16 ലോക്സഭ തിരഞ്ഞെടുപ്പുകൾ. അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ. കേരളത്തിൽ നിന്ന് ലോക്സഭാ സീറ്റുകളിലേക്ക് ഇതുവരെ നടന്നത് 314 മത്സരങ്ങൾ. അതിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് കേവലം ഏഴ് സ്ത്രീകൾ മാത്രം. സ്ത്രീകൾ ജയിച്ചത് 11 തവണ മാത്രം. പാർലമെന്റിലെ വനിതാ സംവരണം ചർച്ചയാവുന്ന കാലത്താണ് കേരളത്തിൽ നിന്ന് ഇത്തരമൊരവസ്ഥ. ലോക്സഭയിലേക്ക് ജയിച്ചു കയറിയ വനിതകളുടെ കണക്കെടുക്കുമ്പോൾ എൽ.ഡി.എഫിനാണ് മുൻതൂക്കം. ലോക്സഭയിലെത്തിയ ആകെ ഏഴ് കേരള വനിതകളിൽ ആറും എൽ.ഡി.എഫുകാരായിരുന്നു. അതിൽ അഞ്ചു പേരും സി.പി.എം നേതാക്കൾ. യു.ഡി.എഫിൽ നിന്ന് ഒരാൾ മാത്രമാണ് ഇതുവരെ ലോക്സഭയിലെത്തിയത്. 1967ൽ അമ്പലപ്പുഴയിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട സുശീല ഗോപാലനാണ് സഭയിലേക്കെത്തിയ ആദ്യ മലയാളി വനിത. 80ൽ ആലപ്പുഴയിൽ നിന്നും 91ൽ ചിറയിൻകീഴ് നിന്നും ഉൾപ്പെടെ മൂന്ന് തവണ ഇവർ ലോക്സഭാംഗമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സുശീല ഗോപാലൻ കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്തു വരെയെത്തിയിരുന്നു. 96-ൽ നായനാർ നേതൃത്വം നൽകിയ കേരള സംസ്ഥാനമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന അവർ എ.കെ.ജി.യുടെ സഹധർമ്മിണിയായിരുന്നു അഞ്ചാം ലോക്സഭയിൽ കേരളത്തെ പ്രതിനിധീകരിച്ചത് അടൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.ഐയുടെ ഭാർഗവി തങ്കപ്പനായിരുന്നു. കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറും ദീർഘകാലം നിയമസഭാംഗവുമായിരുന്നു അവർ. സാവിത്രി ലക്ഷ്മണൻ,എ.കെ പ്രേമജം എന്നിവർ രണ്ടു തവണ വീതം ലോക്സഭയിലേക്ക് ജയിച്ചു കയറി. കെ.കരുണാകരന്റെ നോമിനിയായ പ്രൊഫസർ സാവിത്രി ലക്ഷ്മണൻ 91ലും 89ലും മുകുന്ദപുരത്തു നിന്നാണ് ലോക്സഭയിലേക്കെത്തിയത്. സി.പി.എം നേതാവും കോഴിക്കോട് കോർപ്പറേഷൻ മേയറുമായ എ.കെ പ്രേമജം വടകരയെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ലോക്സഭയിലും പതിമൂന്നാം ലോക്സഭയിലും അംഗമായി. പതിനാലാം ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട വനിതകൾ രണ്ടും സി.പി.എം നേതാക്കൾ. പി.സതീദേവിയും,സി.എസ്.സുജാതയും. ഇവർ യഥാക്രമം വടകരയിൽ നിന്നും മാവേലിക്കരയിൽ നിന്നുമാണ് ജയിച്ചു കയറിയത്. കാലാവധി പൂർത്തിയായ ഇപ്പോഴത്തെ സഭയിൽ കേരളത്തിൽ നിന്ന് പി.കെ ശ്രീമതി മാത്രമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് പി.കെ ശ്രീമതി കണ്ണൂരിൽ നിന്ന് ലോക്സഭയിലെത്തി.ശ്രീമതി ഇത്തവണയും കണ്ണൂരിൽ ജനവിധി തേടുന്നുണ്ട്. 2019 ലോക്സഭാതെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചിത്രം തെളിയുമ്പോൾ ശ്രീമതി ടീച്ചർക്കു പുറമെ അഞ്ചു സ്ത്രീകളാണ് മുഖ്യധാരാ മുന്നണികളിൽ നിന്നും മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥികളായ ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ നിന്നും രമ്യ ഹരിദാസ് ആലത്തൂരിൽ നിന്നും ജനവിധി തേടുന്നു. പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ വീണാ ജോർജുണ്ട്. എൻ.ഡി.എ സ്ഥാനാർഥികളായി ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, പൊന്നാനിയിൽ വി,ടി.രമ എന്നിവരും മത്സരിക്കുന്നു. മേയ് 23ന് ഫലം വരുമ്പോൾ അറിയാം പതിനേഴാം ലോക്സഭയിൽ കേരളത്തിൽ നിന്ന് എത്ര മാത്രം സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന്.
from mathrubhumi.latestnews.rssfeed http://bit.ly/2Kw1EtT
via
IFTTT
No comments:
Post a Comment