ന്യൂഡൽഹി: ദേശസുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന ഫയലുകളിൽ ‘അടയിരുന്ന്’ ബി.ജെ.പി. സർക്കാർ രാജ്യത്തെ ഭീകരർക്ക് എളുപ്പം ആക്രമിക്കാവുന്ന ഇടമാക്കിമാറ്റിയെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. യു.പി.എ. സർക്കാർ മുന്നോട്ടുവെച്ച ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എൻ.സി.ടി.സി.), ദേശീയ രഹസ്യാന്വേഷണ ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്നിവയുടെ ഫലയുകൾ നീക്കാതെ സർക്കാർ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ചിദംബരം ആരോപിച്ചു. തുടർച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു ആരോപണം.മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന പദ്ധതിയായതുകൊണ്ടാണ് മോദി സർക്കാർ അവ പ്രവർത്തനക്ഷമമാക്കാത്തത്. അഞ്ചുവർഷമായി ഫയലുകളിൽ ‘അടയിരുന്ന്’ ബി.ജെ.പി. തന്നെയാണ് ഭീകരർക്ക് എളുപ്പം ആക്രമിക്കാവുന്ന ഇടമായി ഇന്ത്യയെ മാറ്റിയത്. എന്തുകൊണ്ടാണ് അഞ്ചുവർഷമായി നാറ്റ്ഗ്രിഡും എൻ.സി.ടി.സി.യും പ്രവർത്തനക്ഷമമാക്കാത്തത്? -ചിദംബരം ചോദിച്ചു.മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരമാണ് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരൊറ്റ ദേശീയ ഏജൻസി എന്നനിലയിൽ എൻ.സി.ടി.സി. കൊണ്ടുവന്നത്. ഈ ഏജൻസി വന്നാൽ സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടലുണ്ടാകുമെന്നുകാട്ടി നരേന്ദ്രമോദി ഉൾപ്പെടെയുള്ള അന്നത്തെ ഏതാനും മുഖ്യമന്ത്രിമാർ നീക്കത്തെ എതിർത്തു. ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണ് എൻ.സി.ടി.സി.യെന്നും ആരോപിച്ചു. പിന്നാലെ നീക്കം മരവിപ്പിക്കപ്പെട്ടു. അതേസമയം, 3400 കോടി രൂപയുടെ നാറ്റ്ഗ്രിഡ് പദ്ധതിയുടെ തടസ്സം 2011-ൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി നീക്കിയെങ്കിലും ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2WHjACR
via
IFTTT
No comments:
Post a Comment