ന്യൂഡൽഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം മോദി മന്ത്രിസഭയിൽ സ്ഥാനപ്രതീക്ഷകളോടെ എൻ.ഡി.എ.യുടെ സഖ്യകക്ഷികൾ. മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായുമായിരിക്കും അന്തിമതീരുമാനമെടുക്കുക. പ്രധാനമന്ത്രിക്കൊപ്പം വിപുലമായ മന്ത്രിസഭയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. മന്ത്രിസഭയിൽ ബി.ജെ.പി.ക്കായിരിക്കും മുൻതൂക്കമെങ്കിലും സഖ്യകക്ഷികൾക്ക് അർഹമായ പരിഗണന നൽകും. ബുധനാഴ്ച വൈകീട്ടോടെ മന്ത്രിമാർ ആരൊക്കെയെന്നതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്ന് ബി.ജെ.പി. നേതാക്കൾ സൂചിപ്പിച്ചു. മോദിയും ഷായും ആർ.എസ്.എസ്. ദേശീയനേതൃത്വവുമായി ചർച്ചചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക. സഖ്യകക്ഷികളായ ശിവസേന, ജെ.ഡി. (യു), എൽ.ജെ.പി., ശിരോമണി അകാലിദൾ, അപ്നാ ദൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികൾ എന്നിവയെ പരിഗണിക്കും. രണ്ടു കാബിനറ്റ് മന്ത്രിപദമാണ് ജെ.ഡി. (യു) ആഗ്രഹിക്കുന്നത്. ഒരു കാബിനറ്റ് മന്ത്രിപദവും ഒരു സഹമന്ത്രിസ്ഥാനവും ലഭിക്കാനാണ് സാധ്യത. ആർ.സി.പി. സിങ്, രാജീവ് രഞ്ജൻ സിങ്, രാജ്യസഭാംഗം രാം ചന്ദ്ര പ്രസാദ് സിങ് എന്നിവരെയാണ് കാബിനറ്റ് പദവിയിലേക്ക് ജെ.ഡി. (യു) പരിഗണിക്കുന്നത്. റെയിൽവകുപ്പിലാണ് ജെ.ഡി. (യു)വിന് കണ്ണ്. ബിഹാറിൽ മത്സരിച്ച 17 സീറ്റുകളിൽ പതിനാറിലും ജയിച്ച ജെ.ഡി. (യു) ബിഹാറിനു പ്രത്യേകപദവി എന്ന ആവശ്യവും ഉയർത്തുന്നുണ്ട്്. കഴിഞ്ഞ മോദിഭരണകാലത്ത് ഇണങ്ങിയും പിണങ്ങിയും നിന്ന ശിവസേന ഇക്കുറി രണ്ടു മന്ത്രിപദമാണ് ആഗ്രഹിക്കുന്നത്. നിലവിലെ മന്ത്രിസഭയിൽ ഒരു കാബിനറ്റ് മന്ത്രിപദമാണ് ഉണ്ടായിരുന്നത്. ലോക്സഭാംഗങ്ങളായ പ്രതാപ് ജാധവ്, രാജൻ വിചാരെ, ഭാവനാ ഗാവ്ലി, വിനായക് റൗത്ത്, അരവിന്ദ് സാവന്ത്, രാജ്യസഭാംഗങ്ങളായ അനിൽ ദേശായി, സഞ്ജയ് റാവത്ത് തുടങ്ങിയവരാണ് ശിവസേനയുടെ മന്ത്രിപദവികളിലേക്ക് പരിഗണിക്കപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മങ്ങിപ്പോയ ശിരോമണി അകാലിദളിന്റെ പ്രതിനിധി നിലവിലെ മന്ത്രി ഹർസിമ്രത് കൗർ ബാദൽ തന്നെയായിരിക്കും. മന്ത്രിസഭയിൽ ലോക് ജനശക്തി പാർട്ടിയുടെ പ്രതിനിധി രാം വിലാസ് പസ്വാൻതന്നെ ആയിരിക്കുമെന്ന് ചൊവ്വാഴ്ച പാർട്ടി നേതൃത്വം വ്യക്തമാക്കി. മകൻ ചിരാഗ് പസ്വാനായിരിക്കും മന്ത്രിയെന്ന് നേരത്തേ രാം വിലാസ് പസ്വാൻ പറഞ്ഞിരുന്നു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന പസ്വാൻ രാജ്യസഭ വഴി പാർലമെന്റിൽ എത്തും. തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റം കാഴ്ചവെച്ച ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്ക് ഇക്കുറി മികച്ച പ്രാതിനിധ്യമുണ്ടാകും. മുൻ ടി.എം.സി. നേതാവ് മുകുൾ റോയിയെ പ്രധാന വകുപ്പോടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും. content highlights:Modis oath-taking ceremony
from mathrubhumi.latestnews.rssfeed http://bit.ly/2Wc0Mjt
via
IFTTT
No comments:
Post a Comment