Representative image അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു നക്സൽബാരിയിലെ കൂട്ടക്കുരുതിക്ക്. ജന്മിവാഴ്ച്ചയുടെ അടിച്ചമർത്തലിനെതിരെ ഒരുകൂട്ടം മനുഷ്യർ നടത്തിയ ചെറുത്തുനിൽപ്പാണ് വെടിവെപ്പിൽ അവസാനിച്ചത്. കൃഷിഭൂമിയിൽ യാതൊരു അതീശത്വവും ഇല്ലാതെ, ജന്മിക്ക് വേണ്ടി പാടത്ത് ചോരയൊഴുക്കിയ ജനത ഒടുവിൽ മുഷ്ട്ടി ചുരുട്ടുകയായിരുന്നു.സ്വാഭാവികമായി നീതി ലഭ്യമാക്കില്ലെന്ന തിരിച്ചറിവായിരുന്നു സമരങ്ങൾക്ക് വഴിവച്ചത്. ബംഗാളിലെ കാഞ്ചൻജംഗയിലാണ് നക്സൽബാരി എന്ന കാർഷിക ഗ്രാമം. നോക്കെത്താ ദൂരത്തോളം ഗോതമ്പും നെല്ലും വിളഞ്ഞു കിടക്കുന്ന ഭൂപ്രദേശം. ഇന്ത്യൻ ഗ്രാമങ്ങളുടെ കലർപ്പില്ലാത്ത എസ്സെൻസ് എന്ന് വിശേഷിപ്പിക്കാവുന്ന ഇടം. നാടൻ പാട്ടുകളും, നാട്ടുവഴികളും മണ്ണ് പൊന്നാക്കുന്ന നിസ്വാർഥരായ ഒരു കൂട്ടം മനുഷ്യരും. എന്നാൽ പച്ചപിടിച്ച നാട്ടുവഴികൾ ചുവപ്പണിയാൻ സ്വാതന്ത്രത്തിന് ശേഷം അധിക നാൾ വേണ്ടി വന്നില്ല. സ്വതന്ത്രാനന്തര ഇന്ത്യ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മുന്നേറ്റമായിരുന്നു പിന്നീട് അവിടെ നടന്നത്. കാരണങ്ങൾ പലതായിരുന്നു. രാജ്യം കടന്നുപോയ രണ്ട് യുദ്ധങ്ങൾ ബംഗാളിന് സമ്മാനിച്ച കൊടുംപട്ടിണിയും,ഭൂപ്രഭുക്കന്മാരുടെ നരനായാട്ടും പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടി.ചൈനയുമായുള്ള യുദ്ധത്തെ തുടർന്ന് കമ്യുണിസ്റ്റ് പാർട്ടി പിളർന്നതും ഈ കാലത്താണ്. രാജ്യത്ത് ഉടനീളം ഗ്രാമങ്ങളെ പട്ടിണിമരണങ്ങൾ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടു.കൊടും പട്ടിണിയും ഭൂപ്രഭുക്കന്മാരുടെ പീഡനങ്ങളും അസംഘടിതരായ കർഷക ജനതയെ ഒരുമിപ്പിച്ചു. കനു സന്യാൽ, ചാരു മജൂംദാർ, ജംഗൽ സന്താൽ തുടങ്ങിയവർ കർഷകർക്ക് കരുത്ത് പകർന്നു.വിതക്കാനും കൊയ്യാനും ജന്മിയുടെ അടിയേറ്റ് ചാവാനും മാത്രമാണ് ജീവിക്കുന്നത് എന്ന് കരുതിയ ഒരു ജനതയെ സമരം ചെയ്യാൻ അവർ പ്രാപ്തരാക്കി. നിരന്തര സമരങ്ങൾ ജന്മി കോട്ടകളിൽ വലിയ അസ്വസ്ഥതകൾ ആണ് ഉണ്ടാക്കിയത്.തുടർന്ന് കൂലിപ്പടയേയും പോലീസിനെയും ഉപയോഗിച്ച് ശാരീരികമായി കർഷകരെ നേരിടാൻ ഭൂമാടമ്പിമാർ തീരുമാനിച്ചു. സംഘർഷങ്ങൾ തുടർക്കഥയായി.വീണ്ടും വീണ്ടും കർഷകന്റെ ചോര മണ്ണിൽ വീണുകൊണ്ടേയിരുന്നു. അതിജീവനത്തിനായി ആയുധം എടുക്കാൻ കർഷക ജനത നിർബന്ധിപ്പിക്കപ്പെട്ടു.തുടർന്ന് ഖുദാൻ മല്ലിക്കിന്റെ നേതൃത്വത്തിൽ അമ്പും വില്ലും എടുത്ത് ചെറുത്തുനിൽപ്പ് ശക്തമാക്കി. എന്നാൽ ഭൂപ്രഭുത്വത്തിന്റെ സാധ്യതകൾക്ക് മുന്നിൽ എല്ലാം നിഷ്ഫലമായി. ഇനിയും പിടിച്ചു നിൽക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞ ഏതാനും പേർ ഖുദാൻ മല്ലിക്കിന്റെ നേതൃത്വത്തിൽ രാജ്യം വിട്ടു.