തിരുവനന്തപുരം: എല്ലാം അനുകൂലമാണെന്നു പറയുമ്പോഴും നേരിയ ആശങ്ക-തിരഞ്ഞെടുപ്പിനുശേഷം കണക്കുകൂട്ടലും വിലയിരുത്തലും തുടരുന്നതിനിടെ കേരളത്തിലെ മൂന്നുമുന്നണികളുടെയും അവസ്ഥയിതാണ്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടുചെയ്യാൻ ജനം വലിയ ആവേശമാണ് ഇത്തവണ കാണിച്ചത്. എല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്നു. ഇതിന്റെയെല്ലാം ആനുകൂല്യം ആർക്കൊക്കെ, എങ്ങനെയൊക്കെ വീതിച്ചുപോകുമെന്നതിലാണ് മുന്നണികളുടെ ഉള്ളുനീറുന്ന ആശങ്ക. ഇത് പുറത്തുകാട്ടാതെതന്നെ ഉയർന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന വാദത്തിൽ മുന്നുകൂട്ടരും മുറുകെപിടിക്കുന്നുമുണ്ട്. വാദങ്ങൾ ഇങ്ങനെയു.ഡി.എഫ്. രാഹുൽഗാന്ധി മത്സരിച്ചതിലൂടെ കേരളത്തിൽ ഉണ്ടായ തരംഗം മാത്രമല്ല, മോദി-പിണറായി സർക്കാരുകൾക്കെതിരേയുള്ള വികാരവും വോട്ടായി. അതാണിത്ര പോളിങ് കൂടിയത്. ഇതിൽ വലിയ ആത്മവിശ്വാസത്തിലുമാണ് മുന്നണി. തെക്കൻജില്ലകളിൽ പോളിങ് ശതമാനം ഉയർത്തിയതിൽ ശബരിമലയിൽ സർക്കാരെടുക്കുന്ന നിലപാടുകളോടുള്ള പ്രതിഷേധവും ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കാതിരുന്നവരുടെ പിന്തുണയും ഇത്തവണ കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തുന്നു. മുന്നണി ഉയർത്തിയ വിഷയങ്ങൾ വോട്ടർമാർ സ്വീകരിച്ചു. അതിനാൽ നേരത്തേയുള്ള വിജയപ്രതീക്ഷതന്നെയാണ് ഇപ്പോഴും. എൽ.ഡി.എഫ്. 12 സീറ്റിൽ വ്യക്തമായ മൂൻതൂക്കമുണ്ട്. ആറു സീറ്റിൽ കടുത്ത മത്സരമായിരുന്നെങ്കിലും വിജയം പ്രതീക്ഷിക്കാം. എത്രകുറഞ്ഞാലും ഏഴുസീറ്റ് ഉറപ്പാണെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ വർധനയുണ്ടാകും. എന്നാൽ, എൻ.ഡി.എ.യ്ക്ക് ഇത്തവണ സീറ്റ് നേടാനാകുമെന്നു കരുതുന്നില്ല. തെക്കൻ കേരളത്തിലുണ്ടായ ഉയർന്ന പോളിങ് ശതമാനം ശബരിമലയുടെ പേരിലായാൽപ്പോലും സർക്കാരെടുത്ത ശക്തമായ നിലപാടിന്റെ ഗുണം വേറേകിട്ടും. ശബരിമലയിലെ വോട്ടു ചോർച്ച യുവ വോട്ടർമാർ പരിഹരിക്കുമെന്നും മുന്നണി വിശ്വസിക്കുന്നു. എൻ.ഡി.എ. ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് വലിയ പ്രതീക്ഷ. ന്യൂനപക്ഷസമുദായങ്ങളുടെ ഏകീകരണമുണ്ടായെന്നാണ് തിരഞ്ഞെടുപ്പിനുശേഷം മുന്നണിയുടെ വിലയിരുത്തൽ. ഈ ആശങ്കയുണ്ടെങ്കിൽപ്പോലും രണ്ടുമണ്ഡലത്തിലെ വിജയപ്രതീക്ഷ കൈവിടുന്നില്ല. ന്യൂനപക്ഷങ്ങൾ ഒന്നിച്ചതിന്റെ ഒരുവിഹിതം കിട്ടിയെന്നും എൻ.ഡി.എ. വിശ്വസിക്കുന്നു. ബി.ജെ.പിക്ക് മേൽക്കൈയുള്ള തിരുവനന്തപുരത്തെ ചില ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു. ഇതും ന്യൂനപക്ഷ ഏകീകരണവും തിരുവനന്തപുരത്തെ വിജയസാധ്യതയിൽ നേരിയ മങ്ങലുണ്ടാക്കി. പത്തനംതിട്ടയിൽ കൂടുതൽ സാധ്യതയും കാണുന്നു. എല്ലാവരും സഹായിച്ചു തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ ഒരുപോലെ സഹായിച്ചു. ഇതാണ് പോളിങ് ശതമാനം ഉയരാൻ ഒരുകാരണം. മുൻ തിരഞ്ഞെടുപ്പിൽ സഹായിക്കാതിരുന്നവരും ഇത്തവണ യു.ഡി.എഫിനെ പിന്തുണച്ചു. -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് രാഷ്ട്രീയമായി വിധിയെഴുതി ന്യൂനപക്ഷ, സാമുദായിക, വർഗീയ ധ്രുവീകരണത്തിനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്. രണ്ടും സാധിച്ചില്ലെന്നു ബോധ്യപ്പെടുത്താനായി. തീർത്തും രാഷ്ട്രീയമായി വിധിയെഴുതിയതിനാൽ ശുഭപ്രതീക്ഷയാണ്. -എ. വിജയരാഘവൻ, കൺവീനർ, എൽ.ഡി.എഫ്. വിജയം പ്രതീക്ഷിക്കുന്നു ഒന്നിലധികം സീറ്റുകളിൽ വിജയം പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളും സഹായിച്ചെന്നാണ് കരുതുന്നത്. ശബരിമലവിഷയം വോട്ടുവിഹിതം ഉയർത്തും. -പി.കെ. കൃഷ്ണദാസ്, കൺവീനർ, എൻ.ഡി.എ. content highlights:loksabha election-polling
from mathrubhumi.latestnews.rssfeed http://bit.ly/2ITVHo4
via
IFTTT
No comments:
Post a Comment