ഭൂമി കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തട്ടിക്കൂട്ടിയതാണ് വ്യാജരേഖാ കേസെന്നു തെളിഞ്ഞുവെന്ന് എ.എം.ടി; ഒത്തുതീര്‍പ്പിനു ആരെയും നിയോഗിച്ചിട്ടില്ലെന്ന് വൈദികര്‍; കേസുകള്‍ പിന്‍വലിക്കില്ലെന്ന് ഹര്‍ജിക്കാരന്‍; രാഷ്ട്രീയ ഇടപെടലിനുള്ള നീക്കവും തള്ളി; സമഗ്രമായ പ്രശ്‌ന പരിഹാരത്തിനു മാത്രമേ ഇടപെടൂവെന്ന്‌ ജ.കുര്യന്‍ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ഭൂമി കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തട്ടിക്കൂട്ടിയതാണ് വ്യാജരേഖാ കേസെന്നു തെളിഞ്ഞുവെന്ന് എ.എം.ടി; ഒത്തുതീര്‍പ്പിനു ആരെയും നിയോഗിച്ചിട്ടില്ലെന്ന് വൈദികര്‍; കേസുകള്‍ പിന്‍വലിക്കില്ലെന്ന് ഹര്‍ജിക്കാരന്‍; രാഷ്ട്രീയ ഇടപെടലിനുള്ള നീക്കവും തള്ളി; സമഗ്രമായ പ്രശ്‌ന പരിഹാരത്തിനു മാത്രമേ ഇടപെടൂവെന്ന്‌ ജ.കുര്യന്‍ ജോസഫ്

കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് വ്യക്തമാക്കി അതിരൂപത സുതാര്യത സമിതി (എ.എം.ടി)യും എറണാകുളം-അങ്കമാലി അതിരുപതയിലെ വൈദികരും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളിലെ ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.പോളച്ചന്‍ പുതുപ്പാറയും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണ് വ്യാജരേഖ കേസ് എന്ന് ബുധനാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മുഴുവന്‍ വ്യക്തമായെന്ന് എ.എം.ടി പ്രതിനിധികള്‍ 'മംഗളം ഓണ്‍ലൈനോട്' പറഞ്ഞു.

വ്യാജരേഖ കേസില്‍ അനുരജ്ഞനത്തിന് ശ്രമിച്ചുകൂടെയെന്ന ഹൈക്കോടതി പരാമര്‍ശം അറിഞ്ഞയുടന്‍ അതിരൂപത കേന്ദ്രങ്ങളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിനെ കുറിച്ച് കോടതിയില്‍ പറയാന്‍ അതിരൂപത ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് ബിഷപുമാര്‍ അറിയിച്ചത്. ഇതില്‍ ആരോ കളിക്കുന്നുണ്ട്. ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും എ.എം.ടി വഴങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.

ഈ കേസില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് അതിരൂപത വ്യക്തമാക്കിയതായി കേസിന്റെ നടത്തിപ്പ് ചുമതലയുള്ള വൈദികരും പ്രതികരിച്ചു. എതിര്‍ഭാഗം ആരെയൊക്കെയോ ഉള്‍പ്പെടുത്തി നടത്തിയ കളിയാണിതെന്നാണ് വൈദികര്‍ പ്രതികരിക്കുന്നത്. കോടതിയില്‍ നിന്നുള്ള പരാമര്‍ശം വന്നതോടെ വിശ്വാസികള്‍ക്ക് ഈ വ്യാജരേഖ കേസിനു പിന്നിലുള്ള കാരണം വ്യക്തമായി. മുന്‍പും പല അവസരത്തിലും ഒത്തുതീര്‍പ്പിനെന്ന പേരില്‍ വിളിപ്പിച്ച് കബളിപ്പിക്കപ്പെട്ട അനുഭവമാണ് തങ്ങള്‍ക്കുള്ളത്. അതുകൊണ്ട് ഇനി ഒത്തുതീര്‍പ്പ് നാടകത്തിനില്ലെന്നും അവര്‍ പറയുന്നു.
[IMG]
രേഖാ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം മാത്രമല്ല, സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും വേണമെന്നാണ് ഇപ്പോള്‍ വൈദികരുടെ നിലപാട്. രേഖാ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഭൂമി ഇടപാട് കേസുകള്‍ പിന്‍വലിക്കാമെന്ന് അതിരൂപതയ്ക്ക് എങ്ങനെ പറയാന്‍ കഴിയും. അതിരൂപത കേസ് ഒന്നും നല്‍കിയിട്ടില്ല. ചില അത്മായരാണ് കേസ് നല്‍കിയിരിക്കുന്നത്. അതില്‍ അതിരൂപതയ്ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന പ്രസക്തമായ ചോദ്യമാണ് വൈദികര്‍ ഉന്നയിക്കുന്നത്.

