ന്യൂഡൽഹി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ കള്ളപ്പണത്തെപ്പറ്റിയോ തൊഴിലവസങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റിയോ യാതൊരു പരാമർശവുമില്ലെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി മോദിയോ പാർട്ടി അധ്യക്ഷൻ അമിത് ഷായോ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയോ സുഷമ സ്വരാജോ ഇവയെപ്പറ്റി ഒരക്ഷരംപോലും മിണ്ടിയില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, കള്ളപ്പണം, ജി.എസ്.ടി, നോട്ട് അസാധുവാക്കൽ എന്നിവയെപ്പറ്റി ബിജെപി മൗനം പാലിക്കുകയാണ്. 2014 ൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പ്രതിവർഷം പത്തുകോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടതാണ് കാണാൻ കഴിഞ്ഞത്. അഞ്ചു വർഷംകൊണ്ട് 4.7 കോടി തൊഴിലവസരങ്ങൾ ഇല്ലാതായി. കോൺഗ്രസിന്റെ ആരോപണമല്ല, നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങളെന്ന് സുർജേവാല അവകാശപ്പെട്ടു. 80 ലക്ഷം കോടി കള്ളപ്പണം വീണ്ടെടുക്കുകയും 15 ലക്ഷംവീതം ഓരോ ഇന്ത്യക്കാരുടെയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ,ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ എന്നിവർ നികുതി ദായകരുടെ പണം തട്ടിയെടുത്ത് മോദിയുടെ മൂക്കിൻ തുമ്പത്തുകൂടി രാജ്യംവിട്ടു എന്നതാണ് യഥാർഥത്തിൽ സംഭവിച്ചത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. കാർഷിക മേഖലയുടെ നിലവിലെ വളർച്ചയുടെ തോതായ 2.9 ശതമാനം കണക്കിലെടുത്താൽ കർഷകരുടെ വരുമാനം ഇരട്ടിയാകാൻ 28 വർഷമെങ്കിലും വേണ്ടിവരുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതാണ് ബിജെപിയുടെ മറ്റൊരു വാഗ്ദാനം. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യ കടക്കെണിയിലായി എന്നതാണ് യാഥാർഥ്യം. ബിജെപി നേതൃത്വം നൽകിയ സർക്കാർ 2014 നും 18നുമിടെ 27 ലക്ഷം കോടിയാണ് വായ്പയെടുത്തതെന്നും സർജേവാല ആരോപിച്ചു. Content Highlights:BJP manifesto, Congress, farmers income
from mathrubhumi.latestnews.rssfeed http://bit.ly/2G9hPch
via
IFTTT
No comments:
Post a Comment