വിപ്ലവകാരികൾ വിരണ്ടോടി എന്ന് കരുതിയ ഭൂപ്രഭുക്കന്മാരും ഗുണ്ടാപ്പടയും ആശ്വസിച്ചു.എന്നാൽ പിന്നീടാണ് തിരിച്ചറിഞ്ഞത്, ആയുധ പരിശീലനത്തിനായി മാവോ സേ തൂങ്ങിനെ കാണാൻ ചൈനയിലേക്കാണ് അവർ പോയതെന്ന്. വൈകാതെ തിരിച്ചെത്തിയ അവർ പ്രത്യശാസ്ത്രത്തിലെ തീക്കനൽ പോലെ ശരീരത്തെയും പ്രതിരോധത്തിനായി പാകപ്പെടുത്തിയിരുന്നു. 1967 മെയ് 24ന് പോലീസ് നരനായാട്ടിൽ പൊറുതിമുട്ടിയ കർഷകർ ജാരുജോട്ടെ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. അതിതീവ്രമായ ഏറ്റുമുട്ടലാണ് അവിടെ നടന്നത്.മൂന്ന് പോലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ഇൻസ്പെക്ടർ സോനം വാങ്ങ്ഡി കൊല്ലപ്പെടുകയും ചെയ്തു. ഇതിനുള്ള മറുപടി ആയാണ് പോലീസ് അടുത്തദിവസം നടത്തിയ നരനായാട്ട്. രാഷ്ട്രീയമായി വലിയ സ്വാധീന ശക്തിയല്ലാത്ത കർഷക ജനതക്ക് നേരെ കാഞ്ചിവലിക്കാൻ ഒട്ടും ചിന്തിക്കേണ്ടി വന്നില്ല കാക്കിപ്പടയ്ക്ക്. പോലീസ് വെടിവെപ്പിൽ എട്ട് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടു.ആ ചോരവീണത് നക്സൽ ബാരിയിൽ ആണെങ്കിലും രാജ്യം മുഴുവൻ അത് പടർന്നൊഴുകി.ഇത് മാവോയിസ്റ്റ് മുന്നേറ്റങ്ങൾക്ക് രാജ്യത്ത് ആക്കം കൂട്ടി.ഒപ്പം സായുധ ഗറില്ലാ സമരമുറയ്ക്ക് പ്രേരിപ്പിക്കുന്നതിലേക്കും വഴിവച്ചു. അസാധാരണമാം വിധം ചുവപ്പ് ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് പടർന്നു.അത് യുവരക്തങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.അസിം ചാറ്റർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിലേക്ക് കാട്ടുതീ പോലെ പടർന്നു. മാവോയെ ഇന്ത്യ പഠിക്കാൻ തുടങ്ങി. ഒപ്പം അറിയാനും ആരാധിക്കാനും. മാവോ മുന്നോട്ട് വച്ച സാംസ്കാരിക വിപ്ലവം ഇന്ത്യയിലെ യുവരക്തങ്ങൾക്കിടയിൽ ചർച്ചയായി.രക്തം തിളച്ചു മറിഞ്ഞവർ മാവോയെ നെഞ്ചേറ്റി. കൂറ്റൻ അതിർത്തികൾക്കിപ്പുറം മാവോ തീക്കാറ്റായി. നക്സൽ ബാരിയിൽനിന്നും കേരളത്തിലേക്ക് കാട്ടാറുകളിലൂടെ കുതിച്ചെത്തിയിരുന്നു വിപ്ലവം. രക്തരൂഷിതമായ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് ബംഗാളിൽ ആണെങ്കിലും,ആന്ധ്രയും തെലങ്കാനയും കടന്ന് വയനാടൻ കാടുകളിലെത്താൻ അധികസമയം വേണ്ടിവന്നില്ല. വയനാടിന്റെ തണുത്തുറഞ്ഞ് കിടക്കുന്ന നിശ്ശബ്ദ വനമേഖലയെ അത് ചുട്ടുപൊള്ളിച്ചു. ചുരമിറങ്ങി മലയാള നാടാകെ പടരാൻ അതിന് അധികം സമയം വേണ്ടി വന്നിരുന്നില്ല. കുന്നിക്കൽ നാരായണൻ,മന്ദാകിനി,ഫിലിപ്പ്,കെ പി നാരായണൻ മാസ്റ്റർ തുടങ്ങിയവർ കേരളത്തിൽ വിപ്ലവ ചിന്തയുടെ പുതിയ തീ പടർത്തി. മറ്റ് സംസ്ഥാനങ്ങളിൽ കർഷകജനത നേരിടേണ്ടി വന്ന പ്രതിസന്ധികളിൽനിന്നും വിഭിന്നമായിരുന്നു കേരളത്തിലേത്.