വടകര: പി.ജയരാജനെ വടകരയിൽ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ മണ്ഡലം തിരിച്ച് പിടിക്കൽ എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നോ എന്ന ചോദ്യം തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ ഉയർന്ന് കേട്ടിരുന്നതാണ്. മത്സര ഫലം വരികയും പാർട്ടി കുത്തകയായിരുന്ന കൂത്തുപറമ്പിൽ പോലും വിജയം നേടാൻ ജയരാജന് കഴിയാതിരിക്കുകയും ചെയ്തതോടെ ഈ ചോദ്യങ്ങൾക്ക് വീണ്ടും പ്രസക്തിയേറുകയാണ്. കാരണം മറ്റാർക്കും നൽകാത്ത ഒരു കീഴ് വഴക്കത്തോടെയായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നിന്നും വടകരയിലെ സ്ഥാനാർഥിത്വത്തിലേക്കുള്ള ജയരാജന്റെ വരവ് എന്നത് തന്നെ. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ ആ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ സ്ഥിരം സെക്രട്ടറിയായി നിയമിച്ച് കഴിഞ്ഞു. ഇതോടെ പരാജയപ്പെട്ടാലും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുക എന്ന പി.ജയരാജന്റെ വഴി അടഞ്ഞുപോവുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജൻ ഇനി തിരിച്ച് വരേണ്ട എന്ന രീതിയിലുള്ള ഒരു സൈലന്റ് നീക്കമായിരുന്നോ സ്ഥാനാർഥിത്വം എന്ന് സംശയിച്ചാൽ തെറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ചൂണ്ടിക്കാട്ടുന്നത്. കൊലപാതക രാഷ്ട്രീയമടക്കം പ്രധാന ചർച്ചവിഷയമാകുമെന്നറിയുന്ന വടകര നിയമസഭാ മണ്ഡലവും ന്യൂനപക്ഷ മണ്ഡലങ്ങൾ ഏറേയുള്ളതുമായ വടകരയിൽ ജയരാജനെ പോലെയുള്ള ഒരു സ്ഥാനാർഥിയെ സംശയമേതുമില്ലാതെ സിപിഎം നിയോഗിച്ചപ്പോൾ തന്നെ ഈ സംശയം ഉയർന്നതാണ്. ഇത് ആരോപണമെന്നരീതിയിൽ പാർട്ടിയും പി.ജയരാജനും തള്ളിയെങ്കിലും യാഥാർഥ്യം അതായിരുന്നു. അത്രമേൽ നെഗറ്റീവ് വോട്ടുകൾ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും ജയരാജനുണ്ടായി. ഇതിനെ ന്യൂനപക്ഷ ധ്രൂവീകരണം എന്നൊക്കെ ചൂണ്ടിക്കാട്ടി മറികടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രി മണ്ഡലമായ പേരാമ്പ്രയിൽ പോലും തിരിച്ചടി നേരിട്ടതിൽ പി.ജയരാജന്റെ സ്ഥാനാർഥിത്വത്തിന് വലിയ പങ്കുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ വാസവൻ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ അവിടെ എ.വി റസലിന് സെക്രട്ടറിയുടെ താൽക്കാലിക ചുമതലയായിരുന്നു നൽകിയത്. വേണമെങ്കിൽ വി.എൻ വാസവന് സെക്രട്ടറിയായി തിരിച്ച് വരാമെന്ന നിലയ്ക്കായിരുന്നു അത്. അതുപോലെ ചെങ്ങന്നൂരിൽ സജി ചെറിയാൻ മത്സരിക്കാനിറങ്ങിയപ്പോൾ ആർ.നാസറിന് താൽക്കാലിക ചുമതലയായിരുന്നു നൽകിയത്. പക്ഷെ സജി ചെറിയാൻ ജയിച്ചതോടെ ആർ.നാസർ സ്ഥിരം സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു. ഇതേ കീഴ്വഴക്കമല്ല ജയരാജന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എം.വി ജയരാജനെ ഇവിടെ സ്ഥിരം സെക്രട്ടറിയായി നിയമിച്ച് കഴിഞ്ഞിരിക്കുന്നു. നിലവിൽ ഒന്നര വർഷത്തോളം പി.