എന്നാല്‍, ഇരുകൂട്ടരും സമീപിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പിനായി ഇടപെടുവെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു. ഏതെങ്കിലും ഒരു കേസിലല്ല, എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ ഒരു പ്രശ്‌നപരിഹാരത്തിനാണെങ്കില്‍ മാത്രമേ താന്‍ മധ്യസ്ഥത വഹിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് പിന്മാറില്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.പോളച്ചന്‍ ജോസഫ് പുതുപ്പാറ പ്രതികരിച്ചു. നിലവില്‍ എറണാകുളം സി.ജെ.എം കോടതിയിലും ഹൈക്കോടതിയിലുമായി താന്‍ നല്‍കിയ രണ്ടു ഹര്‍ജികള്‍ പരിഗണനയിലുണ്ട്. വ്യാജപട്ടയം ഉണ്ടാക്കി ഭൂമി വില്‍പ്പന നടത്തിയെന്ന് കാണിച്ച് ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരെ പ്രതികളാക്കിയാണ് സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളതെന്നും അഡ്വ.പോളച്ചന്‍ പറഞ്ഞു.

മധ്യസ്ഥതയ്ക്ക് ആരും വന്നാലും താന്‍ വഴങ്ങില്ല. വ്യാജപട്ടയം ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റകൃത്യമാണ്. അതെങ്ങനെ ഒത്തുതീര്‍പ്പാക്കും?. ഭൂമി തട്ടിപ്പ് കുറച്ചുകൂടി വ്യത്യാസമുണ്ട്. എങ്കിലും എന്തിനാണ് ഒത്തുതീര്‍പ്പ് നടത്തുന്നത്? കേസ് അതിന്റെതായ രീതിയില്‍ നടക്കട്ടെ. കര്‍ദിനാളിന്റെ സ്ഥാനത്യാഗവും ഭൂമിവിറ്റതില്‍ വന്ന നഷ്ടം അതിരൂപതയില്‍ തിരിച്ചടയ്ക്കുകയും ചെയ്താല്‍ താന്‍ ഒത്തുതീര്‍പ്പിനെ കുറിച്ച് ചിന്തിക്കാം. കക്ഷികള്‍ക്ക് ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത കേസുകള്‍ എങ്ങനെയാണ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുന്നത്. കൊലപാതകം ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ? അതുപോലെതന്നെയാണ് പട്ടയം വ്യാജമായി ഉണ്ടാക്കിയ കേസും. അതുകൊണ്ട് ഒത്തുതീര്‍പ്പ് പ്രശ്‌നം ഉദിക്കുന്നില്ലെന്നും അഡ്വ.പോളച്ചന്‍ പ്രതികരിച്ചു.

അതിനിടെ, അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ചില രാഷ്ട്രീയ കക്ഷികളും താല്‍പര്യം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. അരൂര്‍, എറണാകുളം, പാലാ തുടങ്ങി ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഇവരുടെ നീക്കം. കഴിഞ്ഞ ദിവസം അതിരൂപതയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ മേധാവിയായ വൈദികന്‍ സ്ഥലത്തെ ഒരു മുന്‍ ജനപ്രതിനിധിയുമൊത്ത് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചകള്‍ ഇതിനുള്ള സൂചനയാണ്.

എന്നാല്‍, ഒരു രാഷ്ട്രീയ ഇടപെടലും അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് ചര്‍ച്ചയ്ക്ക് പോയ വൈദികനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും വൈദികര്‍ പറഞ്ഞു. ആദിത്യയെ പോലീസ് അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുന്ന വിവരം അറിഞ്ഞ് സഹായത്തിന് വിളിച്ചപ്പോള്‍ എല്ലാ രാഷ്ട്രീയനേതാക്കളും കൈമലര്‍ത്തി. കേസ് നേരെ തിരിഞ്ഞപ്പോള്‍ എല്ലാവരും ആദായമെടുക്കാന്‍ വന്നിരിക്കുകയാണ്. ആവശ്യസമയത്ത് സഹായിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെയും ആവശ്യം ഇനി കേസുകളുടെ കാര്യത്തിലുമില്ലെന്നുമാണ് വൈദികരുടെ നിലപാട്.

വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന ആദിത്യ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ജയില്‍ മോചിതനായി. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീരികമായി അവശതയിലായ ആദിത്യ അങ്കമാലിയിലുള്ള സഭയുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിത്യയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തുറന്നുള്ള പ്രതികരണത്തിനില്ലെന്നും കോന്തുരുത്തി പള്ളി വികാരി ഫാ.മാത്യു ഇടശേരി അറിയിച്ചു.

-ബീനാ സെബാസ്റ്റ്യന്‍



from mangalam.com http://bit.ly/2VVxcJX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages