയങ്ങളായി. കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ ബിജുവിന് സാധിക്കാതിരുന്നതും ജനങ്ങളെ മാറ്റിചിന്തിപ്പിച്ചെന്നു വേണം വിലയിരുത്താൻ. ചിറ്റൂർ മേഖലയിലടക്കം കുടിവെള്ള പ്രശ്നം രൂക്ഷമായത് കാരണം കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ മണ്ഡലത്തിൽ ഏകദേശം എണ്ണായിരത്തോളംവോട്ടുകളാണ് നോട്ടയിലേക്ക് പോയത്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലവും ആലത്തൂരാണ്. ചേലക്കര എംഎൽഎയും മുൻ സ്പീക്കറുമായ കെ രാധാകൃഷ്ണൻ സ്ഥാനാർഥിയായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ടായെങ്കിലും ഏറെ നേരത്തെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട സിപിഐഎം പികെ ബിജുവിന് മൂന്നാമതും അവസരം നൽകി. തൊട്ടുപിന്നാലെ കോൺഗ്രസ് പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാർഥിയായി കോഴിക്കോടുനിന്ന് രമ്യ ഹരിദാസിന്റെ കടന്നുവരവ് യുഡിഎഫ് ക്യാമ്പിനെ വളരെപ്പെട്ടെന്ന് തന്നെ ഊർജസ്വലമാക്കി. പ്രചാരണത്തിന്റെ തുടക്കത്തിൽ പികെ ബിജു വിജയം ഉറപ്പിച്ച മണ്ഡലത്തിൽ പ്രചാരണം പകുതി പിന്നിട്ടപ്പോഴെക്കും ഏറെക്കുറെ ഇടത്-വലത് തുല്യ പോരാട്ടത്തിന്റെ ചൂടിലേക്ക് മാറിയിരുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയില്ലാത്ത ആലത്തൂരിൽ എൻഡിഎ പക്ഷത്ത് ബിഡിജെഎസ് സ്ഥാനാർഥിയായി ടിവി ബാബു എത്താൻ ഏറെ വൈകിയത് എൻഡിഎയ്ക്കും തിരിച്ചടിയായി. പാലക്കാട് ജില്ലയിലെ നാലും തൃശ്ശൂർ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലത്തൂർ. തരൂർ, ചിറ്റൂർ, നെൻമാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം ഇത്തവണ കോൺഗ്രസിന് ലഭിച്ചു. 2014-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പികെ ഷീബയെ പിന്നിലാക്കി ഏഴിടങ്ങളിലും പികെ ബിജു മുന്നിലെത്തിരുന്നു. ആലത്തൂരിൽ മാത്രം പതിനായിരത്തിലേറെ വോട്ടിന് മുന്നിലെത്തിയ ബിജു ചിറ്റൂരിൽ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു. തരൂരിലും നെന്മാറിയിലും ലീഡ് അഞ്ചായിരത്തിനടത്തും. രമ്യയുടെ അപ്രതീക്ഷിത കുതിപ്പിൽ ഈ കണക്കുകളൊന്നും ഇത്തവണ കോൺഗ്രസിന് വെല്ലുവിളി ഉയർത്തിയതേ ഇല്ല. അതോടൊപ്പം തന്നെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ചെറിയ തോതിൽ വോട്ടുവിഹിതം വർധിപ്പിക്കാൻ സിപിഐ മുൻ നേതാവ് കൂടിയായ ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബുവിലൂടെ എൻഡിഎ ക്യാമ്പിനും സാധിച്ചു. നിയമസഭ തിരിച്ച് ലീഡ് നില തരൂർ ചിറ്റൂർ നെന്മാറ ആലത്തൂർ ചേലക്കര കുന്നംകുളം വടക്കാഞ്ചേരി 2014,എല്ലായിടത്തും എൽഡിഎഫ് മുന്നിൽ 4947 6497 4915 10521 3958 3817 2663 2019,എല്ലായിടത്തും യുഡിഎഫ് മുന്നിൽ 24839 23295 29898 22713 23695 14322 19540 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിന് കീഴിലുള്ള വടക്കാഞ്ചേരി ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നിരുന്നു. വടക്കാഞ്ചേരിയിൽ 43 വോട്ടിന് വിജയം കൈപ്പിടിയിലൊതുക്കിയ അനിൽ അക്കര മാത്രമാണ് യു.ഡി.എഫ് നിരയിൽ വിജയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി യു.ഡി.എഫിനെക്കാൾ 91,760 വോട്ടുകൾ കൂടുതൽ നേടി. എന്നാൽ ഈ കണക്കുകളെല്ലാം ഇത്തവണ സംസ്ഥാനത്തെ കോൺഗ്രസ് തരംഗത്തിൽ തിരുത്തിക്കുറക്കപ്പെട്ടു. സംസ്ഥാനത്ത് ആലപ്പുഴ, ചാലക്കുടി, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ എന്നീ മണ്ഡലങ്ങൾക്കൊപ്പം ഇത്തവണ 80 ശതമാനത്തിലേറെ പോളിങ് നടന്ന മണ്ഡലമാണ് ആലത്തൂർ. 80.33 ശതമാനമായിരുന്നു പോളിങ്. 2014 നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളം ഉയർന്ന പോളിങ് ഇരുപക്ഷത്തിനും അവസാനഘട്ടം വരെ ഒരുപോലെ പ്രതീക്ഷകൾ നൽകിയെങ്കിലും അന്തിമ ഫലത്തിൽ ഇത് കോൺഗ്രസിനും രമ്യ ഹരിദാസിനും തുണയായി... രാഹുൽ ഗാന്ധി കണ്ടെത്തിയ നേതാവ്... കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് മഹിള കോൺഗ്രസ് നേതാവായിരുന്ന അമ്മ രാധയുടെ വഴിയേയാണ് പൊതുപ്രവർത്തന രംഗത്തേക്കെത്തിയത്. കെഎസ്യു വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളരെപ്പെട്ടെന്ന് രാഷ്ട്രീയത്തിൽ ശോഭിക്കാനും രമ്യയ്ക്ക് സാധിച്ചു. ആറ് വർഷങ്ങൾക്കു മുമ്പ് ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ എന്ന രാഷ്ട്രീയക്കാരി വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നാടൻ പാട്ടുകളും മറ്റും കലർത്തിയ പ്രസംഗ ശൈലിയും ജനങ്ങൾക്കിടയിൽ ഏറെ സ്വീകരിക്കപ്പെട്ടു. ഇത്തവണ ആലത്തൂരിലെ പ്രചാരണ വേളയിലും ഇതേ ആയുധം പുറത്തെടുത്തായിരുന്നു രമ്യയുടെ പ്രചാരണങ്ങളത്രയും. ആലത്തൂരിന്റെ പെങ്ങളൂട്ടി എന്ന വിശേഷണം വരെ കോൺഗ്രസ് സോഷ്യൽ മീഡിയ അണികൾ രമ്യയ്ക്ക് ചാർത്തി നൽകി. ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ രാജി വയ്ക്കുകയും ചെയ്തിരുന്നു. Content Highlights; Ramya Haridas, Alathur Constituency Result, Loksabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2Qf2JFs
via
IFTTT
No comments:
Post a Comment