നെയ്യാറ്റിൻകര: കർഷകരെടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം നിലനിൽക്കേ, പൊതുമേഖലാ ബാങ്കിന്റെ ജപ്തിനടപടി അമ്മയുടെയും മകളുടെയും ജീവനെടുത്തു. നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട 'വൈഷ്ണവി'യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യുമാണ് തീകൊളുത്തി മരിച്ചത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെ ഇവർ ജീവനൊടുക്കുകയായിരുന്നു. 15 വർഷംമുൻപ് കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന് പത്ത് സെന്റ് സ്ഥലം ഇൗടുവെച്ച് ചന്ദ്രൻ അഞ്ചുലക്ഷം രൂപ ഭവനവായ്പയെടുത്തിരുന്നു. ഇതിൽ കുടിശ്ശിക വരുത്തിയതിനാണ് ജപ്തിനടപടിയുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കകം കുടിശ്ശിക അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തിചെയ്യുമെന്ന് ബാങ്ക് അധികൃതർ ഇവരെ അറിയിച്ചിരുന്നു. ഇതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണസംഭവം നടന്നത്. വീടുവിറ്റ് കടം തീർക്കാനാണ് ഇവർ തീരുമാനിച്ചത്. ഇതിനായി ഏൽപ്പിച്ച ഇടനിലക്കാരൻ ചൊവ്വാഴ്ച രാവിലെ പണം നൽകുമെന്നറിയിച്ചു. എന്നാൽ, ഇയാൾ പണം എത്തിച്ചില്ല. ഇതോടെ ലേഖയും വൈഷ്ണവിയും മുറിയിൽക്കയറി കുറ്റിയിട്ട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം ഭർത്താവ് ചന്ദ്രൻ വീടിനുപുറത്തായിരുന്നു. മുറിയിൽനിന്ന് നിലവിളിയും പുകയും ഉയരുന്നതുകണ്ട് ചന്ദ്രൻ വാതിൽ തള്ളിത്തുറക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. സമീപവാസിയുമായി എത്തി കതക് ചവിട്ടിത്തുറക്കുമ്പോഴേക്കും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പെട്ടെന്ന് വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും വൈഷ്ണവി മരിച്ചു. ഉടൻതന്നെ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴോടെ മരിച്ചു. പനച്ചമൂട് വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിയാണ് വൈഷ്ണവി. സംഭവത്തെത്തുടർന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും കനറാബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയ്ക്കുമുന്നിൽ പ്രതിഷേധിച്ചു. ദുബായിൽ ജോലിചെയ്യുകയായിരുന്ന ചന്ദ്രൻ ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. എടുത്ത വായ്പയിൽ എട്ടുലക്ഷത്തോളം രൂപ പലപ്പോഴായി അടച്ചു. ഇനി 6.85 ലക്ഷംകൂടി അടയ്ക്കണം. വായ്പാകുടിശ്ശിക അടയ്ക്കാത്തതിനെത്തുടർന്ന് ബാങ്കുകാർ കോടതി ഉത്തരവുമായി ഒന്നരമാസംമുൻപ് ജപ്തിക്കായി എത്തിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ജപ്തി നിർത്തിവെച്ചു. ഒന്നരമാസത്തിനകം വീടും സ്ഥലവും വിറ്റ് കുടിശ്ശിക തീർക്കാമെന്ന് ധാരണയുണ്ടാക്കി. വീട് വിൽക്കാനായി ചന്ദ്രൻ പല ഇടനിലക്കാരുമായി ബന്ധപ്പെട്ടെങ്കിലും വിൽപ്പന നീണ്ടു. ഇതാണ് തുകയടയ്ക്കാൻ കഴിയാതെവന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ വെള്ളറട സി.ഐ.