ന്യൂഡൽഹി: ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് കണ്ണുവെക്കുന്നത് ദക്ഷിണേന്ത്യയിലെ 133 സീറ്റിൽ. കേന്ദ്രത്തിൽ ഭരണത്തിലെത്താനുള്ള കോൺഗ്രസിന്റെ പ്രതീക്ഷയിൽ ഏറെ നിർണായകമാണ് ദക്ഷിണേന്ത്യയിൽനിന്നുള്ള എം.പി.മാർ. കോൺഗ്രസും കോൺഗ്രസിനെ പിന്തുണയ്ക്കാൻ സാധ്യതയുള്ള കക്ഷികളും ചേർന്ന് ഇതിൽ 100 സീറ്റെങ്കിലും പിടിക്കേണ്ടിവരും. തങ്ങൾക്കധികം കിട്ടിയില്ലെങ്കിലും ബി.ജെ.പി.ക്ക് ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റ് കിട്ടുന്നില്ലെന്നെങ്കിലും ഉറപ്പിക്കണം. അതുകൊണ്ടുതന്നെ പ്രാദേശിക കക്ഷികളും പ്രധാനമാണ്. ദക്ഷിണേന്ത്യയിൽ കർണാടത്തിൽമാത്രമാണ് ബി.ജെ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. 28 സീറ്റുള്ള കർണാടകയും 20 സീറ്റുള്ള കേരളവുമാണ് കോൺഗ്രസിന് പ്രതീക്ഷയുള്ളത്. കർണാടകയിൽ 2014-ൽ ബി.ജെ.പി. 17, കോൺഗ്രസ് ഒൻപത്, ജനതാദൾ (എസ്) രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ സംഖ്യത്തിലായ കോൺഗ്രസ് 21-ഉം ദൾ ഏഴും സീറ്റിലാണ് മത്സരിക്കുന്നത്. 16 സീറ്റിലധികം നേടാമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ. 2014-ൽ 12 സീറ്റുനേടിയ കേരളത്തിൽ യു.ഡി.എഫ്. രാഹുൽ ഗാന്ധിയുടെ വരവോടെ അതിൽക്കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. 39 സീറ്റുള്ള തമിഴ്നാടാണ് എണ്ണത്തിൽ ദക്ഷിണേന്ത്യയിൽ മുന്നിൽ. ഡി.എം.കെ.യുമായി കോൺഗ്രസ് സഖ്യത്തിലാണ്. ഡി.എം.കെ. 20, കോൺഗ്രസ് ഒന്പത്, മറ്റുള്ളവർ 10 എന്നിങ്ങനെയാണ് ഇത്തവണ മത്സരിക്കുന്നത്. ജയലളിതയുടെ പ്രഭാവത്തിൽ 2014-ൽ 37 സീറ്റ് എ.ഐ.എ.ഡി.എം.കെ. നേടിയപ്പോൾ ഒരു സീറ്റുവീതം ബി.ജെ.പി.യും പി.എം.കെ.യും നേടി. ജയയുടെ അഭാവത്തിൽ ഭരണത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്. എങ്കിലും ഡി.എം.കെ.-കോൺഗ്രസ് മുന്നണി 20 സീറ്റിലേറെ നേടുമെന്ന് വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിനുശേഷം നിർണായകം ആന്ധ്ര, തെലങ്കാന 2014-ൽ ഐക്യ ആന്ധ്രയിലെ 42 സീറ്റിലേക്കായിരുന്നു മത്സരം. ഇക്കുറി 25 സീറ്റുള്ള ആന്ധ്രാപ്രദേശിൽ ടി.ഡി.പി.യും വൈ.എസ്.ആർ.കോൺഗ്രസും കോൺഗ്രസും എല്ലാസീറ്റിലും മത്സരിക്കുന്നുണ്ട്. 2014-ൽ ടി.ഡി.പി. 15 സീറ്റും അന്ന് സഖ്യത്തിലായിരുന്ന ബി.ജെ.പി. രണ്ടുസീറ്റും നേടി. വൈ.എസ്.ആർ. കോൺഗ്രസ് എട്ട്. കോൺഗ്രസിന് പൂജ്യം. ഇക്കുറിയും കോൺഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. എങ്കിലും ബി.ജെ.പി.യോട് ഇപ്പോൾ കടുത്ത ശത്രുതയിലുള്ള ടി.ഡി.പി.ക്ക് കൂടുതൽ സീറ്റ് കിട്ടുന്നതാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് കോൺഗ്രസിന് കൂടുതൽ നല്ലത്. ബി.ജെ.പി.യുടെ സാധ്യത വിദൂരമാണ്. 17 സീറ്റുള്ള തെലങ്കാന ചന്ദ്രശേഖർറാവുവിന്റെ ടി.ആർ.എസ്. പ്രഭാവത്തിലാണ്. 2014-ൽ 11 സീറ്റാണ് പാർട്ടി നേടിയത്. കോൺഗ്രസ് രണ്ട്, ടി.ഡി.പി. ഒന്ന്, ബി.ജെ.പി. ഒന്ന്, വൈ.എസ്.ആർ.കോൺഗ്രസ് ഒന്ന്, ഒവൈസിയുടെ മജ്ലിസ് പാർട്ടി ഒന്ന് എന്നിങ്ങനെയായിരുന്നു നില. ഇത്തവണ ഒരു സീറ്റ് മജ്ലിസ് പാർട്ടിക്ക് നൽകി 16 സീറ്റിലാണ് ടി.ആർ.എസ്. മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചായിരുന്നെങ്കിലും ടി.ഡി.പി.- കോൺഗ്രസ് സഖ്യമില്ല. എങ്കിലും ടി.ഡി.പി.യുടെ പിന്തുണ കോൺഗ്രസിന് കിട്ടും. നഗരമേഖലയിൽ നിന്നായി അഞ്ചുസീറ്റുവരെയെങ്കിലും പ്രതീക്ഷിക്കുന്നത് കിട്ടിയാൽത്തന്നെ കോൺഗ്രസിന് വലിയനേട്ടമാവും. തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിൽ എൻ.ഡി.എ. ആയാലും യു.പി.എ. ആയാലും വിലപേശലിന് അവസരം കിട്ടിയാൽ ചന്ദ്രശേഖർറാവുവും ജഗൻമോഹൻ റെഡ്ഡിയും മുൻപന്തിയിൽ ഉണ്ടാവും. കഴിഞ്ഞതവണ എ.ഐ.എൻ.ആർ. കോൺഗ്രസിനോട് തോറ്റ പുതുച്ചേരി സീറ്റ് ഇത്തവണ ഡി.എം.കെ. പിന്തുണയോടെ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. content highlights:Rahul Gandhi's second seat Wayanad
from mathrubhumi.latestnews.rssfeed https://ift.tt/2YF5svD
via
IFTTT
No comments:
Post a Comment