എങ്കിലും ആദിവാസി ജന വിഭാഗങ്ങൾക്കിടയിൽ സ്ഥിതി ദയനീയമായിരുന്നു.കേരളത്തിന്റെ ഓരോ നഗരവും അവരെ വീണ്ടും വീണ്ടും കാട് കയറ്റികൊണ്ടിരുന്നു.അവർക്കിടയിലേക്കാണ് പുതിയ പ്രതീക്ഷകളുടെ വിത്ത് വിതച്ച് വിപ്ലവകാരികൾ ചുരം കയറുന്നത്. സംഘടന അതിവേഗം വയനാട്ടിൽ ചുവന്ന് പൂത്തു.എങ്കിലും ചെറിയ ഇടപെടലുകൾക്ക് അപ്പുറത്ത് പോയില്ല.നിസ്സഹായരായ ജനതക്ക് മുകളിൽ ഭരണകൂടത്തിന്റെയും,ഭൂപ്രമാണിമാരുടെയും അടിച്ചമർത്തലുകൾ തുടർന്നുകൊണ്ടേ ഇരുന്നു. തങ്ങൾ ശക്തരെന്ന് ഭരണകൂടത്തെ അറിയിക്കാൻ വിപ്ലവകാരികൾ സ്വയം തയ്യാറാവേണ്ട അവസ്ഥ സംജാതമായി. കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ കോഴിക്കോട് വച്ച് നടന്ന രഹസ്യയോഗം ഒടുവിൽ സായുധ സമരത്തിന് സജ്ജരായി.പുൽപ്പള്ളി-തലശ്ശേരി സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ ശേഖരിക്കുക, അധികാരം പിടിക്കുക ഇതായിരുന്നു പ്ലാൻ. ഒറ്റ കേസായാണ് തലശ്ശേരി-പുൽപ്പള്ളി കേസ് രജിസ്റ്റർ ചെയ്തത്. പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തിൽ വയർലെസ്സ് ഓപ്പറേറ്റർ ആയ ഹവിൽദാർ കൃഷ്ണൻ കുട്ടി കൊല്ലപ്പെട്ടു.കെ അജിത ഉൾപ്പെടെ ഉള്ളവർ അന്ന് തന്നെ അറസ്റ്റിലായി.രണ്ട് ആക്ഷനുകളും തീരുമാന പ്രകാരം പൂർത്തിയാക്കാൻ സാധിക്കാതെ പരാജയപ്പെട്ടു. നൂറ്റി നാൽപത്തി ഒമ്പത് പേർ പ്രതികളായി. കെ അജിത ഉൾപ്പെടെ 12 പേർക്ക് ജീവിപര്യന്തം തടവ്.നിരവധിപേരെ വെറുതെ വിട്ടു. കേരളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനുള്ള സാധ്യതകൾ ജയിലറക്കുള്ളിൽ കൊട്ടിയടക്കപ്പെട്ടു. വയനാടൻ കാടുകൾക്ക് പ്രത്യയശാസ്ത്രത്തിന്റെ തീപിടിപ്പിച്ച അടിയോരുടെ പെരുമൻ വർഗ്ഗീസ് പുൽപ്പള്ളി ആക്ഷന് ശേഷം പിടികൊടുക്കാതെ കാടുകയറുകയായിരുന്നു വർഗ്ഗീസ്. സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു വർഗ്ഗീസ്. പാർട്ടി വളർത്താൻ വയനാട്ടിലേക്ക് ചുരം കയറേണ്ടി വന്നത് ജില്ലാ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം. ആദിവാസികളെ സംഘടിപ്പിക്കുക എന്നതായിരുന്നു പ്രധാന പാർട്ടി ചുമതല. എന്നാൽ തന്റെ പാർട്ടി ചട്ടക്കൂടിനകത്ത് തീരുന്നതല്ല ആദിവാസികളുടെ പ്രശ്നങ്ങൾ എന്ന് വർഗ്ഗീസ് തിരിച്ചറിയുക ആയിരുന്നു. നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനം വർഗീസിന്റെ വിപ്ലവചേതനയെ പിടിച്ചുകുലുക്കി.