വരാപ്പുഴ:മാർക്കറ്റുകളിൽ പച്ചമീൻ വില്പന പകുതിയായി കുറഞ്ഞു. വില വർധനയും മത്സ്യ ലഭ്യതയിൽ ഉണ്ടായിട്ടുള്ള വൻ കുറവുമാണ് കാരണം. മത്തി, അയല എന്നിവ കിട്ടാനേയില്ല. ഇവയുടെ വിലയും ഇരട്ടിയിലേറെയായി വർധിച്ചിരിക്കുകയാണ്. കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവുമൊക്കെയാണ് മത്സ്യ ലഭ്യത കുറയുന്നതിനുള്ള കാരണമായി പറയപ്പെടുന്നത്. കിലോയ്ക്ക് നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വിലയിപ്പോൾ 220 വരെയായിട്ടുണ്ട്. 120 രൂപയുണ്ടായിരുന്ന അയിലയുടെ വില 240 രൂപയാണിപ്പോൾ. കിളിമീന്റെ വില 70-ൽ നിന്ന് 140 ആയി. പ്രധാനമായും ഹോട്ടലുകാർ ആശ്രയിക്കുന്ന ചൂരയ്ക്കും കേരയ്ക്കും വില ഇരട്ടിയിലേറെയായി. ചൂരയുടെ വില മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 270 രൂപയാണ് ഇപ്പോഴത്തെ വില. കേരയുടെ വില 150- ൽ നിന്ന് 300 ആയി. തിരുതയുടെ വില 400-ൽ നിന്ന് 700-ലെത്തി. നാടൻ കരിമീന് 520 രൂപയാണ് വില. 100 രൂപയുണ്ടായിരുന്ന പാമുള്ളന് 140 രൂപയായി. തീരദേശത്തെ മാർക്കറ്റുകളിൽ സുലഭമായി കിട്ടിയിരുന്ന നാടൻ ചെമ്മീന്റെ വരവും കുറഞ്ഞു. തെള്ളിച്ചെമ്മീൻ അതേ നിലയിൽ തന്നെ വിദേശത്തേക്ക് കയറ്റിപ്പോകുന്നതാണിതിനു കാരണമായത്. ഇതോടെ ചെമ്മീന്റെ വിലയും കാര്യമായി വർധിച്ചു. ഒരു കിലോ തെള്ളിച്ചെമ്മീന് 160 രൂപ വരെയാണിപ്പോൾ വില. വരവ് മത്സ്യങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന മാർക്കറ്റുകൾ ഇതോടെ ഏറെ പ്രതിസന്ധിയിലായി. മാർക്കറ്റുകൾക്ക് രക്ഷകനായിട്ടുള്ളത് ഇപ്പോൾ വളർത്തു തിലോപ്പികളാണ്. പല മാർക്കറ്റുകളും വ്യാപാരം മുന്നോട്ടു കൊണ്ടുപോകുന്നത് തിലോപ്പി വില്പനയിലൂടെയാണ്. എന്നാൽ, തിലോപ്പിക്ക് മറ്റ് മത്സ്യങ്ങൾക്കുള്ളതുപോലെ ആവശ്യക്കാർ ഏറെയില്ലെന്നും കച്ചവടക്കാർ പറയുന്നു. മീനുകളുടെ വരവ് നാലിലൊന്നായി കുറഞ്ഞതായും മത്സ്യ കച്ചവടക്കാർ പറയുന്നു. ഒരു ദിവസം 60 ടൺ മത്സ്യവില്പന നടക്കുന്ന വരാപ്പുഴ മാർക്കറ്റിൽ ഇപ്പോൾ പരമാവധി വില്പനയ്ക്കെത്തുന്നത് 15 ടണ്ണിൽ താഴെ മാത്രമാണ്. നാടൻ പുഴമത്സ്യങ്ങൾ കിട്ടാൻ തന്നെയില്ല. മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ചില മാർക്കറ്റുകളിലെങ്കിലും തോന്നിയതുപോലെ വില ഈടാക്കുന്നതായും പരാതിയുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2GYWWRo
via
IFTTT
No comments:
Post a Comment