ക്കാണ് അന്വേഷണച്ചുമതല. മൊറട്ടോറിയം ലംഘിച്ചെന്ന് സർക്കാർ ബാങ്കിന്റെ ജപ്തിനടപടിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സൂചനനൽകി കളക്ടറുടെ റിപ്പോർട്ട്. ബാങ്കിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് മന്ത്രിമാരും പ്രതികരിച്ചു. മൊറട്ടോറിയം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജപ്തിനടപടി സ്വീകരിക്കുന്നതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ബാങ്ക് ജനറൽ മാനേജരെ വിളിച്ച് അന്വേഷിച്ചു. നടപടിയിൽ അതൃപ്തി അറിയിക്കുകയും ചെയ്തു. റവന്യൂമന്ത്രിയാണ് കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയതും. വൈഷ്ണവി മരിച്ചതിനുശേഷവും ലേഖ മരിക്കുന്നതിനുമുമ്പുമാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഥലം സന്ദർശിച്ച് അടിയന്തര റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്. ഇതിൽ നെയ്യാറ്റിൻകര കനറാബാങ്കിലെ കടത്തെക്കുറിച്ചും ബാങ്ക് സ്വീകരിച്ച ജപ്തി നടപടികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. കർഷകരുടെ എല്ലാ വായ്പകൾക്കും സംസ്ഥാനത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ ഇതിന്റെ ഉത്തരവിറക്കാനായില്ല. എങ്കിലും ബാങ്കേഴ്സ് സമിതിയിൽ സർക്കാർ തീരുമാനം അംഗീകരിച്ചതും ഇത് റിസർവ് ബാങ്കിന് നൽകിയതുമാണ്. ഉത്തരവിറങ്ങിയില്ലെന്നതിന്റെപേരിൽ മൊറട്ടോറിയം ബാധകമാക്കാതിരിക്കാനാവില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ബാങ്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. നാൽപ്പതുലക്ഷത്തിൽ തുടങ്ങിയ വിലപേശൽ ഇടനിലക്കാർ എത്തിച്ചത് 24 ലക്ഷത്തിൽ നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കാൻ കാരണക്കാരായവരിൽ പ്രധാനികൾ വസ്തുകച്ചവടത്തിലെ ഇടനിലക്കാർ. വായ്പകുടിശ്ശിക തീർക്കാൻ ഒരു വർഷംമുന്പ് തുടങ്ങിയ ചന്ദ്രന്റെ ശ്രമം നീട്ടിക്കൊണ്ടുപോയത് ഇടനിലക്കാരാണ്. 40 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനം ഇടനിലക്കാർ എത്തിച്ചത് 24 ലക്ഷത്തിൽ. ഈ തുകയും അവസാനനിമിഷംവരെ നൽകാത്തതിനെത്തുടർന്നാണ് രണ്ടുപേർക്കും ജീവനൊടുക്കേണ്ടിവന്നത്. 15 വർഷംമുമ്പാണ് ചന്ദ്രൻ ബാങ്കിൽനിന്ന് വായ്പയെടുത്തത്. കുടിശ്ശിക വർധിച്ചതോടെ ഒരു വർഷംമുമ്പാണ് ചന്ദ്രനും കുടുംബവും വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. ഒരു വർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാമെന്നാണ് ഇടനിലക്കാർ പറഞ്ഞിരുന്നത്. ഈ പണംകൊണ്ട് വായ്പാ കുടിശ്ശിക തീർത്ത് ബാക്കി പണത്തിന് കുറഞ്ഞവിലയ്ക്ക് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാമെന്നാണ് ചന്ദ്രൻ കരുതിയത്. എന്നാൽ, കച്ചവടം പലകാരണങ്ങളാൽ നടക്കാതെപോയി. ആറുമാസംമുമ്പ് ചന്ദ്രൻ ദുബായിൽനിന്ന് തിരിച്ചെത്തിയശേഷം വീണ്ടും ഇടനിലക്കാരെ കണ്ടു. പിന്നീട് നേരത്തേ പറഞ്ഞ വില ഇടനിലക്കാർ കുറയ്ക്കാൻ തുടങ്ങി. ഒന്നരമാസംമുമ്പ് ജപ്തി നടത്താൻ ബാങ്കുകാർ എത്തിയപ്പോൾ ഇടനിലക്കാരും എത്തി പണം ഉടൻ അടച്ചുതീർക്കാമെന്ന് ബാങ്കുകാരെ അറിയിച്ചു. അഡ്വാൻസ് തുകകൊണ്ട് വായ്പ അടയ്ക്കുമെന്നും കച്ചവടം നടന്നശേഷം