ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടനപത്രിക ഇടുങ്ങിയ വീക്ഷണമുള്ള അഹങ്കാരികളായ ഒറ്റപ്പെട്ടവരുടെ ശബ്ദമെന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിയുടെ 'സങ്കല്‍പ്പ് പത്ര' അടച്ചിട്ട മുറിക്കുള്ളില്‍ തയ്യാറാക്കപ്പെട്ടതാണെന്നും ചര്‍ച്ചയിലൂടെ സൃഷ്ടിക്കപ്പെട്ട കോണ്‍ഗ്രസിന്റെ പ്രകടനപത്രികയാണ് കൂടുതല്‍ മികച്ചതെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടേതാണ്. അത് വിവേകപരവും ശക്തിയുള്ളതുമാണ്. അതേസമയം ബിജെപിയുടെ പ്രകടന പത്രിക അടച്ചിട്ടമുറിയിലാണ് സൃഷ്ടിച്ചത്. അത് ഇടുങ്ങിയ ചിന്തയും താന്‍പോരിമയും നിറഞ്ഞ ഒറ്റപ്പെട്ടവരുടെ ശബ്ദമാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. പ്രധാനമന്ത്രിയും മന്ത്രിമാരും ചേര്‍ന്നായിരുന്നു ഇന്നലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. എസി റൂമില്‍ ഇരിക്കുന്നവര്‍ക്ക് ദാരിദ്ര്യ നിര്‍മ്മാര്‍ജജനം സാധ്യമാകില്ലെന്ന് മോഡി ആക്ഷേപിച്ചിരുന്നു.
ദേശീയ സുരക്ഷ, ഭീകരതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടല്‍, സുസ്ഥിരമായ തൊഴിലവസരങ്ങള്‍ എന്നിവയായിരുന്നു ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വിഷയമായിരുന്നത്. കര്‍ഷകരുടേയും മറ്റുള്ള തൊഴിലാളികളുടെയും ക്ഷേമംഅടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി 100 ലക്ഷം കോടിയുടെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്രം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370,354 വകുപ്പുകള്‍ എടുത്തുമാറ്റല്‍ എന്നിവയും പ്രകടന പത്രിക വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇന്ത്യയിലെ 20 ശതമാനം ദരിദ്രര്‍ക്ക് വര്‍ഷം തോറും 72,000 രൂപ വാഗ്ദാനം ചെയ്യുന്ന ന്യായ് ആയിരുന്നു പ്രധാന ആകര്‍ഷണം. കര്‍ഷകര്‍ക്ക് വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ള പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന ജിഎസ്ടി പരിഷ്‌ക്കരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദേശീയത തങ്ങളുടെ പ്രചോദനമാണെന്നും ദരിദ്രരെയും ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ തത്വശാസ്ത്രം. നല്ല ഭരണമാണ് തങ്ങളുടെ മന്ത്രമെന്നും പ്രധാനമന്ത്രി പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2I7Ot04
via IFTTT
No comments:
Post a Comment