ഇടുക്കി തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്; ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

ഇടുക്കി തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്; ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം

ഇടുക്കിയുടെ മണ്ണിൽ ഡീൻ കുര്യാക്കോസിലൂടെ വിജയക്കൊടി പാറിച്ച് കോൺഗ്രസ്. ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലോക്സഭയിലേക്ക് ജയിച്ചുകയറുന്നത്. 1,71,053വോട്ടുകളാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. കസ്തൂരിരംഗൻ പോയി പ്രളയവും കർഷക ആത്മഹത്യകളും ആഞ്ഞുവീശിയ ഇടുക്കിയിൽ സിപിഎമ്മിനും എൽഡിഎഫിനും അടിപതറി. 2014 ലെ തോൽവിക്ക് യുഡിഎഫ് പലിശ സഹിതം കണക്കുതീർത്തു. കഴിഞ്ഞ തവണ അരലക്ഷം വോട്ടിന് കൈവിട്ട മണ്ഡലം അതിലും മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഇത്തവണ തിരിച്ചുപിടിച്ചത്. യുഡിഎഫ് തരംഗം ഇടുക്കിയിലും ശക്തമായിരുന്നുവെന്ന് ഭൂരിപക്ഷത്തിൽ നിന്ന് വ്യക്തം. പി.ടി തോമസ് ജയിച്ചുകയറിയ ഇടുക്കി ഇടവേളയ്ക്ക് ശേഷം ശിഷ്യൻ ഡീനിലൂടെ വീണ്ടും കോൺഗ്രസിനൊപ്പം കൈപിടിച്ചു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ ഡീൻ മുന്നേറി. കഴിഞ്ഞ തവണ ഡീന് പ്രതികൂലമായ നാല് ഹൈറേഞ്ച് മണ്ഡലങ്ങളിൽ ശക്തമായി കോൺഗ്രസും യുഡിഎഫും തിരിച്ചുവന്നു. പി.ജെ ജോസഫിന്റെ ഉറച്ച പിന്തുണയും സഭയുടെ എതിർപ്പില്ലാത്തതും കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി ഇഫക്ട് ഇത്തവണ ചലനമുണ്ടാക്കിയില്ല. ഇതാണ് അവരുടെ പ്രതിനിധിയായ ജോയ്സ് ജോർജിന്റെ രണ്ടാം ടേം എന്ന സ്വപ്നം തകർത്തത്. പ്രളയവും പ്രളയാനന്തര പുനർനിർമാണവും കർഷക ആത്മഹത്യകളുമാണ് ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ സജീവമായി ഉയർന്നുവന്നത്. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ മാസങ്ങളിൽ എട്ട് കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിനെ യു ഡി എഫ് മുഖ്യപ്രചാരണായുധമാക്കി. പി ജെ ജോസഫ് വിഭാഗത്തിന്റെ ഉറച്ചപിന്തുണ കൂടിയായപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് വിജയം എളുപ്പമായി. പ്രളയവും പ്രളയാനന്തര പുനർനിർമാണവും വേണ്ടവിധം കൈകാര്യം ചെയ്യാനായില്ലെന്ന ആക്ഷേപം പ്രചാരണകാലത്ത് ഉടനീളം യു ഡി എഫ് ഉയർത്തിയിരുന്നു. നിരവധി വികസനപദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാൻ സാധിച്ചുവെന്നും അത് രണ്ടാമൂഴം തരുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു എൽ ഡി എഫ് ക്യാമ്പ്. എന്നാൽ ആ കണക്കുകൂട്ടൽ പാളി. 2014ൽ കത്തിജ്വലിച്ച കസ്തൂരി രംഗൻ വിഷയമായിരുന്നു ജോയ്സിനെ പാർലമെന്റിലെത്തിച്ചത്. കസ്തൂരി രംഗൻ സമരം നയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായിരുന്ന ജോയ്സ് ജോർജ് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തി. അന്ന് അത് എൽ ഡി എഫ് നടത്തിയ ഒരു സമർഥമായ കരുനീക്കമായിരുന്നു. യു ഡി എഫ് മണ്ഡലത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തിൽ എൽ ഡി എഫ് വിജയിക്കുകയും ചെയ്തു. അങ്ങനെ എൽ ഡി എഫിന്റെയും സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പിന്തുണയിൽ ജോയ്സ് ജോർജ് ജയിച്ചുകയറി. എന്നാൽ വർഷം അഞ്ച് കഴിഞ്ഞപ്പോൾ കസ്തൂരി രംഗൻ വിഷയം ആറിത്തണുത്തു. പിന്തുണ പ്രഖ്യാപിച്ചും പ്രകടനം നടത്തിയും ഹൈറേഞ്ച് സംരക്ഷണ സമിതി ഒപ്പം നിന്നിട്ടും ജോയ്സിന് ആ പിന്തുണ പോരാതെ വന്നു. ഇടത് എം പി അവകാശപ്പെടുന്ന വികസനം ഫളെക്സിൽ മാത്രമാണ് യാഥാർഥ്യമായതെന്ന യു ഡി എഫ് ആരോപണം വോട്ടർമാരിൽ കുറിക്കുകൊണ്ടു. കോൺഗ്രസ് സ്ഥാനാരർഥികളുടെ വിജയം ഉറപ്പാക്കുന്നതിൽ പലപ്പോഴും വില്ലനാകാറുള്ളത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരാണ്. എന്നാൽ ഇക്കുറി ഗ്രൂപ്പ് പോരും ഡീനിനു മുന്നിൽ വഴിമുടക്കിയായി എത്തിയില്ല. ജോയ്സ് ജോർജ് എന്ന എൽ ഡി എഫ് സ്വതന്ത്രനെ ഇക്കഴിഞ്ഞ അഞ്ചുവർഷവും വിടാതെ പിന്തുടർന്ന വിവാദമായിരുന്നു കൊട്ടക്കാമ്പൂരിലേത്. കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് ഭൂമി കയ്യേറിയെന്ന ആരോപണവും അതിനു പിന്നാലെയുണ്ടായ നിയമനടപടികളും ജോയ്സിന്റെ പ്രതിച്ഛായെ ബാധിച്ചു. ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഇതിൽ ഇടുക്കിയും തൊടുപുഴയും ഒഴികെ എല്ലാ നിയോജകമണ്ഡലങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഒപ്പം നിന്നു. റോഷി അഗസ്റ്റിന്റെ ഇടുക്കിയും ജോസഫിന്റെ തൊടുപുഴയും മാത്രമായിരുന്നു യുഡിഎഫ് എംഎൽഎമാർ. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആകെ പോളിങ് ശതമാനം 70.6% ആയിരുന്നു. 382019 വോട്ടുകളാണ് അന്ന് ജോയ്സ് നേടിയത്. അതായത് പോൾ ചെയ്ത വോട്ടുകളുടെ 46.6%. 50579 വോട്ടായിരുന്നു ജോയ്സിന്റെ ഭൂരിപക്ഷം. 331477 വോട്ടുകൾ നേടി രണ്ടാമതെത്തിയ ഡീൻ 40.4%വോട്ടു നേടി. 50438 വോട്ട് അഥവാ 6.1 ശതമാനമായിരുന്നു ബി ജെ പിയുടെ അക്കൗണ്ടിൽ ലഭിച്ചത്. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മൂവാറ്റുപുഴ,തൊടുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് യു ഡി എഫിന് ലീഡ് ലഭിച്ചത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ എൽ ഡി എഫും യു ഡി എഫും ബി ജെ പിയും നേടിയ വോട്ട് കണക്ക് ഇങ്ങനെ: മൂവാറ്റുപുഴ: യു ഡി എഫ്(52414), എൽ ഡി എഫ്(46842),ബി ജെ പി(8137), ലീഡ്- 6672. കോതമംഗലം: യു ഡി എഫ്(47578), എൽ ഡി എഫ്(45102), ബി ജെ പി(7349). ലീഡ്-2476. ദേവികുളം: യു ഡി എഫ്(44526), എൽ ഡി എഫ്(53647). ബി ജെ പി(5592), ലീഡ്-9121. ഉടുമ്പൻചോല: യു ഡി എഫ്(39671), എൽ ഡി എഫ്(62363), ബി ജെ പി(5896), ലീഡ്- 22692. തൊടുപുഴ: യു ഡി എഫ്(54321), എൽ ഡി എഫ്(51233), ബി ജെ പി(12332), ലീഡ്-3088. ഇടുക്കി: യു ഡി എഫ്(43873), എൽ ഡി എഫ്(68100), ബി ജെ പി(4752), ലീഡ്: (24227). പീരുമേട് യു ഡി എഫ്(48372). എൽ ഡി എഫ്(54351), ബി ജെ പി(6347), ലീഡ്: 5979. രണ്ടുവർഷത്തിനു ശേഷം നടന്ന 2016നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ദേവികുളം മണ്ഡലത്തിൽനിന്ന് 5782 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ ഡി എഫിന്റെ എസ് രാജേന്ദ്രൻ വിജയിച്ചു. യു ഡി എഫിന്റെ എ കെ മണിയായിരുന്നു രാജേന്ദ്രന്റെ എതിരാളി. ഉടുമ്പൻചോലയിൽ എൽ ഡി എഫിന്റെ എം എം മണി 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ അഡ്വ സേനാപതി വേണുവിനെ പരാജയപ്പെടുത്തി. തൊടുപുഴയിൽ 45587 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ പി ജെ ജോസഫ് എൽ ഡി എഫിന്റെ അഡ്വ റോയ് വാരികാട്ടിനെ പരാജയപ്പെടുത്തി. ഇടുക്കിയിൽ എൽ ഡി എഫിന്റെ ഫ്രാൻസിസ് ജോർജിനെതിരെ യു ഡി എഫിന്റെ റോഷി അഗസ്റ്റിൻ 9333വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പീരുമേട്ടിൽ എൽ ഡി എഫിന്റെ ഇ എസ് ബിജിമോൾ 314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ അഡ്വ. സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി. കോതമംഗലത്ത് എൽ ഡി എഫിന്റെ ആന്റണി ജോൺ 19282 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ ടി യു കുരുവിളയെ പരാജയപ്പെടുത്തി. മൂവാറ്റുപുഴയിൽ എൽ ഡി എഫിന്റെ ഏബ്രഹാം 9375 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിന്റെ ജോസഫ് വാഴക്കനെ പരാജയപ്പെടുത്തി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ എൽ ഡി എഫിന്റെ ലീഡ് നിലയിൽ വലിയ കുറവുണ്ടായതായി കാണാം. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോയ്സ് നേടിയ 50579 വോട്ടിന്റെ ഭൂരിപക്ഷം രണ്ടുവർഷത്തിനു ശേഷം നടന്ന നിയമസഭാ 19058 ആയി ചുരുങ്ങി. Content Highlights:dean kuriakose came back in idukki with record majority


from mathrubhumi.latestnews.rssfeed http://bit.ly/2EmxwLZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages