ന്യൂഡല്‍ഹി: ലോക്‌സഭാ ചരിത്രത്തിലാദ്യമായി ഇത്തവണ വിജയിച്ച് കയറിയത് 76 പെണ്‍പുലികളാണ്. ലോക്‌സഭയില്‍ 33% സ്ത്രീപ്രാതിനിധ്യം എന്നത് കൈയെത്തും ദൂരയാണെങ്കിലും ആദ്യമായി ഏറ്റവും കൂടുതല്‍ വനിതാ എംപിമാരെയാണ് ലോക്‌സഭ ഇത്തവണ കാത്തിരിക്കുന്നത്. 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 542 സീറ്റുകളില്‍ 14 ശതമാനം സീറ്റുകളാണ് വനിതകള്‍ നേടിയിരിക്കുന്നത്.
കഴിഞ്ഞ തവണ 66 വനിതകളാണ് ലോക്‌സഭയിലെത്തിയത്. ബിജെപി വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശിലും, മമത ആധിപത്യം പുലര്‍ത്തുന്ന പശ്ചിമ ബംഗാളില്‍ നിന്നുമാണ് 11 വീതം വനിതകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതാ എംപി മാര്‍ ബിജെപിയില്‍ നിന്നാണ്. ബിജെപി മത്സരിപ്പിച്ച 47 സ്ത്രീകളില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള പ്രഗ്യ സിങ് ഠാക്കൂറടക്കം 34 പേരും ജയിച്ചുകയറി.
അതേസമയം ഇക്കുറി 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെയാണ് മമത ബാനര്‍ജി പോരാട്ടത്തിനിറക്കിയത്. 17 സ്ത്രീകളില്‍ 11 പേരും ഇനി ലോക്‌സഭയിലേക്ക് വിജയിച്ചു. തൃണമുല്‍ കോണ്‍ഗ്രസ് 22 സീറ്റുകളാണ് ഇത്തവണ നേടിയത്. ഇതിന് പുറമെ ഒഡിഷയില്‍ നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍ മത്സരിപ്പിച്ച സ്ത്രീകളില്‍ ആറ് പേരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയത്.
സോണിയാ ഗാന്ധി, മനേക ഗാന്ധി, സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി കരുണാനിധി എന്നിവരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയവരില്‍ പ്രമുഖര്‍. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിപ്പിച്ച നാല് സ്ത്രീകളും തമിഴ്‌നാട്ടില്‍ ഡിഎംകെ മത്സരിപ്പിച്ച രണ്ട് പേരും ജയിച്ചുകയറി. എന്നാല്‍ യുപിയില്‍ റാംപൂരില്‍ നിന്ന് മത്സരിച്ച ബിജെപിയുടെ താര സ്ഥാനാര്‍ത്ഥിയായ ജയപ്രദ എസ്പിയുടെ അസം ഖാനോട് പരാജയപ്പെട്ടു. മുംബൈ നോര്‍ത്തില്‍ മത്സരിച്ച ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോദ്കറും പരാജയപ്പെട്ടു.
from mangalam.com http://bit.ly/2Qn8yRp
via IFTTT
No comments:
Post a Comment