അമേഠിയിലെ ഇരുട്ടും വെളിച്ചവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

അമേഠിയിലെ ഇരുട്ടും വെളിച്ചവും

കുറ്റാക്കുറ്റിരുട്ട്. ദേഹത്തു വന്ന് ഇടിച്ചു നിന്നാൽ മാത്രമേ എതിരെ ഒരാൾ വന്നിരുന്നു എന്ന് തിരിച്ചറിയൂ. അത്രയ്ക്കുണ്ട് ഇരുട്ടിന്റെ കടുപ്പം. ദൂരെ വീടുകളിൽ ചെറുവിളക്കുകളുടെ തിരികളിൽ മിന്നാമിനുങ്ങുകൾ.പാൻ കടകൾ പോലീസ് നേരത്തെ അടപ്പിച്ചിരുന്നാൽ വിളക്കിന്റെ വെളിച്ചക്കീറ് കിട്ടാൻ ആ വഴിയും അടഞ്ഞു. എന്നിട്ടും വൈദ്യുതി എത്തിനോക്കാത്ത ഗ്രാമത്തിലെ ചെറുനിരത്തിൽ ആൾക്കൂട്ടം ആരവത്തോടെ നിറയുകയാണ്. ഉരുകിപ്പോകുന്ന കൊടുംചൂടിൽ പലരും ഉച്ചമുതൽ കാത്തു നിൽപാണ്. കീരയെന്ന് ഹിന്ദി നാടുകൾ പറയുകയും കക്കിരിയെന്നോ കക്കിരിക്കയെന്നോ കേരളം വിളിക്കുകയും ചെയ്യുന്ന ചെറുവെള്ളരി, ഉപ്പ് പുരട്ടി വിൽപന നടത്തുന്ന ഉന്തുവണ്ടിക്കാർക്ക് അപ്രതീക്ഷിതമായി കിട്ടിയ ചാകരയും കഴിഞ്ഞു. ഗ്രാമപ്രദേശം പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലയത്തിലായി. തടിച്ചു കൂടിയ ആൾക്കൂട്ടത്തിന് പോലീസുകാരുടെ സാന്നിധ്യവും കൗതുകമേറ്റി. ഉച്ചമുതലുള്ള ആ കാത്തിരിപ്പിൽ ഞങ്ങളുമുണ്ടായിരുന്നു.മാതൃഭൂമി ന്യൂസ് ചാനലിന്റെ ക്യാമറാമാൻ വിനോദ് മൊറാഴയും ഈ ലേഖകനും. കാത്തിരിപ്പ് രാത്രി എട്ടു മണി വരെ നീളുന്നതിനിടയിൽ, ദൂരെ നിന്ന് രണ്ട് തീഷ്ണദൃഷ്ടികൾ ഇരുട്ടിനെ കീറിമുറിച്ച് പതുക്കെ വരുന്നത് കണ്ടു.ആൾക്കൂട്ടത്തിന് നടുവിൽ അതുവരെ കാലിടറാതെ ഒരു വിധം ഒപ്പിച്ചു നിന്ന പ്രാദേശിക നേതാവ് വാഹനത്തിന്റെ വരവ് കണ്ട് തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി,രാഹുൽജി സിന്ദാബാദ്, സോണിയാജി സിന്ദാബാദ്,പ്രിയങ്കാജി സിന്ദാബാദ്...കയ്യിൽ കരുതിയ പേരുകളുടെ സ്റ്റോക്ക് തീർന്നപ്പോൾ അയാൾ വീണ്ടും വിളിച്ചു :അമേഠിയുടെ നേതാവേ സിന്ദാബാദ്.അവിടെ കൂടിയ ആൾക്കൂട്ടവും അക്ഷരംപ്രതി അതെല്ലാം ഏറ്റ് വിളിച്ചു.അമേഠിയിലെ ലോക്സഭാ സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ അപ്പോൾ ആൾക്കൂട്ടത്തിനരുകിലേക്ക് പതുക്കെ സഞ്ചരിച്ചു വരികയായിരുന്നു. വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി രാഹുൽ എത്തുമെന്ന് ഈ മാസം 23 ന് സൂചന ഉയരുകയും പിന്നീട് ഒരാഴ്ചയോളം അനിശ്ചിതത്വം പുകയുകയും ഒടുവിൽ പ്രഖ്യാപനമെത്തുകയും ചെയ്തപ്പോൾ, ഓർത്തത് 2014 ൽ അമേഠിയിലെ രാഹുലിന്റെ റോഡ് ഷോ കവർ ചെയ്യാൻ പോയ ദിവസത്തെക്കുറിച്ചായിരുന്നു. രാഹുൽ ഗാന്ധിയുടെ ബൈറ്റ് ചാനൽ മൈക്കിൽ എടുക്കണം.