ന്യൂഡൽഹി: പുനഃപരിശോധനാ ഹർജിയുൾപ്പെടെ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേ, പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാർ സമയംതേടി. പുനഃപരിശോധനാ ഹർജി കേൾക്കുന്നത് നീട്ടിവെക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തിങ്കളാഴ്ച തീരുമാനമെടുത്തില്ല. അതേസമയം, കേസ് മാറ്റിവെക്കാൻ താത്പര്യമറിയിച്ച മറ്റു കക്ഷികൾക്ക് കത്തുനൽകാൻ കേന്ദ്രത്തിന് കോടതി അനുമതിനൽകി. സുപ്രീംകോടതി വേനലവധിക്കായി മേയ് പത്തിന് അടച്ചാൽ ജൂലായ് ഒന്നിനാണ് തുറക്കുക. അതിനാൽ, മേയ് പത്തിനുമുൻപേ പരിഗണിച്ചില്ലെങ്കിൽ ഏറെ രാഷ്ട്രീയപ്രധാന്യമുള്ള കേസിൽ പൊതുതിരഞ്ഞെടുപ്പിനുശേഷമേ തീർപ്പുണ്ടാകൂ. അതിനിടെ, കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിനെതിരേയുള്ള കോടതിയലക്ഷ്യ നോട്ടീസിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മറുപടി സത്യവാങ്മൂലം നൽകി. 'കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു'വെന്ന തന്റെ പരാമർശത്തിൽ ഖേദപ്രകടനം ആവർത്തിച്ചുകൊണ്ടാണ് രാഹുലിന്റെ മറുപടി. തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽനിൽക്കെ ആലങ്കാരികമായി നടത്തിയ പ്രസ്താവനയെ തങ്ങളുടെ രാഷ്ട്രീയമുദ്രാവാക്യവുമായി കൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. റഫാൽ കേസിലെ പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെത്തുടർന്നായിരുന്നു രാഹുലിന്റെ വിവാദപ്രസ്താവന. പ്രതിരോധമന്ത്രാലയത്തിൽനിന്ന് ചോർത്തിയതെന്ന് സർക്കാർ ആരോപിച്ച രേഖകൾ പുനഃപരിശോധനാ ഹർജിക്കൊപ്പം പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ ഏപ്രിൽ പത്തിലെ ഉത്തരവ്. എന്നാൽ, ഉത്തരവിന്റെ പകർപ്പ് കാണുംമുൻപേ, ഇലക്ട്രോണിക് മാധ്യമങ്ങളിൽവന്ന വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പ്രസ്താവനയെന്നും കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. പ്രസ്തുത രേഖകൾ പരിഗണിക്കാമെന്നല്ലാതെ മറ്റൊരു നിരീക്ഷണവും തങ്ങൾ നടത്തിയിട്ടില്ലെന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ ഏപ്രിൽ 15-ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് രാഹുലിനോട് മറുപടി ഫയൽ ചെയ്യാനും അന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുപ്രകാരം നൽകിയ മറുപടിയിലെ കാര്യങ്ങൾ തന്നെയാണ് തിങ്കളാഴ്ച നൽകിയ സത്യവാങ്മൂലത്തിലും രാഹുൽ ആവർത്തിച്ചത്. റഫാൽ ഇടപാട് ശരിവെച്ചുകൊണ്ടുള്ള വിധിക്കെതിരേ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരുടെ പുനഃപരിശോധനാ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കാൻ പോകുന്നത്. രാഹുലിനെതിരായ കോടതിയലക്ഷ്യ ഹർജിയും ഇതോടൊപ്പം കേൾക്കാമെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. Content Highlights:Rafale deal cese-supreme court
from mathrubhumi.latestnews.rssfeed http://bit.ly/2J3lTN4
via
IFTTT
No comments:
Post a Comment