കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കൻ പോലീസ് നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടൽ. ആറ് കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ ഒരുകൂട്ടം ആളുകൾ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്ഫോടനങ്ങളുമുണ്ടായി. ചാവേറുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റമുട്ടലിനൊടുവിൽ മുന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വാഹനങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൊന്ന് ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ സഹ്രാൻ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്. മൂന്നുപേർക്ക് പരിക്കേറ്റതായും ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും വിവരങ്ങളുണ്ട്. സ്ഫോടകവസ്തുക്കൾ, ചാവേർ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകൾ, ഡിറ്റണേറ്ററുകൾ, ഐഎസിന്റെ പതാക, യൂണിഫോം എന്നിവ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെ വീടുകളിലൊന്നിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 253 പേർ കൊല്ലപ്പെട്ടസ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാൽ ഇതിന് ഉപോത്ബലകമായ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല. ഐഎസിന്റെ വാദം ശരിയാണെങ്കിൽ ഇറാഖിനും, സിറിയയ്ക്കും പുറത്ത് അവർ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ശ്രീലങ്കയിൽ നടന്നത്. Content Highlights:Sri Lanka Troops Raid Militant Hideout, Six Children Among 15 Killed in Gunfight
from mathrubhumi.latestnews.rssfeed http://bit.ly/2ULbV5n
via
IFTTT
No comments:
Post a Comment