അതായിരുന്നു ലഖ്നോവിൽ നിന്ന് പുലർച്ചെ യാത്ര തിരിക്കുമ്പോഴും അമേഠിയുടെ റോഡില്ലാ റോഡിലൂടെ യാത്രചെയ്ത് പൊടിയിൽ കുളിച്ച് ആ ഉൾഗ്രാമത്തിൽ എത്തുമ്പോഴും ആഗ്രഹം. ഇതുപോലെയുള്ള രാഷ്ട്രീയവി.വി.ഐ.പിയുടെ ബൈറ്റുകൾ സ്വന്തം ചാനൽ മൈക്കിൽ എടുക്കുകയും അത് ബ്രേക്കിംഗ് ന്യൂസിന്റെ ആഡംബരത്തിൽ ആകാശത്തേയ്ക്ക് വിക്ഷേപിക്കുകയും ചെയ്യുക തിരഞ്ഞെടുപ്പ് കാല ദൃശ്യമാധ്യമപ്രവർത്തനത്തിന്റെ ഹരമാണ്. ബൈറ്റ് കിട്ടാൻ ഏറ്റവും ദുഷ്കരമായ നിരയിലുള്ള നേതാക്കളുടെ ബൈറ്റുകൾ സ്വന്തമാക്കുക എന്നതിന്റെ സാഹസികത ഹരമേറ്റും. പലമടങ്ങുകളുള്ള സുരക്ഷാ വലയം ഭേദിച്ച് രാഹുലിന് അടുത്തെത്തുകയും ബൈറ്റെടുക്കുകയും ചെയ്യുക അത്യാഗ്രഹമാണ്. എങ്കിലും ശ്രമിച്ചു കളയാം എന്ന മട്ടിൽ മൈക്കുമായി ഞാനും ക്യാമറയുമായി വിനോദും തയ്യാറായി നിന്നു. ആ ഉൾഗ്രാമത്തിൽ രാഹുലിന്റെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാൻ അപ്പോൾ മാധ്യമപ്രവർത്തകരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ എല്ലാം ഒത്തുവരും. അതിന് തൊട്ടുമുന്നിലുള്ള ദിവസം റായ്ബറേലിയിൽ നിന്ന് പ്രിയങ്കയുടെ ബൈറ്റ് ഇതുപോലെ ഒരു റോഡ്ഷോയിൽ നിന്ന് ഏറെ പരിശ്രമിച്ച് എടുക്കാനായതിന്റെ പ്രതീക്ഷ കൂട്ടിനുണ്ടായിരുന്നു. വാഹനം പതുക്കെ ഇരുട്ടിൽ വന്നു നിന്നു.വൈകിട്ട് 5 മണിക്ക് എത്തേണ്ട റോഡ് ഷോയാണ്.പക്ഷെ, ആ ഗ്രാമത്തിൽ എത്തിയപ്പോൾ രാത്രി എട്ടുമണിയായി. റോഡ് ഷോയുടെ അവസാന ഘട്ടമായിരുന്നു. അപ്പോൾ അവിടെ തെളിഞ്ഞ ഏക വെളിച്ചം രാഹുൽ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ മാത്രം ! പടർന്നു കിടന്ന ഇരുട്ടിൽ രാഹുലിന്റെ മുഖം ജനങ്ങൾക്ക് കാണാനാവുന്നില്ല. ജനങ്ങളുടെ മുഖം രാഹുലിനും. വൈദ്യുതിയെത്താത്ത പാവം പിടിച്ച ഗ്രാമത്തിൽ ബദൽ മാർഗ്ഗങ്ങളൊന്നുമില്ല. റോഡ് ഷോ പകൽ വെളിച്ചത്തിൽ എത്തുമെന്ന് കരുതി പകരം സംവിധാനം കരുതി വയ്ക്കാതിരുന്നതോ,ആ പ്രദേശത്ത് ജനറേറ്ററുകൾ പോലെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതോ ആകാം കാരണം.പിന്നീട് സംഭവിച്ചത് അതിശയോക്തി എന്ന് കരുതപ്പെടാവുന്ന ചില കാര്യങ്ങളാണ്..... ഇരുട്ടിൽ എങ്ങനെ രാഹുൽ പ്രസംഗിക്കുമെന്ന് പ്രാദേശിക സംഘാടകർ ആശയക്കുഴപ്പത്തിലാണ്ടപ്പോഴാണ്, പെട്ടെന്ന് വിനോദിന്റെ ക്യാമറാ ലൈറ്റ് പകൽ വെളിച്ചം പരത്തി കൺ തുറന്നത്. രാഹുലിന്റെ മുഖത്തും വെളിച്ചം വീണു.