മുംബൈ:സംഘപരിവാറിനുകീഴിലെ ന്യൂനപക്ഷ സമുദായ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് (എം.ആർ.എം.) നാഗ്പുർ ജില്ലാ ഘടകത്തിന്റെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. വരുംദിവസങ്ങളിൽ 5000 എം.ആർ.എം. പ്രവർത്തകർ കോൺഗ്രസിലെത്തുമെന്നാണ് ജില്ലാ കൺവീനർ റിയാസ് ഖാൻ പറയുന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് ശക്തിപ്രകടനങ്ങളിലെ അലങ്കാരവസ്തുക്കളുടെ സ്ഥാനംമാത്രമാണ് സംഘപരിവാർ നൽകുന്നതെന്ന് രാജിവെച്ച എം.ആർ.എം. നേതാക്കൾ പറഞ്ഞു. എം.ആർ.എമ്മിലെ മുസ്ലിംസ്ത്രീകൾ ബി.ജെ.പി.യുടെ റാലികളിൽ പർദയണിഞ്ഞുവരണമെന്നാണ് നിർദേശം. മുസ്ലിംസ്ത്രീകൾ ബി.ജെ.പി.യിലുണ്ടെന്ന് കാണിക്കുന്നതിനാണിത്. അതേസമയം, ഹിന്ദുദേവന്മാരുടെ വിഗ്രഹങ്ങളിൽ പൂക്കളർപ്പിക്കാൻ ഇവർ നിർബന്ധിതരാവുകയും ചെയ്യുന്നു. പാർട്ടിപരിപാടികളിൽ രണ്ടാംകിടക്കാരായി പരിഗണിക്കപ്പെടുന്നതിൽ മനംനൊന്താണ് എം.ആർ.എം. വിടുന്നതെന്ന് റിയാസ് ഖാൻ പറഞ്ഞു. ആർ.എസ്.എസ്. ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പുരിലെ കോൺഗ്രസ് സ്ഥാനാർഥി നാനാ പഠോളെയുടെ സാന്നിധ്യത്തിലാണ് എം.ആർ.എമ്മിന്റെ നേതാക്കളും 50 പ്രവർത്തകരും കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. നാഗ്പുരിൽ ആർ.എസ്.എസ്. ആസ്ഥാനത്തോടുചേർന്ന് ഇഫ്ത്താർസംഗമം നടത്തണമെന്ന് എം.ആർ.എം. അഭ്യർഥിച്ചിരുന്നു. എന്നാൽ, ആർ.എസ്.എസ്. അതിന് സമ്മതംനൽകിയില്ല. തുടർന്നാണ് എം.ആർ.എം. പ്രവർത്തകർ സംഘടനയിൽനിന്ന് അകലാൻ തുടങ്ങിയത്. നെയ്ത്തുകാരുടെ ഹാൽബാ സമുദായവും ക്രൈസ്തവരും ഒപ്പമുണ്ടെന്ന് ഖാൻ പറഞ്ഞു. ബി.ജെ.പി.യുടെ എം.പി.യായിരുന്ന നാനാ പഠോളെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞവർഷം പാർട്ടിവിട്ടത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരേയാണ് അദ്ദേഹം മത്സരിക്കുന്നത്. Content Highlights:5,000 Members of RSS-linked Muslim Rashtriya Manch to Join Congress After Facing Discrimination
from mathrubhumi.latestnews.rssfeed https://ift.tt/2uC5C9g
via
IFTTT
No comments:
Post a Comment