ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ വികസനപദ്ധതികളുടെ മുൻഗണന മാറ്റിയ നടപടി തിരുത്തണമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവുമായി ചൊവ്വാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഗതാഗതമന്ത്രാലയം സെക്രട്ടറി സഞ്ജീവ് രഞ്ജൻ ഇക്കാര്യമറിയിച്ചത്. കേരളത്തിലെ ദേശീയപാത വികസനപദ്ധതികൾ ഒന്നാംപട്ടികയിൽനിന്ന് രണ്ടാംപട്ടികയിലേക്കു മാറ്റിയതിൽ സംസ്ഥാനം എതിർപ്പറിയിച്ചിരുന്നു. തുടർന്ന് ഈ നിർദേശം റദ്ദാക്കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. എന്നാൽ, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇക്കാര്യം സംസ്ഥാനം കൂടിക്കാഴ്ചയിൽ ഉന്നയിച്ചപ്പോഴാണ് ഗതാഗത സെക്രട്ടറി അതോറിറ്റിക്ക് നിർദേശം നൽകിയത്. 2018 ജനവരിയിൽ തന്നെ ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതാണ് കേരളത്തിലെ വികസനപദ്ധതികൾ. ഇത് രണ്ടാംമുൻഗണനാ വിഭാഗത്തിലേക്കു മാറ്റിയത് ദേശീയപാതാ അതോറിറ്റി തലത്തിലുള്ള തീരുമാനമായിരുന്നുവെന്ന് ഗതാഗതസെക്രട്ടറി പറഞ്ഞു. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് വൻതോതിൽ വർധിച്ച സാഹചര്യത്തിലാണ് രാജ്യവ്യാപകമായി അതോറിറ്റി മുൻഗണനക്രമം നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സംസ്ഥാനസർക്കാർ നടപടികൾ ഏറെ മുന്നോട്ടുപോയതിനാൽ മുൻഗണനക്രമം മാറ്റിയത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് കൂടിക്കാഴ്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു വ്യക്തമാക്കി. പദ്ധതി വൈകിയാൽ, കേരളത്തിലെ ദേശീയപാതകളിലെ വാഹനബാഹുല്യവും ഉയർന്ന ഭൂമിവിലയും മൂലം ദേശീയപാതവികസനം പ്രതിസന്ധിയിലാകും. അതിനാൽ, കേരളത്തിലെ പദ്ധതികൾ ഒന്നാം മുൻഗണനപ്പട്ടികയിൽ നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ അംഗീകാരം ലഭിക്കാത്ത ദേശീയപാതാ വികസനപദ്ധതികൾക്ക് അടിയന്തരമായി അനുമതി നൽകണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഗതാഗതമന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ കേന്ദ്രഗതാഗത സെക്രട്ടറിക്കൊപ്പം ജോയന്റ് സെക്രട്ടറി അമിത്കുമാർ ഘോഷും പങ്കെടുത്തു. തിങ്കളാഴ്ച ദേശീയപാതാ അതോറിറ്റി ചെയർമാനുമായും പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു. Content Highlights:national highway development in kerala
from mathrubhumi.latestnews.rssfeed http://bit.ly/2vVg1h6
via
IFTTT
No comments:
Post a Comment