വാഹനത്തിന് മുകളിൽ കയറി നിന്ന് സംസാരിക്കാനൊരുങ്ങിയ രാഹുൽ, വെളിച്ചത്തിന്റെ ഉടമയായ വിനോദിനെ കയ്യാട്ടി വിളിച്ചു.ഭായ് സാബ് ആവോ,ആവോ...ലൈറ്റ് യഹാം ഫോക്കസ് കരോ...വിനോദ് ക്യാമറയും വെളിച്ചവുമായി അടുത്തേക്ക് ചെല്ലാനൊരുങ്ങി. എന്നാൽ,ആൾക്കൂട്ടവും സുരക്ഷാവലയവും തടസ്സങ്ങളായി. ജനക്കൂട്ടം നേതാവിനെ കണ്ട ആഹ്ലാദത്തിൽ ഇളകി മറിയുന്നു.ഗാന്ധി കുടുംബത്തിന്റെ പതിവ് മണ്ഡലമാണെങ്കിലും രാഹുലിനെ അടുത്തുകിട്ടുക അന്നത്തെ കാലത്ത് നാട്ടുകാർക്ക് എളുപ്പമായിരുന്നില്ല. ആരും വാഹനത്തിന് അടുത്തെത്താതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൈകോർത്ത് പിടിച്ച് നിലയുറപ്പിച്ചിരിക്കുന്നു.വാഹനത്തിന് മുകളിൽ നിന്ന് രാഹുൽ വീണ്ടും വിളിച്ചു.ഭായ് സാബ് ആവോ..എന്നിട്ട് സുരക്ഷാ ഉദ്യോസ്ഥരോട് പറഞ്ഞു :ഭായ്സാബ് കോ രാസ്താ ദീജിയേ....ആൾക്കൂട്ടം വിനോദിനായി തെല്ലൊന്നൊതുങ്ങി. വിനോദ് ക്യാമറയും തോളിൽ വച്ച് തിങ്ങിഞെരുങ്ങി വാഹനത്തിനരുകിലേക്ക്. തൊട്ടുപിന്നാലെ മൈക്കുമായി ഞാനും. വിനോദിനോട് വാഹനത്തിന് മുകളിലേക്ക് കയറാൻ രാഹുൽ അഭ്യർഥിച്ചു. വാഹനത്തിന്റെ ബോണറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ വിനോദ് നിലയുറപ്പിച്ചു. വിനോദിന്റെ കയ്യിലും കാലിലുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടുത്തം. വാഹനത്തിന്റെ താഴത്തെ ചവിട്ടുപടിയിൽ കയറി ഞാനും നിന്നു.എന്നെയും ഒരിഞ്ചുപോലും അനങ്ങാൻ കഴിയാത്ത വിധം എസ്.പി.ജി വട്ടം പിടിച്ചിരിക്കുന്നു. രണ്ടോ മൂന്നോ മിനുട്ട് പ്രസംഗിച്ച ശേഷം ഞങ്ങളെ നോക്കി നന്ദി പ്രകാശിപ്പിച്ച് രാഹുൽ സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മൈക്ക് നീട്ടി-സുരക്ഷാ ഉദ്യോഗസ്ഥർ ചിതറിയെറിയാൻ ശ്രമിക്കുന്നതിനിടയിൽ. ചോദിച്ചോളു....ചോദിക്കാൻ ഒരുങ്ങുമ്പോഴേക്ക് വിനോദിനെയും ക്യാമറയെയും സുരക്ഷാ ഉദ്യോഗസ്ഥർ താഴെ ഇറക്കി. വിനോദ് ആൾക്കൂട്ടത്തിൽ അകപ്പെട്ടു. ക്യാമറാമാൻ ദൂരെയായിപ്പോയല്ലോ എന്ന് ഞാൻ സ്വയം അറിയാതെ പ്രതികരിച്ചപ്പോൾ ,എന്ത് ചെയ്യാൻ കഴിയുമെന്ന് ചെറുചിരിയോടെ രാഹുലിന്റെ പ്രതികരണം.ഒരു കാര്യം ചെയ്യൂ,നിങ്ങൾ ഈ വാഹനത്തെ ഒപ്പത്തിനൊപ്പം പിന്തുടർന്നോളു,എവിടെയെങ്കിലും വച്ച് അവസരം കിട്ടിയാൽ അപ്പോൾ ഞാൻ സംസാരിക്കും-രാഹുലിന്റെ ഉറപ്പ്. തുടർന്ന് ജനക്കൂട്ടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടിയും തൊഴിയുമേറ്റ് വിഹനത്തിന് പിന്നിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ വിനോദും ഞാനും നടപ്പോട്ടം തുടങ്ങി. നടപ്പും ഓട്ടവും. ഒറ്റലക്ഷ്യം മാത്രം കണ്ണിലുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടം വലം നോട്ടമില്ല. ഇടിച്ചുതള്ളലിന് ഒരു തരിമ്പും മാർദ്ദവമില്ല. രണ്ടു പേരുടെയും പാന്റസിന് പിന്നിൽ എസ്.പി.ജി ഉദ്യോഗസ്ഥർ കടുംപിടിത്തം പിടിച്ചിരിക്കുകയാണ്. അങ്ങനെ തന്നെ നടപ്പ് തുടർന്നു. അല്പ ദൂരം പിന്നിട്ടപ്പോൾ, രാഹുൽ വാക്കു പാലിച്ചു. വാഹനത്തിന്റെ പിൻഭാഗത്ത് എത്തി രാഹുൽ സംസാരിക്കാൻ തയ്യാറായി. ചോദിച്ചോളു..ചോദിച്ചു.ഒന്നല്ല, രണ്ട് ചോദ്യങ്ങൾ. രണ്ടിനും രാഹുൽ ഉത്തരം നൽകി. മൂന്നാമത്തെ ചോദ്യത്തിനൊരുങ്ങുമ്പോൾ,എസ്.പി.ജി ഉദ്യോഗസ്ഥർ പാന്റ്സിന്റെ പുറകിൽ പിടിച്ച് വലിച്ച് രണ്ടു പേരെയും വഴിയോരത്തേക്ക് തള്ളി മാറ്റി. ഒരു വലിയ കിതപ്പിന്റെ ചുവരും ചാരി ഞങ്ങൾ രണ്ടു പേരും കുറെ നേരമിരുന്നുപോയി. എങ്കിലും, ലക്ഷ്യം സാധിച്ചെന്ന സന്തോഷത്തോടെ ഇരുട്ടിലും ഞങ്ങൾ ചിരി കൈമാറി. അപ്പോഴേക്ക് റോഡ് ഷോ അടുത്ത പോയിന്റിലേക്ക് നീങ്ങിയിരുന്നു. ഞങ്ങൾ പിന്നിലേക്ക് നടന്ന് പാർക്ക് ചെയ്ത വാഹനത്തിൽ കയറി ലഖ്നോവിലേക്കും. വികസനവുമായി കാര്യമായ ചങ്ങാത്തമുണ്ടായിരുന്നില്ല 2014 ൽ അമേഠിക്ക് .പരന്നു കിടക്കുന്ന വരണ്ട പ്രദേശത്തിന് പരാധീനതകളുടെ മേൽവിലാസം. റോഡുകളെന്ന പേരിൽ പൊടിയിൽ കുളിച്ച നടവഴികൾ.വെള്ളവും വെളിച്ചവും എത്താത്ത മേഖലകളേറെ. എന്നാൽ ഗാന്ധി കുടുംബത്തിന്റെ പതിവ് മണ്ഡലമെന്നതിനാൽ റായ്ബറേലിക്കൊപ്പം താരപരിവേഷമുണ്ട് അമേഠിക്ക്. കോൺഗ്രസിന്റെ കുത്തക മണ്ഡലമാണ് 1960 കൾ മുതൽ അമേഠി. ആദ്യ പാർലമെന്റ് അംഗം കോൺഗ്രസ് നേതാവായിരുന്ന വിദ്യാധർ ബാജ് പേയിയാണ്. 1967 ലും 1971 ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1977 ലെ ഇന്ദിരാവിരുദ്ധ തരംഗത്തിൽ ജനതാപാർട്ടി സ്ഥാനാർഥി രവീന്ദ്ര പ്രതാപ് സിംഗ് ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്ജയ് ഗാന്ധിയെ അമേഠിയിൽ തോൽപിച്ചു. ഇന്ദിരാഗാന്ധിയാകട്ടെ, റായ്ബറേലിയിലും പരാജയപ്പെട്ടു. 1980 ൽ സഞ്ജയ് ഗാന്ധി അതേ രവിന്ദ്ര പ്രതാപ് സിംഗിനെ പരാജയപ്പെടുത്തി അമേഠിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം 1981 ലെ ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വിജയിച്ചു. അന്ന് ലോക്ദൾ നേതാവായിരുന്ന ശരദ് യാദവായിരുന്നു എതിരാളി. 