മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്ട്രേഷനും ലൈസൻസ് നൽകുന്നതിനുമായി ഉപയോഗിച്ചു വരുന്ന സ്മാർട് മൂവ് എന്ന സോഫ്ട്വെയറിന്റെ ഉപയോഗവും പ്രവർത്തനവും ഈ മാസം അവസാനിപ്പിക്കും. മേയ് ഒന്നുമുതൽ പൂർണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ വാഹൻ സാരഥിയിലേക്ക് മാറും. നിലവിലെ സംവിധാനം വഴി താത്കാലിക രജിസ്ട്രേഷൻ ചെയ്തശേഷം സ്ഥിരരജിസ്ട്രേഷന് വാഹനം ഹാജരാക്കാത്തവർ 30-നകം അതത് ആർ.ടി. ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. 30-ന് ശേഷം നിലവിലെ താത്കാലിക രജിസ്ട്രേഷൻ ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥിര രജിസ്ട്രേഷൻ നടത്താൻ കഴിയില്ല. തുടർന്ന്, ഈ വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിക്കാനും സാധിക്കില്ല. സ്മാർട് മൂവ് വഴി ലേണേഴ്സ് ലൈസൻസ് കരസ്ഥമാക്കി ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാത്തവർ ഉടൻ അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് അപേക്ഷകളിൽ നടപടി പൂർത്തീകരിക്കണമെന്നും മോട്ടർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. രാജ്യത്താകെ വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുകളും ഏകീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ് വാഹൻ, സാരഥി എന്നിവയെന്ന് ഉഴവൂർ ജോയിന്റ് ആർ.ടി.ഒ. പി.എൻ.അംബികാദേവി പറഞ്ഞു. വാഹൻ വാഹന രജിസ്ട്രേഷനും സാരഥി ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. സാരഥി നടപ്പാക്കുന്നതോടെ പഴയ ലൈസൻസിന്റെ രൂപംമാറും. സാരഥി ലൈസൻസിൽ ആറ് സുരക്ഷാ സംവിധാനങ്ങൾ സാരഥിവഴി നൽകുന്ന ലൈസൻസിൽ ക്യു.ആർ.കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോ ലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ച പാറ്റേൺ എന്നിങ്ങനെ ആറ് സുരക്ഷാ സംവിധാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ലൈസൻസിൽ ഉൾപ്പെടുത്തും. കാർഡിന്റെ മുൻവശത്ത് സംസ്ഥാന സർക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയുണ്ടാവും. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലൈസൻസിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അറിയാനാവും. Content Highlights:Motor Vehicle Department, Vahan Software, Vehicle Registration And Licence
from mathrubhumi.latestnews.rssfeed http://bit.ly/2LdkqXj
via
IFTTT
No comments:
Post a Comment