അഞ്ചുലക്ഷം കടക്കാൻ സോണിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 3, 2019

അഞ്ചുലക്ഷം കടക്കാൻ സോണിയ

റായ്ബറേലി നഗരത്തിലെ കോൺഗ്രസ് ഓഫീസിൽ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ജില്ലാ പ്രസിഡന്റ് വി.കെ. ശുക്ലയും സഹപ്രവർത്തകരും. അനാരോഗ്യംകാരണം നാമനിർദേശപത്രിക സമർപ്പിക്കാൻ മാത്രമാണ് സോണിയ റായ്ബറേലിയിൽ എത്തിയത്. വോട്ടെടുപ്പ് തീയതിക്കുമുമ്പ് ഒരുതവണകൂടി വന്നേക്കും. പ്രചാരണത്തിന് പ്രധാനമായും കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മകൾ പ്രിയങ്കാഗാന്ധിയാണുള്ളത്. ''സോണിയാജിയുടെ അഭാവമൊന്നും പ്രചാരണത്തെയോ വിജയത്തെയോ ബാധിക്കില്ല. അഞ്ചാംതവണ, അഞ്ചുലക്ഷത്തിലധികം ഭൂരിപക്ഷം എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ കോൺഗ്രസ് റായ്ബറേലിയിൽ മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാരാണസിയിൽ കിട്ടുന്നതിനേക്കാൾ ഭൂരിപക്ഷമായിരിക്കും സോണിയാജിക്ക് റായ്ബറേലിയിൽ'' -ആത്മവിശ്വാസത്തിലാണ് വി.കെ. ശുക്ല. കോൺഗ്രസിന്റെ മുഖ്യ എതിരാളി, സോണിയയുടെ റായ്ബറേലിയിലെ പ്രധാന കൂട്ടാളിയായിരുന്ന ദിനേശ് പ്രതാപ് സിങ് ആണ്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഏക എം.എൽ.സി.യായിരുന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പി.യിലേക്ക് ചേക്കേറിയത്. നാട്ടിൽ സ്വാധീനമുള്ള ദിനേശ് എത്തിയതോടെ കോൺഗ്രസിനെ വിറപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. കേന്ദ്രങ്ങൾ. റായ്ബറേലിയിലെ ബി.ജെ.പി. ജില്ലാ കാര്യാലയം കോൺഗ്രസ് ഓഫീസിനെക്കാൾ വലുതും ആധുനികവുമാണ്. കോൺഗ്രസ് ഓഫീസിലുള്ളതിനെക്കാൾ പ്രവർത്തകരുമുണ്ട്. ''നേരത്തേ സോണിയാഗാന്ധി ഭൂരിപക്ഷം കൂട്ടാൻ മാത്രമാണ് മത്സരിച്ചത്. ഇത്തവണ വിജയിക്കാനാണ് അവരുടെ ശ്രമം. ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും എന്ന അവകാശവാദം ഒരിക്കലും നടക്കാത്തതാണ്'' -ബി.ജെ.പി. വക്താവ് സുഭാഷ് ഝാ പറഞ്ഞു. ''നരേന്ദ്രമോദിസർക്കാർ ഏറെ വികസനപ്രവർത്തനങ്ങൾ ഇത്തവണ റായ്ബറേലിയിൽ നടത്തി. എയിംസിനായി 280 കോടി അനുവദിച്ചു. റെയിൽവേ കോച്ച് ഫാക്ടറിയിൽനിന്ന് 11,000 കോച്ചുകൾ വിതരണംചെയ്തു. യു.പി.എ. കാലത്ത് ഒരൊറ്റ കോച്ചും പുറത്തിറക്കാത്ത സാഹചര്യമായിരുന്നു. 