ലണ്ടൻ: ഫുട്ബോളിൽ ഒരിക്കൽക്കൂടി മാഞ്ചെസ്റ്റർ യുണൈറ്റഡ്-ബാഴ്സലോണ ക്ലാസിക് പോരാട്ടം. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിലാണ് പരമ്പരാഗത ശക്തികൾ നേർക്കുനേർവരുന്നത്. മറ്റൊരു ക്വാർട്ടറിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് ഡച്ച് ശക്തികളായ അയാക്സുമായി കൊമ്പുകോർക്കും. ബുധനാഴ്ച രാത്രി 12.30-നാണ് മത്സരങ്ങൾ. ഓൾഡ് ട്രാഫഡിലെ അങ്കം സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. ഒപ്പം പഴയ ചില കണക്കുകൾ തീർക്കാനും ബാക്കിയുണ്ട്. 2009-ലും 2011-ലും കിരീടപോരാട്ടത്തിൽ യുണൈറ്റഡിനെ വീഴ്ത്തിയത് ബാഴ്സയാണ്. രണ്ടു ഫൈനലിലും ഗോൾ നേടിയ ലയണൽ മെസ്സി ബാഴ്സയുടെ ഇതിഹാസതാരമായി മാറിക്കഴിഞ്ഞു. യുണൈറ്റഡിന് ആശ്വസിക്കാനുള്ളത് 2007-09ലെ സെമിഫൈനലാണ്. അന്ന് പോൾ സ്കോൾസ് നേടിയ ഗോളിൽ ബാഴ്സയെ ടീം വീഴ്ത്തി. കാലം മാറി, ബാഴ്സ വർത്തമാനഫുട്ബോളിലെ കരുത്തരാണ്. യുണൈറ്റഡാകട്ടെ പഴയ പ്രതാപത്തിന്റെ നിഴലിലും. പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ കരുത്തരായ പി.എസ്.ജി.യെ അവിശ്വസനീയമായരീതിയിൽ തോൽപ്പിച്ചതാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആത്മവിശ്വാസം പകരുന്നത്. മുൻ താരംകൂടിയായ ഒലെ ഗുണ്ണാർ സോൾഷേർ പരിശീലകനായിവന്നത് ഓൾഡ് ട്രാഫഡിലെ അന്തരീക്ഷം മാറ്റിയിട്ടുണ്ട്. സസ്പെൻഷൻമാറി പോൾ പോഗ്ബ ടീമിലേക്ക് തിരിച്ചെത്തും. മുന്നേറ്റത്തിൽ മർക്കസ് റാഷ്ഫോഡ്-റൊമേലു ലുക്കാക്കു-ജെസെ ലിങ്ങാർഡ് ത്രയമാകും. പോഗ്ബക്കൊപ്പം മാറ്റിച്ചും ആൻഡർ ഹെരേരയുമാകും. പരിക്കുമൂലം അന്റോണിയോ വലൻസിയ, അലക്സിസ് സാഞ്ചസ് എന്നിവർ കളിക്കാനുണ്ടാകില്ല. സൂപ്പർ താരം മെസ്സിയുടെ തകർപ്പൻ ഫോമാണ് ബാഴ്സയുടെ ശക്തി. സ്പാനിഷ് ലീഗിൽ കിരീടമുറപ്പിച്ച അവർ ചാമ്പ്യൻസ് ലീഗിലും ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. അവസാന മൂന്ന് സീസണിലും ക്വാർട്ടറിൽ തോറ്റതിന്റെ ക്ഷീണം ഇത്തവണ മാറ്റാൻ കഴിയുമെന്നാണ് പരിശീലകൻ വാൽവെർദെയും കണക്കുകൂട്ടുന്നത്. മെസ്സിക്കൊപ്പം ഫിലിപ്പ് കുട്ടീന്യോയും ലൂയി സുവാരസും മുന്നേറ്റത്തിൽ കളിക്കും. ഇവാൻ റാക്കിട്ടിച്ച്-സെർജി ബുസ്കെറ്റ്സ്-അർട്ടൂറോ വിദാൽ എന്നിവരാകും മധ്യനിരയിൽ. പരിക്കുള്ള ഒസ്മാനെ ഡെംബല കളിക്കാൻ സാധ്യത കുറവാണ്. ക്രിസ്റ്റ്യാനോ കളിക്കുമോ ഡച്ച് ക്ലബ്ബിനെതിരേ യുവന്റസ് കളിക്കാനിറങ്ങുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കാണ്. പരിക്കുമൂലം വിട്ടുനിൽക്കുന്ന പോർച്ചുഗൽ താരം യുവന്റസ് ലൈനപ്പിലുണ്ടാകുമോ. ക്ലബ്ബും പരിശീലകനും ഒന്നും വിട്ടുപറയുന്നില്ല. പരിക്കിൽനിന്ന് താരം മുക്തനായെന്നതരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. പോർച്ചുഗലിനായി സൗഹൃദമത്സരത്തിൽ കളിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോക്ക് പരിക്കേറ്റത്. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരേ ഹാട്രിക് നേടിയശേഷം സൂപ്പർ താരം ടീമിനായി കളിക്കാനിറങ്ങിയിട്ടില്ല. എതിരാളിയുടെ തട്ടകത്തിൽ കളിക്കാനിറങ്ങുമ്പോൾ യുവന്റസിന് ആശങ്കയൊന്നുമില്ല. ക്രിസ്റ്റ്യാനോയില്ലെങ്കിലും താരസമ്പന്നമാണ് ടീം. മുന്നേറ്റത്തിൽ മരിയോ മാൻസുകിച്ചും പൗളോ ഡിബാലയും ബർണാഡെഷിയുമുണ്ട്. മധ്യനിരയിൽ ബ്ലെയ്സ് മാറ്റിയുഡിയും മിർലേം യാനിക്കും ഫോമിലാണ്. കില്ലിനിയും ബന്നൂച്ചിയും കളിക്കുന്ന പ്രതിരോധം കടുപ്പമേറിയതും. മറുവശത്ത് അയാക്സും മികച്ച ഫോമിലാണ്. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡിനെ കീഴടക്കിയാണ് അവരുടെ വരവ്. രണ്ടാംപാദത്തിൽ 4-1നാണ് അവർ സ്പാനിഷ് ക്ലബ്ബിനെ തകർത്തുവിട്ടത്. ദുസാൻ ടാഡിക്കും ഡേവിഡ് നെരസും ഹക്കീം സിയാച്ചും ചേർന്ന മുന്നേറ്റനിര കരുത്തുറ്റതാണ്. ഫ്രങ്കി ജോങ് നേതൃത്വം നൽകുന്ന മധ്യനിരയും മത്തിയാസ് ലിറ്റും ഡാലി ബ്ലിൻഡും കളിക്കുന്ന പ്രതിരോധവും ശരാശരിക്ക് മുകളിലുള്ളതാണ്. Content Highlights: Champions League Football Quarter Finals Barcelona vs Manchester United and Juventus vs Ajax
from mathrubhumi.latestnews.rssfeed http://bit.ly/2UJ58Nh
via
IFTTT
No comments:
Post a Comment