ലഖ്നൗ: ഇടതുപക്ഷവുമായി അകൽച്ചയില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ഇടതുപക്ഷവുമായി അകൽച്ചയുണ്ടാക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തീരുമാനമെടുക്കുമെന്നും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്ന രാഹുലിനെ ജനങ്ങൾ സ്വീകരിച്ചുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അമേഠിയിലും വയനാട്ടിലും രാഹുൽ ഗാന്ധി മികച്ച വിജയം നേടുമെന്ന കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും പ്രതീക്ഷിക്കുന്നു-പ്രിയങ്ക പറഞ്ഞു. ഇരു മണ്ഡലങ്ങളിലും വിജയിച്ചാൽ വയനാട് മണ്ഡലം ഒഴിവാക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും അദ്ദേഹത്തിന്റെ മനസ്സിലുള്ളത് എന്താണെന്ന് തനിക്കറിയില്ലെന്നും പ്രിയങ്ക പറഞ്ഞു. സമയമാകുമ്പോൾ രാഹുൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ഇതുവരെ ചർച്ച ചെയ്തില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ അമേഠിയിൽ തീർച്ചയായും മത്സരിക്കുമെന്നും അവർ പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യ എതിരാളി ബി ജെ പിയാണ്. രാജ്യത്തിന് വിനാശകരമായ ആശയമാണ് ബി ജെ പിയുടേത്. എല്ലാവരെയും ഒപ്പം ചേർക്കുന്ന ആശയമല്ല ബി ജെ പിയുടേത്. വേദനയും കഷ്ടപ്പാടുകൾക്കും ഇടയാക്കുന്നതാണ് ബി ജെ പിയുടെ ആശയം. അധികാരത്തിന്റെ ഉടമസ്ഥർ രാജ്യത്തെ ജനങ്ങളാണെന്ന് മനസ്സിലാക്കാതെ അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് ബി ജെ പിയുടെ രീതി. ജനങ്ങളുടെ അധികാരത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഏതു പാർട്ടിക്കും ബി ജെ പിയാണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. content highlights:will contest from amethi if rahul wants says priyanka gandhi
from mathrubhumi.latestnews.rssfeed http://bit.ly/2GVRoWB
via
IFTTT
No comments:
Post a Comment