1.10 ലക്ഷം വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പാവപ്പെട്ടവർക്കായി നിർമിച്ചു. 5-6 ലക്ഷം പാചകവാതക സിലിൻഡറുകൾ ഉജ്ജ്വല യോജന പദ്ധതിപ്രകാരം സൗജന്യമായി നൽകി. 2.5 ലക്ഷം ശൗചാലയങ്ങളും ഉണ്ടാക്കി. റായ്ബറേലിയിലെ 30 ലക്ഷം ജനങ്ങളിൽ 12 ലക്ഷവും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. നെഹ്രു-ഗാന്ധി കുടുംബം ഇത്രയുംകാലം മണ്ഡലം കൈയടക്കിവെച്ചിട്ടും ഇതാണവസ്ഥ. അതിനാൽ സോണിയയുടെ ജയം എളുപ്പമല്ല'' -സുഭാഷ് ഝാ വിശദീകരിച്ചു. എന്നാലിതിനെ ഖണ്ഡിക്കുന്നു, വി.കെ. ശുക്ല. റായ്ബറേലിയിലെ വികസനം അഞ്ചുവർഷമായി മോദിസർക്കാർ തടഞ്ഞുവെക്കുകയായിരുന്നുവെന്നും ജനങ്ങൾ ഇതിന് വോട്ടിലൂടെ പകരംചോദിക്കുമെന്നും അദ്ദേഹം പറയുന്നു. ''യു.പി.എ. കാലത്താണ് എയിംസും കോച്ച് ഫാക്ടറിയും എല്ലാം അനുവദിച്ചത്. 900 കിടക്കകളുള്ള ആശുപത്രി ലക്ഷ്യമിട്ടിടത്ത് 600 കിടക്കകൾ ആക്കി മോദിസർക്കാർ കുറച്ചു. പ്രഖ്യാപിച്ച മിക്കപദ്ധതികളുടെയും പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നു. അഞ്ച് ദേശീയപാതകളാണിപ്പോൾ റായ്ബറേലിവഴി കടന്നുപോകുന്നത്. വലിയ റിങ് റോഡ് വന്നു. ഏഴ് ഫ്ളൈ ഓവറുകൾ സ്ഥാപിച്ചു. സോളാർ വിളക്കുകൾ വേറെ. ആറ് ഐ.ടി.ഐ. ഉത്പാദനകേന്ദ്രങ്ങളിലൊന്ന് ഇവിടേക്ക് കൊണ്ടുവന്നു. അങ്ങനെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ റായ്ബറേലിയിലെത്തി. അതിനാൽ ബി.ജെ.പി.യുടെ കള്ളപ്രചാരണമൊന്നും വിലപ്പോവില്ല'' -വി.കെ. ശുക്ല പറയുന്നു. കഴിഞ്ഞതവണ മത്സരിച്ച ബി.എസ്.പി.ക്കും എ.എ.പി.ക്കും ഇത്തവണ റായ്ബറേലിയിൽ സ്ഥാനാർഥികളില്ല. 'മഹാസഖ്യ'ത്തിന്റെ സ്ഥാനാർഥിയായ സോണിയക്കാണിവരുടെ പിന്തുണ. 2014-ൽ ഇരുപാർട്ടികളും ചേർന്ന് 74,016 വോട്ടുനേടിയിരുന്നു. പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായി അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എസ്.പി.യുടെ റായ്ബറേലി കാര്യാലയത്തിൽ ചെല്ലുമ്പോൾ പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തുള്ള കടക്കാരോട് മറ്റേതെങ്കിലും ഓഫീസുണ്ടോ എന്നുചോദിച്ചപ്പോൾ, എസ്.പി. സിറ്റിപ്രസിഡന്റ് പാറുൾ വാജ്പേയി താഴത്തെ കടയിലിരിക്കുന്നുണ്ടെന്ന് അറിയിച്ചു. എന്താണ് തിരഞ്ഞെടുപ്പുകാലത്തും ഓഫീസ് അടച്ചിട്ടിരിക്കുന്നതെന്ന് വാജ്പേയിയോട് ചോദിച്ചപ്പോൾ ഞായറാഴ്ച അവധിയെന്ന് മറുപടി. എസ്.