ബാക്കി തുകയും നൽകാമെന്നുമായിരുന്നു ഇടനിലക്കാർ ഉറപ്പുനൽകിയത്. പിന്നീട് വീണ്ടും ഒന്നരമാസം കച്ചവടം നടക്കാതെ നീണ്ടുപോയി. അവസാനം തിങ്കളാഴ്ച പണം നൽകുമെന്ന് ഉറപ്പുനൽകി. അന്നും നൽകിയില്ല. ചൊവ്വാഴ്ച പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രൻ ഫോണിൽ സംസാരിച്ചു. അപ്പോഴെല്ലാം അഡ്വാൻസ് തുക ഉച്ചയ്ക്കുമുമ്പായി കൈമാറുമെന്ന് പറഞ്ഞു. ഇടനിലക്കാരെ മാറിമാറി വിളിച്ചെങ്കിലും ഉച്ചയായിട്ടും പണമെത്തിയില്ല. ഈ സമയം ചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന ലേഖയും മകൾ വൈഷ്ണവിയും വീട്ടിലേക്കുപോയി. നിമിഷങ്ങൾക്കകം നിലവിളികേട്ടു, പുക ഉയരുന്നത് കാണുകയും ചെയ്തു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ഈ വീട്ടിലാണ് താമസിക്കുന്നത്. ഷൺമുഖന്റെയും തുളസിയുടെയും മകളാണ് ലേഖ. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലേഖയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അഞ്ചുലക്ഷം വായ്പ; എട്ടുലക്ഷം അടച്ചു, ആറേമുക്കാൽ ലക്ഷം കുടിശ്ശിക ദുബായിൽ കൂലിപ്പണിക്കാരനായ ചന്ദ്രൻ ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വീടുവെച്ചെങ്കിലും സാമ്പത്തികബാധ്യത കാരണം പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പലപ്പോഴും കുടിശ്ശിക അടയ്ക്കാനായി ബാങ്കിൽനിന്ന് നോട്ടീസ് കിട്ടിയിരുന്നു. കുടിശ്ശിക വർധിക്കുമ്പോൾ ഒരുമിച്ച് കുറെ പണമടയ്ക്കുമായിരുന്നു. എട്ടുലക്ഷം രൂപ പലപ്പോഴായി അടച്ചു. എന്നിട്ടും ആറേമുക്കാൽ ലക്ഷം കുടിശ്ശികവന്നു. ഒന്നരമാസംമുന്പ് വീണ്ടും ജപ്തിനോട്ടീസ് എത്തി. എന്നാൽ, നാട്ടുകാർ ജപ്തി തടസ്സപ്പെടുത്തി. ഒന്നരമാസത്തിനകം കുടിശ്ശിക തീർക്കണമെന്ന് ബാങ്കുകാർ പുതിയ ഉപാധിവെച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കിൽനിന്നും ചന്ദ്രന് വിളിയെത്തി, ഉച്ചയ്ക്കകം പണമടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന്. കടം തീർക്കാമെന്നെഴുതി നൽകി; ലേഖയും വൈഷ്ണവിയും ഒപ്പിട്ടു നെയ്യാറ്റിൻകര: സർ, ഞാൻ ബാങ്കിന് നൽകാനുള്ള ബാധ്യതയായ 6,80,000 രൂപയും മറ്റു ചെലവുകളും 14-ാം തീയതി 12.30-ന് മുമ്പ് അടച്ചുതീർക്കാം. അല്ലാത്തപക്ഷം ജപ്തിനടപടികളുമായി ബാങ്കിന് മുന്നോട്ടുപോകാം- ഒന്നര മാസം മുന്പ് ജപ്തിനടപടികൾക്കായി വീട്ടിലെത്തിയ ബാങ്ക് നിയോഗിച്ച അഭിഭാഷക കമ്മിഷന് ചന്ദ്രനും കുടുംബവും എഴുതിക്കൊടുത്ത കത്തിലെ വരികളാണിത്. ഇതിൽ ചന്ദ്രനും ഭാര്യ ലേഖയും മകൾ വൈഷ്ണവിയും ഒപ്പിട്ടിട്ടുണ്ട്. അയൽവാസികളായ രണ്ടുപേർ സാക്ഷികളുമാണ്. ജപ്തിവേണ്ടെന്ന് സർക്കാർ നയം ആരുടെയും കിടപ്പാടം ജപ്തിചെയ്യരുതെന്നാണ് സർക്കാർ നയം. സംഭവത്തിൽ വിശദീകരണം തേടും. ബാങ്കേഴ്സ് സമിതിയിൽ ഇക്കാര്യം ഉന്നയിക്കും. സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും -മന്ത്രി തോമസ് ഐസക് content highlights:Kerala: Mother-daughter duo commit suicide
from mathrubhumi.latestnews.rssfeed http://bit.ly/2vVfYlq
via
IFTTT
No comments:
Post a Comment