തിരുവനന്തപുരം: ധനലക്ഷ്മി ബോണ്ട് വിവാദത്തിൽ നിന്ന് തലയൂരാൻ ഭഗവാൻ അയ്യപ്പനെ മറയാക്കി വിചിത്ര വാദവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രളയവും യുവതി പ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പൻ മുൻകൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടിൽ നിക്ഷേപിച്ചതെന്ന് ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർ പിഎഫിലേക്ക് വിയർപ്പൊഴുക്കി സമ്പാദിച്ച തുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നഷ്ടസാധ്യതയുള്ള ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത്. വിമർശനമുയർത്തിയ നടപടി ഹൈക്കോടതിയുടെ മുന്നിലെത്തിയപ്പോഴാണ് അതിനെ ന്യായീകരിക്കാൻ ദേവസ്വം ബോർഡ് അയ്യപ്പനെ കൂട്ടുപിടിച്ചത്. ശബരിമല ക്ഷേത്രമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക ആശ്രയം. മഹാപ്രളയത്തിന് പിന്നാലെ വന്ന ശബരിമല യുവതി പ്രവേശന വിധി അപ്രതീക്ഷിതമായിരുന്നു. ഇതേതുടർന്നുണ്ടായ സംഭവങ്ങൾ ബോർഡിനെ സാമ്പത്തികമായി തകർത്തു. എന്നാൽ ഈ കെടുതികളെല്ലാം ഭഗവാൻ അയ്യപ്പൻ മുൻകൂട്ടി കണ്ടുവെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. നഷ്ടം നികത്താൻ അയ്യപ്പൻ തുറന്നുതന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടെന്ന് ബോർഡ് പറയുന്നു. യുവതി പ്രവേശനം, പ്രളയം തുടങ്ങിയ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുമ്പാണ് പിഎഫ് ഫണ്ടിലെ പണം ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിക്കാൻ ബോർഡ് തീരുമാനമെടുത്തത്. തീരുമാനം വിവാദമായപ്പോഴാണ് അയ്യപ്പനെ പഴിചാരി ബോർഡ് തലയൂരിയത്. വീഴ്ച മറയ്ക്കാൻ അയ്യപ്പനെ കൂട്ടുപിടിച്ച ബോർഡ് പക്ഷെ പ്രപഞ്ചത്തിലാർക്കും ഭാവി സുരക്ഷിതമാക്കാൻ സാധിക്കില്ലെന്ന തത്വശാസ്ത്രവും വിളമ്പുന്നുണ്ടെന്നതാണ് വിചിത്രം. പിഎഫ് പണം ട്രഷറിയിൽ നിക്ഷേപിക്കാതിരിക്കുന്നതിനുള്ള ന്യായീകരണം മാത്രമാണ് 11 പേജുള്ള മറുപടിയിൽ എക യുകതിസഹമായ വാദം. ട്രഷറിയിൽ പണം നിക്ഷേപിച്ചാൽ ദേവസ്വം ബോർഡിന്റെ പണം സർക്കാർ ആവശ്യങ്ങൾക്കായി എടുക്കുന്നു എന്ന പ്രചാരണം വരും. ആ വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദേവസ്വം ബോർഡ് പറയുന്നു. ഉയർന്ന പലിശനിരക്ക് ലഭിക്കുന്ന മറ്റ് ബദൽ നിക്ഷേപ മാർഗങ്ങൾ ലഭ്യമല്ലെന്നു പറഞ്ഞും ബോണ്ടിലെ നിക്ഷേപത്തെപ്പറ്റി ബോർഡ് ന്യായീകരിക്കുന്നുണ്ട്. ബോണ്ട് നിക്ഷേപത്തിനെതിരെ സ്റ്റേറ്റ് ഓഡിറ്റാണ് റിപ്പോർട്ട് നൽകിയിരുന്നത്. ഇതിനെതിരായാണ് ബോർഡിന്റെ മറുപടി. ഈ മറുപടി ദേവസ്വം ബോർഡ് യോഗം ചേർന്ന് തയ്യാറാക്കിയതാണ്. ബോണ്ടിൽ നിക്ഷേപിച്ചതിന്റെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടി നല്ല വശങ്ങൾ സ്റ്റേറ്റ് ഓഡിറ്റ് മറച്ചുവെച്ചുവെന്നും ബോർഡ് പറയുന്നു. 11 ശതമാനം തുക ബോണ്ടിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കും. എന്നാൽ ധനലക്ഷ്മി ബാങ്കിന്റെ തന്നെ സ്ഥിര നിക്ഷേപത്തിൽ കിടന്ന തുകയാണ് ഇത്തരത്തിൽ മാറ്റിയത്. ഈ തുകയ്ക്ക് അന്ന് അറര ശതമാനമായിരുന്നു പലിശ. ഇതിൽ കൂടുതൽ പലിശ ബോണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുമെങ്കിലും അതിന് നഷ്ടസാധ്യത കൂടുതലാണെന്നാണ് സ്റ്റേറ്റ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇത് മറിമറികടക്കനാണ് അയ്യപ്പനെ തന്നെ മറയാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത് വന്നിരിക്കുന്നത്. Content Highlights:Dhanalakshmi bank Bond Controversy, Travancore Devaswam Board Use Lord Ayyappa name for hide lapse
from mathrubhumi.latestnews.rssfeed http://bit.ly/2DvyhBZ
via
IFTTT
No comments:
Post a Comment