ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബിജു കൃഷ്ണൻ തിരഞ്ഞെടുപ്പിനെയും വിജയസാധ്യതയെയും കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. യു ഡി എഫിന് ഒപ്പം നിന്നിട്ടുള്ള മണ്ഡലമാണ് ഇടുക്കി. കസ്തൂരി രംഗൻ വിഷയമാണ് 2014ൽ എൽ ഡി എഫ് വിജയത്തിന് കാരണമായത്. ഈ പശ്ചാത്തലത്തിൽ ഇടുക്കിയിൽ ബി ഡി ജെ എസിന്റെ വിജയസാധ്യത എത്രത്തോളമാണ്? ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ബി ഡി ജെ എസിന്റെ വിജയസാധ്യത നൂറുശതമാനമാണ്. 2013ൽ യു പി എ സർക്കാരിന്റെ കാലത്താണ് മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വരെ തടസ്സപ്പെട്ടു. ജനങ്ങൾ കുടിയിറക്കൽ ഭീഷണിയിലായി. പിന്നീട് 2014ൽ അധികാരത്തിൽ വന്ന എൻ ഡി എ സർക്കാരാണ് കൃഷിഭൂമി കൃഷിഭൂമിയായും വനഭൂമി വനഭൂമിയായും നിജപ്പെടുത്തിയത്. കൂടാതെ പരിസ്ഥിതി ലോല പ്രദേശമെന്ന ഭീഷണിയിൽനിന്ന് ഇടുക്കിയിലെ ജനങ്ങളെ സംരക്ഷിച്ചത്. കോൺഗ്രസ് സർക്കാരിന്റെ ജനവഞ്ചന മൂലമാണ് 2014ൽ സിറ്റിങ് സീറ്റ് നഷ്ടമായത്. 2014ൽ എം പിയായി തിരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫിന്റെ സ്വതന്ത്ര എം പി ജോയ്സ് ജോർജിനും ഇടുക്കിയിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടില്ല. നാണ്യവിളകളുടെ വിലത്തകർച്ചയ്ക്ക് എൽ ഡി എഫ് സർക്കാരിന് യാതൊരു നടപടിയും സ്വീകരിക്കാൻ സാധിച്ചില്ല. ഇതിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്. കാർഷിക കടം പെരുകി ജപ്തി ഭീഷണി മൂലം രണ്ടുമാസത്തിനുള്ളിൽ എട്ടു കർഷകർ ആത്മഹത്യ ചെയ്തത് എൽ ഡി എഫ് സർക്കാരിന്റെ കഴിവുകേട് കൊണ്ടാണ്. പ്രളയവും പ്രളയാനന്തര പുനർനിർമാണവും ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. പ്രളയകാലത്തും അതിനു ശേഷവും കേരളത്തിന് കേന്ദ്രസർക്കാരിൽനിന്ന് മതിയായ പരിഗണന ലഭിച്ചില്ലെന്ന് ഇടതുപക്ഷവും വലതുപക്ഷവും ആരോപിക്കുന്നുണ്ട്. ഇത് തിരിച്ചടിയാകുമോ? കേരളത്തിലെ എൽ ഡി എഫ് സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ് മനുഷ്യസൃഷ്ടിയായി മഹാപ്രളയമുണ്ടായത്. അത് കേരളത്തെ തകർത്തെറിഞ്ഞു. ഇടുക്കി ജില്ലയിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വീടുകളും കൃഷിയിടങ്ങളും നശിച്ചു. പ്രളയകാലത്ത് മനുഷ്യജീവനുകൾ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായി. കോടിക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സഹായവും കേന്ദ്രസർക്കാർ നൽകിയിരുന്നു. കേന്ദ്രസർക്കാരിന്റെ ആശ്വാസ നടപടികളിൽ ജനങ്ങൾ തൃപ്തരാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകില്ല. പക്ഷേ പ്രളയത്തിനു ശേഷമുള്ള പുനർനിർമാണത്തിലും നഷ്ടപരിഹാര വിതരണത്തിലും കേരള സർക്കാർ ഗുരുതര അനാസ്ഥയാണ് വരുത്തിയിട്ടുള്ളത്. അർഹതപ്പെട്ട ആളുകൾക്ക് പതിനായിരം രൂപയുടെ ദുരിതാശ്വാസം പോലും ലഭ്യമാക്കിയില്ല. വീടു നഷ്ടപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുകയോ കൃഷിയിടം നഷ്ടമായവർക്ക് വേറെ ഭൂമി വാങ്ങി നൽകുകയോ ചെയ്തില്ല. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കപ്പെട്ടിട്ടില്ല. നിലവിലെ എം പി ജോയ്സ് ജോർജിന്റെ പ്രവർത്തനങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്? വികസനകാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് നിലവിലെ എം പി ജോയ്സ് ജോർജ് സ്വീകരിച്ചു വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ സ്വന്തം ശ്രമഫലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. അത് വെറും വീമ്പുപറച്ചിലായി മാറുകയാണ്. കാർഷിക മേഖലയുടെ പ്രശ്നമുയർത്തി തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കർഷകരെ മറക്കുന്ന സമീപനമാണ് എം പി സ്വീകരിച്ചത്. അതിനാലാണ് രണ്ടുമാസത്തിനിടെ ഒമ്പത് കർഷകർ ആത്മഹത്യ ചെയ്യേണ്ട ഗതികേടുണ്ടായത്. അഞ്ചു കർഷകർ ആത്മഹത്യ ചെയ്തതിനു ശേഷമാണ് ബാങ്കേഴ്സ് സമിതി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ബാങ്കുകളോ സർക്കാരോ തയ്യാറാകുന്നില്ല. മൊറട്ടോറിയം പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. ബി ഡി ജെ എസ് സ്ഥാനാർഥി എന്ന നിലയിൽ എസ് എൻ ഡി പി യൂണിയന്റെ പിന്തുണയുണ്ടോ? ബി ഡി ജെ എസ് സ്ഥാനാർഥി എന്ന നിലയിൽ എസ് എൻ ഡി പി യോഗത്തിന്റെയും മറ്റ് നിരവധി സാമുദായിക-സന്നദ്ധ സംഘടനകളുടെയും പിന്തുണയുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നത്. എത്രമാത്രമാണ് തുഷാറിന്റെ വിജയസാധ്യത? ബി ഡി ജെ എസ് സംസ്ഥാന പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിക്ക് വയനാട്ടിൽ വൻ വിജയസാധ്യതയാണുള്ളത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു കൊണ്ട് യു ഡി എഫിന് നേട്ടമുണ്ടാകുമെന്ന് വിചാരിക്കുന്നുണ്ടോ? രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നതു കൊണ്ട് കേരളത്തിൽ യു ഡി എഫിന് പ്രത്യേക നേട്ടമൊന്നും ഉണ്ടാവുകയില്ല. പരാജയ ഭീതി പൂണ്ടാണ് രാഹുൽ കേരളത്തിൽ മത്സരിക്കാനെത്തിയതെന്ന പ്രചരണം യു ഡി എഫിന് തിരിച്ചടിയാവുകയേ ഉള്ളൂ. ശബരിമല വിഷയം ചർച്ച ചെയ്യപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുമോ? തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ച ചെയ്യപ്പെട്ടാൽ തീർച്ചയായും അത് ഗുണകരമാവുകയേ ഉള്ളൂ. കാരണം ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും സംസ്കാരത്തിനും എതിരെ എൽ ഡി എഫ് സർക്കാർ എടുത്ത കടുത്ത നടപടിയിൽ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംസ്കാര മൂല്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നിലപാടെടുത്തത് എൻ ഡി എയാണ്. യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും ജനവഞ്ചന ആളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചർച്ചയായാൽ അതിന്റെ ഗുണം ലഭിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ ചർച്ചയായാൽ അത് തീർച്ചയായും തിരഞ്ഞെടുപ്പു വിജയത്തിന് സഹായകമാകും. മോദി സർക്കാരിന്റെ വിവിധ ധനസഹായങ്ങൾ ലഭിച്ച നിരവധിയാളുകൾ ഇടുക്കി മണ്ഡലത്തിലുണ്ട്. കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളോടുള്ള ഗുണഭോക്താക്കളുടെ നന്ദി വോട്ടുകളാകാൻ സാധ്യതയുണ്ട്. content highlights:idukki loksabha constituency nda candidate biju krishnan interview
from mathrubhumi.latestnews.rssfeed http://bit.ly/2PdXuWe
via
IFTTT
No comments:
Post a Comment