1984 ൽ രാജീവിനെ എതിരിട്ടത് മേനകാ ഗാന്ധി. മേനക സ്വതന്ത്രസ്ഥാനാർഥിയായിരുന്നു. രാജീവിന് കിട്ടിയത് മൂന്ന് ലക്ഷത്തി അറുപത്തി അയ്യായിരം വോട്ടും മേനകയ്ക്ക് അമ്പതിനായിരം വോട്ടും. 1989 ൽ അമേഠി ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിച്ചത്. രാജീവ് ഗാന്ധിക്കെതിരെ ജനതാദൾ സ്ഥാനാർഥി രാജ്മോഹൻ ഗാന്ധിയും ബി.എസ്.പി സ്ഥാനാർഥി കൻഷി റാമുമായിരുന്നു എതിരാളികൾ.മൊത്തം 47 സ്ഥാനാർഥികൾ.എന്നാൽ പോൾ ചെയ്തതിൽ 67.43 ശതമാനം വോട്ട് നേടി രാജീവ് വൻ വിജയം നേടി. 1991 വരെ രാജീവ്ഗാന്ധിയാണ് അമഠിയെ പ്രതിനിധീകരിച്ചത്. രാജീവിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ സുഹൃത്തും കോൺഗ്രസ് നേതാവുമായിരുന്ന സതീഷ് ശർമ തിരഞ്ഞെടുക്കപ്പെട്ടു. 1998 ൽ ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് സിംഗ് സതീഷ് ശർമയെ തോൽപിച്ചു.1999 ൽ മണ്ഡലം വീണ്ടും കോൺഗ്രസിന് ലഭിച്ചു.199 മുതൽ 2004 വരെ സോണിയാഗാന്ധിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2004 മുതലാണ് രാഹുൽ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കാൻ തുടങ്ങിയത്. 2004 ൽ ബി.ജെ.പി സ്ഥാനാർഥി ചന്ദ്ര പ്രകാശ് മിശ്രയെ രാഹുൽ തോൽപിച്ചു. രാഹുലിന് 66.18 ശതമാനവും ചന്ദ്ര പ്രകാശിന് 16.85 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2009 ൽ ത്രികോണമത്സരമായിരുന്നു.ബി.ജെ.പി സ്ഥാനാർഥി പ്രദീപ് കുമാർ സിംഗും ബി.എസ്.പി സ്ഥാനാർഥി അശീശ് ശുക്ലയുമാണ് നേരിട്ടത്.രാഹുൽ 71.78 ശതമാനം വോട്ട് നേടിയപ്പോൾ,ബി.എസ്.പി സ്ഥാനാർഥി (14.54 % )രണ്ടാം സ്ഥാനത്തും ബി.ജെ.പി സ്ഥാനാർഥി (5.81 % )മൂന്നാം സ്ഥാനത്തുമായി. എന്നാൽ 2014 ൽ ചിത്രം മാറി. രാഹുലിന് 46 .71 ശതമാനവും സ്മൃതി ഇറാനിക്ക് 34.38 ശതമാനവും വോട്ടുകൾ ലഭിച്ചു. രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞു. 2009 നെക്കാൾ 25.07 ശതമാനം വോട്ടുകൾ രാഹുലിന് കുറവായിരുന്നു. 2019 ൽ രാഹുലും സ്മൃതിയും തമ്മിലായിരിക്കും പ്രധാന ഏറ്റുമുട്ടൽ.ബി.എസ്.പി-എസ്.പി.സഖ്യം തങ്ങളുടെ സ്ഥാനാർഥിയെ അമേഠിയിൽ മത്സരിപ്പിക്കുന്നില്ല എന്നാണ് ഇതുവരെയുള്ള സൂചന. എന്നാൽ ഈ രണ്ട് പാർട്ടികളും എടുക്കുന്ന നിലപാടുകൾ രാഹുലിന് നിർണായകമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OBnJFH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages