ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിൽ ബാഴ്സലോണയും ലിവർപൂളും ഏറ്റുമുട്ടുമ്പോൾ ഒരു കാര്യത്തിലേ ഉറപ്പുള്ളൂ. ഈ സീസണിൽ അസാധ്യഫോമിൽ മുന്നേറുന്ന രണ്ടു ടീമുകളിലൊന്നേ ഫൈനലിലുണ്ടാകൂ. ബാഴ്സലോണയുടെ ഹോംഗ്രൗണ്ടായ നൗക്കാമ്പിൽ ബുധനാഴ്ച രാത്രി 12.30-നാണ് സെമി ആദ്യപാദത്തിൽ കരുത്തർ ഏറ്റുമുട്ടുന്നത്. മെസ്സിയുടെ മോഹം കളിക്കാരനായി നാലുതവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട് ലയണൽ മെസ്സി. ഇത്തവണ ബാഴ്സലോണ ടീമിന്റെ നായകനാണ് സൂപ്പർതാരം. ഇക്കുറി കപ്പുയർത്താൻ ഏറെ ആഗ്രഹമുണ്ടെന്ന് മെസ്സി പ്രഖ്യാപിച്ചിട്ടുമുണ്ട്. കിരീടവഴിയിൽ ബാഴ്സയ്ക്ക് മുന്നിലുള്ള ഏറ്റവും ശക്തരാണ് ലിവർപൂൾ. 15 തവണ ബാഴ്സ ചാമ്പ്യൻസ് ലീഗ് സെമി കളിച്ചിട്ടുണ്ട്. ഇതിൽ എഴ് ജയവും എട്ട് തോൽവിയുമാണ് ഫലം. 2014-15 സീസണിൽ അവസാനം സെമികളിച്ചപ്പോൾ ബയറൺ മ്യൂണിക്കിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഇത്തവണ ടീം മികച്ച ഫോമിലാണ്. സീസണിൽ ലക്ഷ്യമിടുന്നത് മൂന്ന് കിരീടം. ഇതിൽ ലാലിഗ കിരീടം സ്വന്തമായി. ഇനിയുള്ളത് ചാമ്പ്യൻസ് ലീഗും സ്പാനിഷ് കിങ്സ് കപ്പും. ലയണൽ മെസ്സിയുടെ മിന്നുന്ന ഫോമും സ്വന്തം തട്ടകത്തിൽ കളിക്കുന്നതിന്റെ ആനുകൂല്യവുമാണ് ബാഴ്സയുടെ പ്രതീക്ഷ. സീസണിൽ ഇതുവരെ 45 കളിയിൽ 46 ഗോൾ നേടിയ മെസ്സി ടീമിനെ ഏറക്കുറെ ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുന്നു. 4-3-3 ശൈലിയിൽ കളിക്കുന്ന ബാഴ്സയുടെ കരുത്ത് മെസ്സി അണിനിരക്കുന്ന മുന്നേറ്റനിര തന്നെ. മെസ്സിക്കൊപ്പം ലൂയി സുവാരസിനും സ്ഥാനമുറപ്പാണ്. മൂന്നാമനായി ഫിലിപ്പ് കുടീന്യോയോ ഒസ്മാനെ ഡെംബലയോ വരും. മധ്യനിരയിൽ സെർജി ബുസ്കെറ്റ്സ്- ഇവാൻ റാക്കിട്ടിച്ച്-അർതർ ത്രയമാകും. പ്രതിരോധത്തിന്റെ നേതൃത്വം ജെറാർഡ് പീക്വ ഏറ്റെടുക്കും. മികച്ച വിജയത്തിലൂടെ മുൻതൂക്കം നേടിയെടുക്കാനുള്ള തന്ത്രമാകും പരിശീലകൻ ഏണസ്റ്റോ വെൽവെർദെ തയ്യാറാക്കുന്നത്. സാധ്യതാ ടീം: ടെർ സ്റ്റീഗൻ, സെർജി റോബർട്ടോ, പീക്വെ. ലെൻഗ്ലെറ്റ്, ജോർഡി ആൽബ, റാക്കിട്ടിച്ച്. ബുസ്കെറ്റ്സ്, അർതർ, മെസ്സി, സുവാരസ്, ഡെംബലെ. കുതിപ്പ് തുടരാൻ ലിവർപൂൾ പ്രീമിയർലീഗിൽ മാഞ്ചെസ്റ്റർ സിറ്റിയുമായി കിരീടപോരാട്ടത്തിലുള്ള ലിവർപൂളിന് ചാമ്പ്യൻസ് ലീഗിലും മറ്റൊരു കടുത്തപോരാട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. സീസണിൽ മികച്ചഫോമിൽ കളിക്കുന്ന ടീം ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. തുടർച്ചയായ രണ്ടാം തവണയും സെമിയിൽ കളിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. യർഗൻ ക്ലോപ്പിന്റെ ഗീഗൻപ്രസ്സിങ് ശൈലിയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി പ്രതിരോധം ശക്തമാക്കിയാണ് കളി. ഡച്ച് താരം വിർജിൽ വാൻഡെയ്ക്കിന്റെ സാന്നിധ്യം കരുത്തുകൂട്ടും. പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുത്തത് വാൻഡെയ്ക്കിനെയായിരുന്നു. പരിക്ക് അലട്ടുന്നുണ്ടെങ്കിലും റോബർട്ടോ ഫിർമിനോ ആദ്യ ഇലവനിൽ കളിക്കും. സാദിയോ മാനെ-ഫിർമിനോ-മുഹമ്മദ് സല എന്നിവർ കളിക്കുന്ന മുന്നേറ്റമാണ് ടീമിന്റെ കരുത്ത്. ക്ലോപ്പിന്റെ ശൈലിയിൽ പ്ലേമേക്കർ റോളില്ലാത്തതിനാൽ മധ്യ-പ്രതിരോധനിരകൾക്ക് ആക്രമണവും പ്രതിരോധവും ഒരുപോലെ ഒരുക്കേണ്ടതായുണ്ട്. അലക്സാൻഡർ അർനോൾഡും ആൻഡ്രു റോബർട്സനും അതിവേഗ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ കഴിവുള്ള വിങ്ബാക്കുകളാണ്. സെമിയിൽ പത്തുതവണ കളിച്ചപ്പോൾ എട്ടുതവണയും ജയിച്ച ചരിത്രം ഇംഗ്ലീഷ് ക്ലബ്ബിനുണ്ട്. കഴിഞ്ഞതവണ ഇറ്റാലിയൻ ക്ലബ്ബ് എ.എസ്. റോമയെ കീഴടക്കിയാണ് ഫൈനലിലേക്ക് മുന്നേറിയത്. സാധ്യത ടീം: അലിസ്സൺ, അർനോൾഡ്, മാട്ടിപ്പ്, വാൻഡെയ്ക്, റോബർട്സൻ, ഹെൻഡേഴ്സൻ, ഫാബിന്യോ, വിയ്നാൽഡം, സല, ഫിർമിനോ, മാനെ. Content Highlights: Champions League Semi Final Barcleona vs Liverpool
from mathrubhumi.latestnews.rssfeed http://bit.ly/2Weqz6l
via
IFTTT
No comments:
Post a Comment