ദുബായ്: ഏകദിന ലോകകപ്പിന് മുമ്പ് ഇതുപോലൊരു തുടക്കം ഏതൊരു ടീമും ആഗ്രഹിക്കും. പാകിസ്താനെതിരായ അഞ്ച് ഏകദിനവും തൂത്തുവാരിയാണ് ഓസീസിന്റെ മുന്നേറ്റം. അവസാന ഏകദിനത്തിൽ 20 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. തുടർച്ചയായി എട്ടു ഏകദിനങ്ങളിലാണ് ഓസീസ് പരാജയമറിയാതെ കുതിക്കുന്നത്. 328 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്താന് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സെഞ്ചുറിയുമായി ഹാരിസ് സുഹൈലും അർധസെഞ്ചുറികളുമായി ഇമാദ് വസീമും ഷാൻ മസൂദും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയതീരം കാണാനായില്ല. 129 പന്തിൽ 11 ഫോറും മൂന്നു സിക്സുമടക്കമായിരുന്നു ഹാരിസിന്റെ 130 റൺസ്. ഓപ്പണർ ഷാൻ 54 പന്തിൽ 50 റൺസ് അടിച്ചപ്പോൾ ഇമാദ് വസീം 34 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും ഒരു സിക്സും ഇമാദിന്റെ ബാറ്റിൽ നിന്ന് പിറന്നു. 44 പന്തിൽ 43 റൺസോടെ ഉമർ അക്മലും തന്റെ റോൾ ഭംഗിയാക്കി. എട്ടു ഓവറിൽ 63 റൺസ് വഴങ്ങി ബെഹ്റെൻഡോർഫ് ഓസീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ മുൻനിര ബാറ്റ്സ്മാൻമാരുടെ ക്ലാസ് ഇന്നിങ്സുകളാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഉസ്മാൻ ഖ്വാജയും ആരോൺ ഫിഞ്ചും 134 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഉസ്മാൻ ഖ്വാജ 111 പന്തിൽ 98 റൺസ് നേടിയപ്പോൾ ഫിഞ്ച് 69 പന്തിൽ 53 റൺസ് നേടി. ഷോൺ മാർഷ് 61 റൺസും ഗ്ലെൻ മാക്സ്വെൽ 70 റൺസും അടിച്ചെടുത്തു. 33 പന്തിൽ നിന്ന് 10 ഫോറും മൂന്ന് സ്കിസും സഹിതമായിരുന്നു മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഇതോടെ അവസാന പത്ത് ഓവറിൽ ഓസീസ് നേടിയത് 107 റൺസാണ്. പാകിസ്താനായി ജുനൈദ് ഖാൻ മൂന്നു വിക്കറ്റും ഉസ്മാൻ ഷിൻവാരി നാല് വിക്കറ്റും വീഴ്ത്തി. Content Highlights:Australia sweeps Pakistan 5-0 in ODI series
from mathrubhumi.latestnews.rssfeed https://ift.tt/2FIlDzS
via
IFTTT
No comments:
Post a Comment