മധ്യ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ . പ്രാചീന കേരള ചരിത്രം ഉറങ്ങുന്ന പട്ടണവും ചേന്നമംഗലം കൈത്തറിയും ജൂത പഴമയുമൊക്ക പറവൂരിന്റെ പ്രൗഢമായ ഭൂതകാലത്തിന്റെ പ്രതീകങ്ങളാണ് . ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാലും ഏറെ വിശേഷപ്പെട്ട ഒരു ഏട് പറവൂരിൽ നിന്നുള്ളതാണ്; ഇന്ത്യയിൽ ആദ്യമായി ഇലക്ടോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു പൊതു തിരഞ്ഞെടുപ്പ് നടന്നത് ഡൽഹിയിലും മുംബൈയിലും ഒന്നുമല്ല ; അത് വടക്കൻ പറവൂരിലാണ്. 1977-1982 കാലഘട്ടം കേരളത്തിൽ അസ്ഥിരമായ സർക്കാരുകളുടെ കൂടി കാലമായിരുന്നു. കെ. കരുണാകരൻ , ഇ കെ നായനാർ , എ.കെ ആന്റണി , പി.കെ വാസുദേവൻ നായർ , സി.എച്ച് മുഹമ്മദ് കോയ എന്നിവർ മാറി മാറി ഭരിച്ചു . അടിക്കടി ഉണ്ടായ രാഷ്ട്രപതി ഭരണങ്ങൾ വേറെ. ഇതിനൊക്കെ ശേഷം വന്ന 1982 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്നത്. അക്കാലത്തു തന്നെ സാമാന്യം മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തിയിരുന്ന പ്രദേശം ആയിരുന്നു പറവൂർ എന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. 1982 മെയ് 19. ചരിത്രം രേഖപ്പെടുത്തിയ ദിവസം അന്നായിരുന്നു. പറവൂർ നിയോജക മണ്ഡലത്തിലെ 52 പോളിംഗ് ബൂത്തുകളിൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ് നടന്നു. സി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ശിവൻ പിള്ളയും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എ.സി ജോസും തമ്മിലായിരുന്നു പ്രധാന മത്സരം. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ പല രീതിയിലുള്ള അനിശ്ചിതത്വങ്ങൾ ഇവിടെ നില നിന്നിരുന്നു. ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തിൽ സംശയം ഉന്നയിച്ചു ആദ്യം കോടതിയെ സമീപിച്ചത് എൽ.ഡി.എഫ് ആയിരുന്നു. പക്ഷേ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവാനായിരുന്നു സുപ്രീം കോടതിയുടെ വിധി. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ചുമതല പ്രാദേശിക പാർട്ടി പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ആയിരുന്നു. ഏറെ ശ്രമകരമായിരുന്ന ഈ പ്രവർത്തനങ്ങൾ ഇന്നും ഇവിടുത്തെ പഴയ തലമുറയുടെ ഓർമകളിലുണ്ട്. യന്ത്രത്തിൽ തൊട്ടാൽ ഷോക്ക് അടിക്കുമോ, തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് വീഴുമോ തുടങ്ങിയ സംശയങ്ങൾ ജനങ്ങൾ ഉന്നയിച്ചിരുന്നതായി ഇവിടുത്തെ പഴയകാല രാഷ്ട്രീയ പ്രവർത്തകർ ഇന്നും പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നെ എന്ന പോലെ തന്നെ തിരഞ്ഞെടുപ്പിന് ശേഷവും അനിശ്ചിതത്വങ്ങൾക്ക് ഇവിടെ യാതൊരു കുറവും ഉണ്ടായിരുന്നില്ല. എൽ.ഡി .എഫിലെ ശിവൻ പിള്ളയായിരുന്നു വിജയി. പക്ഷേ തിരഞ്ഞെടുപ്പിന് മുൻപ് കോടതിയെ സമീപിച്ചത് എൽ.ഡി.എഫ് ആയിരുന്നെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ആ നിയോഗം യു.ഡി.എഫിനായിരുന്നു. ഏറെ നാളുകളുടെ വാദങ്ങൾക്ക് ശേഷം വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു പോളിംഗ് നടത്തിയ 52 ബൂത്തുകളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. ഇങ്ങനെ റീ പോളിങ്ങിനു ശേഷം ഫലം വന്നപ്പോൾ ആദ്യം വിജയിച്ച ശിവൻ പിള്ള പരാജയപ്പെടുകയും എ.സി ജോസ് വിജയിക്കുകയും ചെയ്തു. വിജയിച്ചതിനു ശേഷം എ.സി ജോസ് സ്പീക്കറായി ചുമതലയേൽക്കുകയും നിരന്തരമായ കാസ്റ്റിംഗ് വോട്ടുകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തത് ചരിത്രം. ആദ്യകാലം മുതൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങൾ ഇന്നും നില നിൽക്കുന്നു എന്നതാണ് സത്യം . ഈ രീതിയുടെ വിശ്വാസ്യത ഇന്നും പല തരത്തിലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വി.വി. പാറ്റ് പോലുള്ള നൂതന വിദ്യകൾ ഇത്തരം സംശയങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ളവയാണ്. Content Highlights:Electronic Voting Machine and Paravoor, a Historical memory
from mathrubhumi.latestnews.rssfeed http://bit.ly/2Pn9y7x
via
IFTTT
No comments:
Post a Comment