തുടർന്ന് സി.പി.ഐ (എം.എൽ) പ്രവർത്തകനായി. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടു. നിരന്തരമായി ആദിവാസികൾക്ക് പഠന ക്ലാസുകൾ എടുത്തു.ഇതിലൂടെ ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചു.ചുവന്ന വസന്തത്തിന്റെ വിത്ത് വർഗ്ഗീസ് പല വഴിക്ക് വിതച്ചു. വയനാടൻ കാടുകളുടെ തമ്പുരാനായി.ആദിവാസി ജനതക്ക് അടിയൊരുടെ പെരുമൻ ആയി. പോലീസിനും മാടമ്പികൾക്കും വർഗ്ഗീസ് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു. ഒടുവിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗ്ഗീസ് കൊല്ലപ്പെട്ടു.എന്നാൽ വർഷങ്ങൾക്കിപ്പുറം രാമചന്ദ്രൻ നായർ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തൽ പോലീസ് നടത്തിയ നരനായാട്ടിന്റെ ചിത്രം വ്യക്തമാക്കി.ഏറ്റുമുട്ടൽ നടന്നില്ല എന്നും വർഗീസിനെ വെടിവച്ച് കൊന്നത് താനാണ് എന്നുമായിരുന്നു ആ വെളിപ്പെടുത്തൽ.കാടിനെയും കാട്ടാറിനെയും വിറകൊള്ളിക്കും വിധം വിപ്ലവം ജയിക്കട്ടെ എന്ന് അവസാനമായി വർഗീസ് പറഞ്ഞത് രാമചന്ദ്രൻ നായരുടെ കാതുകളിൽ വർഷൾക്ക് ശേഷവും മുഴങ്ങിയിരുന്നു. ഒപ്പം മരണത്തിന് മുമ്പിൽ ചിരിച്ചുകൊണ്ട് നിന്ന വർഗ്ഗീസിന്റെ മുഖവും. തോൽവിക്കും ജയത്തിനും ഇടയിൽ പ്രത്യയശാസ്ത്രമുണ്ട് ചുവന്ന ഇടനാഴിക രാജ്യത്ത് തുറന്നിട്ട നക്സൽബാരിയെ പല തരത്തിൽ നിരീക്ഷിക്കുന്നവർ ഉണ്ട്.ഞങ്ങൾ റിട്ടേഡ് നക്സലുകൾ ആണെന്ന് പറയുന്ന മുൻകാല വിപ്ലവകാരികളും എണ്ണത്തിൽ കൂടുതലാണ്. ചെഗുവേരയുടെ ടീഷർട്ട് ധരിച്ച് സായുധകലാപത്തെ വിമർശിക്കുന്ന അതിവിപ്ലവകാരികളും തീരെ കുറവല്ല.പക്ഷെ തോൽവിക്കും ജയത്തിനും ഇടയിൽ ചോര പുരളാത്ത മാനുഷിക ബോധത്തിന്റെ കാൽപനികത ബാക്കിയാക്കാൻ നക്സൽബാരിക്ക് കഴിഞ്ഞിട്ടുണ്ട്.സായുധകലാപം മാത്രമാണ് ഏകവഴി എന്ന് ധരിക്കാത്ത ഏതാനും മനുഷ്യരെ കൂടിയും അത് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അരികുവൽക്കരിക്കപ്പെട്ട ജനതയെ ഉദ്ബോധിപ്പിക്കുന്നതിൽ വഹിച്ച പങ്കും തീരെ ചെറുതല്ല. വെടിയൊച്ചകൾ ഏറെ മുഴങ്ങിയിട്ടുണ്ട് പിന്നീടും.കാലം കാൽപനികമാണ്.ചിന്തകൾ അനശ്വരവും.വിപ്ലവത്തിന്റെ കാട്ടാറുകൾക്ക് ഒഴുക്കുനിലച്ചിട്ടുണ്ട് എങ്കിലും വരണ്ടുണങ്ങിയിട്ടില്ല എന്ന് ഇപ്പോഴും പറയാൻ ശ്രമിക്കുന്നുണ്ട് നക്സൽ ബാരി. content highlights:naxalbari movement
from mathrubhumi.latestnews.rssfeed http://bit.ly/2woTgCA
via
IFTTT
No comments:
Post a Comment