പി.യുടേത് സജീവപ്രവർത്തനമാണെന്നും പ്രവർത്തിച്ചില്ലെങ്കിലും എസ്.പി. വോട്ടെല്ലാം സോണിയാജിക്കാണെന്നും വാജ്പേയിക്ക് ഉറപ്പ്. ''സോണിയാഗാന്ധി മണ്ഡലത്തിൽ ഏറെക്കാലമായി വരുന്നില്ലെന്ന ബി.ജെ.പി. പ്രചാരണത്തിലൊന്നും കാര്യമില്ല. സോണിയാജി ദേശീയനേതാവാണ്. സ്ഥിരം വന്ന് റായ്ബറേലിയിൽ ഇരിക്കാനാവില്ല. സോണിയാജിയുടെ പ്രതിനിധിയായ കിശോരിലാൽ ശർമാജി മുഴുവൻസമയവും മണ്ഡലത്തിലുണ്ട്. ആരെന്തിനുവേണ്ടി സമീപിച്ചാലും അദ്ദേഹം ചെയ്യുന്നുണ്ട് '' -പാറുൾ വാജ്പേയി പറയുന്നു. 2014-ൽ സോണിയാഗാന്ധിക്ക് റായ്ബറേലിയിൽ ലഭിച്ചത് 3,52,713 വോട്ടിന്റെ ഭൂരിപക്ഷമാണ്. നരേന്ദ്രമോദി തരംഗമുണ്ടായ ഈ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ റായ്ബറേലിയുടെ ഭാഗമായ അഞ്ച് നിയമസഭാമണ്ഡലങ്ങളിൽ ഒന്നുപോലും കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്നില്ല. 2012-ലെ തിരഞ്ഞെടുപ്പിൽ നാലിടത്ത് എസ്.പി.യും ഒരിടത്ത് പീസ് പാർട്ടിയുമാണ് ജയിച്ചത്. എന്നിട്ടും 2009-നേക്കാൾ 19,452 വോട്ടിന്റെ കുറവേ ഭൂരിപക്ഷത്തിൽ ഉണ്ടായുള്ളൂ. പക്ഷേ, ലഭിച്ച വോട്ടുകളിൽ എല്ലായ്പ്പോഴും ക്രമാനുഗതമായ വർധനയുണ്ടായി. 2004-ലെ 3,78,107 വോട്ടിൽനിന്ന് 2014-ൽ എത്തുമ്പോൾ വോട്ട് 5,26,434 ആയി ഉയർന്നു. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസ് വിജയംകൊയ്തു. ഒരിടത്ത് വളരെ കുറഞ്ഞ വോട്ടിനാണ് രണ്ടാമതായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ റായ്ബറേലി നഗരസഭയും കോൺഗ്രസിന്റെ കൈയിലായി. ഈ ആത്മവിശ്വാസത്തോടൊപ്പം എസ്.പി.യും ബി.എസ്.പി.യും എ.എ.പി.യുമടക്കം പിന്തുണയ്ക്കുമ്പോൾ ഇക്കുറി സോണിയയുടെ ഭൂരിപക്ഷം വൻതോതിൽ കൂട്ടാമെന്നാണ് കോൺഗ്രസിന്റെ കരുതുന്നത്. റായ്ബറേലി വികാസ് മോർച്ച സ്ഥാപകനും രാഷ്ട്രീയ ജൻ അധികാർ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റുമായ അജയ് വാജ്പേയിയുടെ അഭിപ്രായവും ഇതുതന്നെയാണ്. റായ്ബറേലിയിൽ സ്വതന്ത്രരായി നാമനിർദേശപത്രിക നൽകിയ എട്ടുപേരെ തനിക്ക് പിന്തിരിപ്പിക്കാനായെന്നും ഇവരെല്ലാം സോണിയാഗാന്ധിയെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ടെന്നും അജയ് വാജ്പേയി പറഞ്ഞു. സ്വതന്ത്രർ വലിയതോതിൽ മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് റായ്ബറേലി. കഴിഞ്ഞതവണ സ്ഥാനാർഥികൾ 17 ആയിരുന്നു. ഇത്തവണ 34 പേരാണ് പത്രിക നൽകിയത്. 