ജയരാജന് സെക്രട്ടറി സ്ഥാനത്തിരിക്കാനുള്ള കാലാവധിയുണ്ടായിരുന്നു. ഈസമയത്താണ് സ്ഥാനാഥിയാവുന്നത്. നേരത്തെ ആലപ്പുഴയിൽ കെ.സി വേണുഗോപാലിനെതിരെ അന്നത്തെ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവിനെ മത്സരിത്തിനിറക്കിയപ്പോൾ സജി ചെറിയാനെയായിരുന്നു സ്ഥിരം സെക്രട്ടറിയായി നിയമച്ചിരുന്നത്. പക്ഷെ ആലപ്പുഴയിൽ തോറ്റപ്പോൾ സി.ബി ചന്ദ്രബാബുവിന് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. ഇതേ സാഹചര്യമാവും പി.ജയരാജന്റെ കാര്യത്തിലും ഉണ്ടാവുക. താൻ നിലവിൽ സംസ്ഥാന സമിതിയംഗമാണെന്നും വടകര തിരിച്ച് പിടിക്കാൻ പറ്റിയ സ്ഥാനാർഥി എന്ന നിലയിലാണ് തന്നെ നിയോഗിച്ചതെന്നും മറ്റൊരു ലക്ഷ്യവും സ്ഥാനാർഥിത്വത്തിന് പിന്നിലില്ലെന്നുമാണ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ ജയരാജൻ പറഞ്ഞത്. പക്ഷെ ജയരാജനെതിരേ നെഗറ്റീവ് വോട്ടുകൾ തീർച്ചയായും ഉണ്ടാവുമെന്ന തിരിച്ചറിവ് സി.പി.എമ്മിനെ പോലുള്ള ഒരു പാർട്ടിക്ക് ഇല്ലാതെ പോയതാണോ അതല്ല അത് മനപൂർവ്വം കാണാതെ പോയതാണോ എന്ന സംശയമാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. വടകര നിയോജക മണ്ഡലത്തിൽ നിന്ന് കെ.മുരളീധരന് ലഭിച്ച വോട്ടിന്റെ വിഹിതം മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ടി.പി ചന്ദ്രശേഖരന്റെ കൊലപതാകം അടക്കം ഇന്നും പ്രധാന ചർച്ച വിഷയമാകുന്ന, ആർ.എം.പിക്ക് ഏറെ സ്വാധീനമുള്ള വടകരയിൽ മുരളിക്ക് ലഭിച്ചത് 17596 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ തവണ മുല്ലപ്പള്ളിക്ക് ലഭിച്ച മൊത്തം ഭൂരിപക്ഷത്തേക്കാൾ എത്രയോ ഇരട്ടി. കണ്ണൂരിൽ വ്യക്തി പൂജയടക്കമുള്ള ആരോപണങ്ങളിൾ പെട്ട് ജയരാജൻ പ്രതിക്കൂട്ടിലായപ്പോൾ ഒരു ഘട്ടത്തിൽ സെക്രട്ടറി സ്ഥാനം വരെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യത്തിൽ നിന്നാണ് ജയരാജൻ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. മാത്രമല്ല പാർട്ടി എന്നും പഴി കേൾക്കേണ്ടി വന്നിരുന്ന കൊലപാതക രാഷ്ട്രീയത്തിൽ ആദ്യം ഉയർന്ന് കേൾക്കുന്നതും ജയരാജന്റെ പേര് തന്നെയായിരുന്നു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് പിന്തുണ നൽകുന്നുവെന്ന ആരോപണങ്ങൾക്ക് പ്രധാന ഉദാഹരണമായി എതിരാളികൾ ഉയർത്തിക്കാട്ടുന്നതും ജയരാജനെ തന്നെ. ഇത് പാർട്ടിയെ ചെറുതായൊന്നുമല്ല ഉലച്ച് കളഞ്ഞത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജയരാജനെ വടകരയിലേക്കെത്തിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയല്ലെങ്കിൽ പാർട്ടിക്ക് മുന്നിലുള്ളത് പി.ജയരാജനെ ഇനി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുക എന്ന വഴിയാണ്. പാർട്ടി ഭരണഘടനയനുസരിച്ച് അത് അത്ര പെട്ടന്ന് സാധിക്കുന്ന കാര്യവുമല്ല. അടുത്ത പാർട്ടി സമ്മേളനം വരെ ഇതിന് കാത്തുനിൽക്കുക തന്നെ വേണം. Content Highlights:Future Of P Jayarajan After Loksabha Election 2019
from mathrubhumi.latestnews.rssfeed http://bit.ly/2ExmT98
via
IFTTT
No comments:
Post a Comment