അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാത്തതിന്റെ പേരിൽ വാഹന രജിസ്ട്രേഷൻ രേഖകളുടെ അച്ചടി തടഞ്ഞ കേന്ദ്ര സർക്കാരിന്റെനടപടിയിൽ ഭാഗിക ഇളവ്. അതിസുരക്ഷാ നമ്പർപ്ലേറ്റ് തയ്യാറാക്കുമ്പോൾ ലഭിക്കുന്ന സുരക്ഷാ കോഡ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ രേഖകൾ അച്ചടിക്കാൻ കഴിയുകയുള്ളൂ എന്ന നിബന്ധനയാണ് പിൻവലിച്ചത്. ഇത് 2019 ഏപ്രിൽ മുതൽ നിർമിച്ച വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തി. ഇവ വിപണിയിൽ എത്തിത്തുടങ്ങിയിട്ടേയുള്ളൂ. മാർച്ചിൽ നിർമിച്ച വാഹനങ്ങളാണ് ഏപ്രിലിൽ വിറ്റത്. ആദ്യ നിബന്ധനയിൽ ഇളവ് വരുത്തി വെള്ളിയാഴ്ച രാവിലെയാണ് ഉത്തരവിറങ്ങിയത്. എം. പരിവാഹൻ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച് മാറ്റംവരുത്തി. അച്ചടി തടഞ്ഞുകൊണ്ടുള്ള സർക്കുലർ വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചത്. സംസ്ഥാനത്തെങ്ങും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകിത്തുടങ്ങിയിട്ടില്ലെന്ന കാര്യം മോട്ടോർവാഹന വകുപ്പ് ഉടൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. പുതിയ നിബന്ധനകളുടെ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ ചേർന്ന ഉന്നതലയോഗം സ്ഥിതിഗതികൾ വിലയിരുത്തി. അതിസുരക്ഷാ നമ്പർപ്ലേറ്റുകളുടെ അച്ചടിക്കുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇവ വിതരണംചെയ്ത് തുടങ്ങുമെന്നും ഡീലർമാർ മോട്ടോർവാഹന വകുപ്പിനെ അറിയിച്ചു. അതേസമയം, അതിസുരക്ഷാ നമ്പർപ്ലേറ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വാഹന ഉടമകളെ വലയ്ക്കുകയാണ്. എപ്രിൽ ഒന്നുമുതലാണ് ഇത് നിർബന്ധമാക്കിയത്. സംസ്ഥാനത്ത് ഒരുമാസം 70,000 വാഹനങ്ങൾ പുതിയതായി ഇറങ്ങുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർചെയ്യുന്ന വാഹനങ്ങൾക്ക് ഡീലർമാർ അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ചില ഡീലർമാർ ഇതിന് പണവും വാങ്ങി. കേന്ദ്രനിയമപ്രകാരം വാഹനനിർമാതാവാണ് നമ്പർപ്ലേറ്റ് നൽകേണ്ടത്. ഘടിപ്പിക്കേണ്ടത് ഡീലർമാരാണ്. എന്നാൽ, ഒരുമാസത്തിനിടെ സംസ്ഥാനത്ത് ഇറങ്ങിയ പുതിയ വാഹനങ്ങൾക്കൊന്നും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ നൽകിയിട്ടില്ല. രജിസ്ട്രേഷൻ രേഖകൾ ലഭിച്ചെങ്കിലും നമ്പർപ്ലേറ്റ് ഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന ഉടമകൾ. ഇവരുടെ വാഹനങ്ങളിൽ ഭാവിയിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കുമ്പോൾ സുരക്ഷാകോഡ് എം. പരിവാഹൻ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കേണ്ടിവരും. ഇതിനുള്ള ചുമതല ഡീലർമാരെ ഏൽപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ട്. നിലവിലുള്ള പഴയ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമല്ല. Content Highlights:High Security Number Plates
from mathrubhumi.latestnews.rssfeed http://bit.ly/2Y5qum4
via
IFTTT
No comments:
Post a Comment