19 പേരുടെ പത്രിക തള്ളിപ്പോവുകയോ പിൻവലിക്കുകയോ ചെയ്തു. 15 പേർ മത്സരരംഗത്തുണ്ട്. സോണിയയ്ക്ക് എല്ലായ്പ്പോഴുമുള്ളതുപോലല്ല ഇത്തവണ കാര്യങ്ങൾ എന്നാണ് ബി.ജെ.പി. നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി.ക്ക് കഴിഞ്ഞതവണ ശക്തനായ സ്ഥാനാർഥിയെ നിർത്താനായില്ലെന്നും അഡ്വ. അജയ് അഗർവാൾ സോണിയയുടെ അടുത്തെങ്ങും വ്യക്തിപ്രഭാവമുള്ള ആളായിരുന്നില്ലെന്നും പേരുപറയരുതെന്ന നിർദേശത്തോടെ റായ്ബറേലിയിലെ ഒരു ബി.ജെ.പി. നേതാവ് പറഞ്ഞു. ''ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ശക്തമായ രാഷ്ട്രീയ-വ്യവസായ വേരുകളുള്ള റായ്ബറേലിയിലെ പ്രമുഖ കുടുംബമാണ് ബി.ജെ.പി. സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിന്റേത്. കോൺഗ്രസിന്റെ ഹർചന്ദ് പുർ എം.എൽ.എ. രാകേഷ് സിങ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. അദ്ദേഹം ദിനേശ് പ്രതാപ് സിങ്ങിന്റെ വിജയത്തിനുവേണ്ടിയാവും പ്രവർത്തിക്കുക. മറ്റൊരു സഹോദരൻ അവധേഷ് സിങ് ജില്ലാപഞ്ചായത്ത് അധ്യക്ഷനും ബി.ജെ.പി. നേതാവുമാണ്. വ്യവസായികളാണ് മറ്റുസഹോദരന്മാരായ ഗണേഷ് സിങ്ങും ബ്രിജേഷ് സിങ്ങും. പഞ്ചപാണ്ഡവന്മാരായ ഇവരുടെ കൂട്ടായപ്രവർത്തനം ബി.ജെ.പി.ക്ക് ഗുണമാവും. സോണിയാഗാന്ധി പോയാലേ റായ്ബറേലിയിൽ വികസനം വരൂ'' -ബി.ജെ.പി. വക്താവ് സുഭാഷ് ഝാ പറഞ്ഞു. ജാതിസമവാക്യമാവും ഇത്തവണയും വികസനത്തെക്കാളും റായ്ബറേലിയിലെ വിജയം നിർണയിക്കുകയെന്ന് സമാജ്വാദി പാർട്ടിപ്രവർത്തകനും നാട്ടുകാരനുമായ ഡി.പി. യാദവ് പറഞ്ഞു. ''ഠാക്കൂർ, ബ്രാഹ്മണർ തുടങ്ങിയ മുന്നാക്കക്കാർ പകുതിവീതം കോൺഗ്രസിനും ബി.ജെ.പി.ക്കുമായി വോട്ടുചെയ്യും. ദളിതരും പിന്നാക്കക്കാരുമടങ്ങുന്ന വിഭാഗങ്ങളിൽ 70 ശതമാനത്തോളം കോൺഗ്രസിനായിരിക്കും. ബാക്കിയുള്ളവർ പ്രധാനമായും ബി.ജെ.പി.ക്കും കുറച്ചുപേർ സ്വതന്ത്രർക്കും വോട്ടുചെയ്യും'' -ഡി.പി. യാദവ് ചൂണ്ടിക്കാട്ടുന്നു. Content Highlights:Sonia Gandhi, Raebareli


from mathrubhumi.latestnews.rssfeed http://bit.ly/2V9jqry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages