കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലാറിൽ ഒഴുകിയത് കണ്ണീരായിരുന്നുവെന്നാണ് പത്രക്കാർ എഴുതിയത്. ശരിയായിരിക്കണം. കെ എം മാണി യാത്രയാവുമ്പോൾ മീനച്ചിലാറിന് കരയാതിരിക്കാനാവില്ല. കാരണം മാണി മീനച്ചിലാറിന്റെ മാനസ പുത്രനായിരുന്നു. മിനച്ചിലാറിന്റെ ദുഃഖം അടങ്ങാൻ ഇനിയും ദിവസങ്ങളെടുത്തേക്കും. പക്ഷേ, വൈകാരികതയുടെ ഓളപ്പരപ്പിൽ നിന്ന് മാറി നിന്നുകൊണ്ട് മാത്രമേ കെ എം മാണിയെ നമുക്ക് വിലയിരുത്താനാവൂ. മനുഷ്യരുടെ നന്മകൾ അവർക്കൊപ്പം കുഴിയിലൊടുങ്ങുന്നുവെന്നും എന്നാൽ തിന്മകൾ അവർക്ക് ശേഷവും ജീവിക്കുന്നുവെന്നും ഷേക്സ്പിയർ എഴുതിയത് എപ്പോഴും ശരിയാവണമെന്നില്ല. മനുഷ്യരുടെ നന്മകളും മരണശേഷം നിലനിൽക്കുന്നുണ്ട്. ഇല്ലെങ്കിൽ ഈ ലോകം ഇതിനകം എത്രയോ ദരിദ്രമാകുമായിരുന്നു. അപ്പോൾ നമുക്കാദ്യം മാണിയുടെ നന്മകളിലേക്ക് നോക്കാം. മോശം വാർത്തകൾ ആദ്യമേ കേൾക്കണം എന്ന് മാരിയോ പുസോയുടെ ഗോഡ്ഫാദറിനെപ്പോലെ നമ്മൾ ശഠിക്കേണ്ട കാര്യമില്ലല്ലോ! പാലായിൽ നിന്ന് തുടർച്ചയായ വിജയങ്ങൾ. പാലാ നിയമസഭാ മണ്ഡലത്തിന് ഒരേയൊരു പ്രതിനിധിയേ ഇതുവരെയുണ്ടായിരുന്നുള്ളൂ. 1965 മുതൽ ഇക്കഴിഞ്ഞ 2016 വരെ കെ എം മാണിയെ മാത്രമേ പാലാ വിജയിപ്പിച്ചിട്ടുള്ളൂ. ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയും കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ആ വ്യക്തിത്വത്തിന് തീർച്ചയായും സവിശേഷതകളുണ്ടായിരിക്കണം. ഒരു തിരഞ്ഞെടുപ്പിൽ തന്നെ ജയിച്ചുകയറാനുള്ള പാട് എത്രയാണെന്ന് എം എ ബേബിയെപ്പോലുള്ളവരോട് ചോദിച്ചാൽ മനസ്സിലാവും. ജനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ചുകൊണ്ടുതന്നെ ജനമനസ്സിൽ ഇടം നേടിയ ഒരാളേ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുള്ളൂ. ജയലളിത. ജയലളിതയോട് ജനങ്ങൾക്ക് ഒരു തരം വിഗ്രഹാരാധനയായിരുന്നു. ജയലളിത അടുത്തുവരണമെന്നോ പേരു ചൊല്ലി വിളിക്കണമെന്നോ ജനങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ജയലളിത തമിഴകത്ത് മാത്രമുണ്ടാവുന്ന പ്രതിഭാസമാണ്. അതുകൊണ്ടുതന്നെ അവർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാവുന്നില്ല. ജയലളിതയുടെ നേരെ വിപരീതമാണ് മാണി. മാണിക്കും പാലായിലെ ജനങ്ങൾക്കുമിടയിൽ വിശുദ്ധ സ്ഥലികളുണ്ടായിരുന്നില്ല. പള്ളിയിലെ രൂപക്കൂട്ടിൽ ഇരിക്കുന്ന വിശുദ്ധനായിരുന്നില്ല പാലാക്കാർക്ക് മാണി. ആണധികാരത്തിന്റെ പരമ്പരാഗത കൂട്ടുകൾ സമാസമം ചേർന്ന നേതാവായിരുന്നു എല്ലാ അർത്ഥത്തിലും മാണി. സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ മുന്നിലും കൂടെയും നിൽക്കുന്ന പ്ര മാണി. ആ അർത്ഥത്തിൽ മാണി ഒരിക്കലും എ കെ ആന്റണിയല്ല. കാര്യങ്ങൾ നടത്തിയെടുക്കാൻ കുറച്ച് വഴിവിട്ടുനടക്കുന്നതിൽ പൊതുവെ ജനങ്ങൾക്ക് പരാതിയുണ്ടാവാറില്ല. നിയമം പഠിക്കുന്നത് നിയമം പാലിക്കാനാണെന്നതിനേക്കാൾ ലംഘിക്കുന്നതിനാണെന്ന് അറിയുമ്പോഴാണ് നമ്മുടെ പല നേതാക്കളും ജനകീയരാവുന്നത്. മാണിയുടെ നന്മകളെക്കുറിച്ച് പറയുമ്പോൾ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം കാണാതിരിക്കാനാവില്ല. ബ്രിട്ടീഷ് പാർലമെന്റിൽ വാടകയ്ക്കെടുത്ത ഹാളിൽ അവതരിപ്പിച്ചതുകൊണ്ടല്ല ഈ സിദ്ധാന്തത്തിന് മാർക്കിടുന്നത്. അന്താരാഷ്ട്ര തലത്തിലൊരു പ്രതിച്ഛായാ നിർമ്മാണം എന്ന പ്രലോഭനത്തിൽ വീണുപോയതിന് മാണിക്ക് മാപ്പുകൊടുക്കാവുന്നതേയുള്ളൂ. കർഷകൻ ബൂർഷ്വയല്ല എന്നാണ് മാണി പറഞ്ഞത്. സ്വന്തമായി ഭൂമിയുണ്ടെന്നത് അപരാധമല്ലെന്നും അവിടെ പണിയെടുക്കുന്ന ഉടമ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ പ്രതിനിധിയാണെന്നും മാണി സമർത്ഥിച്ചപ്പോൾ അതിൽ കാവ്യ നീതിയുണ്ടായിരുന്നു. സ്വന്തം ഭൂമിയിൽ തൊഴിലാളികൾക്കൊപ്പം പണിയെടുക്കുന്ന മദ്ധ്യതിരുവിതംകൂറിലെ കർഷകരുടെ വിയർപ്പിൽ കുതിർന്ന കാഴ്ചപ്പാടായിരുന്നു അത്. മദ്ധ്യതിരുവിതാംകൂർ ഒരു റബ്ബർ സാമ്രാജ്യമായി വളരുകയും യൂറാപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറിയ അന്നാട്ടുകാർ ഡോളറും യൂറോയും ഒഴുക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഈ സിദ്ധാന്തത്തിന് മങ്ങലേറ്റിട്ടുണ്ടാവാം. പക്ഷേ, മാണിയുടെ ശിരസ്സിലെ പൊൻതൂവലായി ഈ വിശകലനം എന്നുമുണ്ടാവും. മുഖ്യമന്ത്രി പദമൊഴിച്ചുള്ള സുപ്രധാന പദവികളൊക്കെ തന്നെ മാണി കേരള സർക്കാരിൽ വഹിച്ചിട്ടുണ്ട്. സാദ്ധ്യതകളുടെ കളരിയിൽ മാണി ആശാനായിരുന്നു. അധികാരത്തിന്റെ പച്ചപ്പുൽമെത്തകളിലേക്ക് കർത്താവ് തന്നെ കൈപിടിച്ചുനടത്തുന്നതായിരിക്കണം മാണി എന്നും കണ്ടിട്ടുള്ള സ്വപ്നം. അധികാരം ആസ്വദിക്കുമ്പോൾ തന്നെ അതിലൂടെ ജനങ്ങൾക്ക് ഉപകാരമേകാനും മാണി ശ്രദ്ധിച്ചു. ഈ കരുതലും ജാഗ്രതയുമാണ് മാണിയെ മാണിയാക്കിയ ഒരു ഘടകം. കർഷകത്തൊഴിലാളി പെൻഷൻ മുതൽ കാരുണ്യ ലോട്ടറി വരെ നീളുന്ന ഇടപെടലുകൾ മാണിയുടെ രാഷ്ട്രീയ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഈ മാണിയുടെ വേർപാടിൽ മീനച്ചിലാറിന് കരയാതിരിക്കാനാവില്ല. വാസ്തവത്തിൽ പെരിയാറും നിളയും മീനച്ചിലാറിനൊപ്പം കണ്ണീരൊഴുക്കേണ്ടതായിരുന്നു. ഇനിയിപ്പോൾ ഈ കണ്ണീർപ്പുഴകൾ പത്രക്കാരുടെ കണ്ണിൽപെടാതെ പോയതാണോയെന്നറിയില്ല. നിള കരയുന്നതും നിശ്ശബ്ദമായാണെന്ന് എം ടി എഴുതിയിട്ടുണ്ടോയന്നറിയില്ല. മീനച്ചിലാറിനെ കേരളത്തിന് പുറത്തെത്തിക്കാൻ അരുന്ധതിറോയ് വേണ്ടിവന്നുവെന്നിടത്താണ് കെ എം മാണിയുടെ പരിമിതികളുടെ ആദ്യ കൽപടവ് തെളിയുന്നത്. വാസ്തവത്തിൽ അരുന്ധതിയുടെ നോവൽ ഗോഡ് ഒഫ് സ്മാൾതിങ്സ് ഭാവിയിൽ സാഹിത്യവിദ്യാർത്ഥികൾ പഠിക്കുമ്പോൾ കെ എം മാണിയും കേരള കോൺഗ്രസ്സും അതിൽ കടന്നുവന്നാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. മാണി മീനച്ചിലാറിന് പുറത്തേക്ക് വളർന്നില്ല. എന്തുകൊണ്ട് മാണിക്ക് എം ജി ആറോ കരുണാനിധിയോ ആവാനായില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ വിശകലന യാത്രയിൽ നമ്മൾ തേടേണ്ടതായുണ്ട്. കേരള കോൺഗ്രസ് എന്തുകൊണ്ട് ഡി എം കെയോ തെലുഗുദേശമോ ബിജു ജനതാദളോ തൃണമൂൽ കോൺഗ്രസ്സോ അകാലിദളോ ആയി മാറിയില്ല എന്ന ചോദ്യവും ഇതോടൊപ്പം തന്നെയാണ് ഉയരുന്നത്. 1964 ലാണ് കേരളകോൺഗ്രസ് പിറവിയെടുക്കുന്നത്. അഖിലേന്ത്യാ തലത്തിൽ പ്രാദേശിക പാർട്ടികൾ കോൺഗ്രസ് എന്ന വൻ രാഷ്ട്രീയപ്പാർട്ടിയെ വെല്ലുവിളിക്കുന്ന കാലമായിരുന്നു അത്. കേരള കോൺഗ്രസ് എന്ന പേരിൽ ഒരു മാന്ത്രികതയും ഭാവനയുമുണ്ടായിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകം എന്നൊക്കെ പറയുന്നതുപോലെ തന്നെ കേരളകോൺഗ്രസ്സിലും ഒരു ജനതയുടെ ആശയാഭിലാഷങ്ങളുടെ മുഴക്കവും പ്രകമ്പനവുമുണ്ടായിരുന്നു. 1949 ൽ അണ്ണാദുരൈ രൂപം നൽകിയ ഡി എം കെ 18 കൊല്ലങ്ങൾക്കിപ്പുറത്ത് തമിഴകത്ത് അധികാരം പിടിച്ചു. പിന്നീടങ്ങോട്ട് തമിഴകത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഡിഎംകെ നിർണ്ണായക ശക്തിയായി തുടർന്നു. ഈ നിർണ്ണായക നിലയിലേക്ക് വളരാൻ കേരള കോൺഗ്രസ്സിനായില്ല. തമിഴകത്ത് കോൺഗ്രസ് അപ്രസക്തമായപ്പോൾ കേരളത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി ഏറുകയാണ് ചെയ്തത്. 1965 ൽ 26 സീറ്റ് നേടിയ പാർട്ടിയാണ് കേരള കോൺഗ്രസ്. പക്ഷേ, പിന്നീടൊരിക്കലും ആ നേട്ടമാവർത്തിക്കാൻ കേരളകോൺഗ്രസ്സിനായില്ല. കേരളകോൺഗ്രസ്സിന്റെ തലപ്പത്ത് ആദ്യ 12 വർഷങ്ങളിൽ കെ എം ജോർജ്ജുണ്ടായിരുന്നു. 1976 ൽ ജോർജ് മരിച്ചതിന് ശേഷം മാണിയായിരുന്നു കേരളകോൺഗ്രസ്സിന്റെ ജീവാത്മാവും പരമാത്മാവും. അതുകൊണ്ടുതന്നെ കേരളകോൺഗ്രസ്സിന്റെ വീഴ്ചയുടെയും മുരടിപ്പിന്റെയും ഉത്തരവാദിത്തത്തിൽ നിന്ന് മാണിയെ മാറ്റി നിർത്താനാവില്ല. കേരള ജനതയുടെ മൊത്തം പ്രതിനിധിയാവാൻ കേരളകോൺഗ്രസ്സിന് കഴിയാതെ പോയി. മദ്ധ്യതിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പാർട്ടിയെന്ന നിലയിലേക്ക് കേരള കോൺഗ്രസ് ഒതുങ്ങിയപ്പോൾ മാണിയും കൂട്ടരും കളഞ്ഞുകുളിച്ചത് വലിയൊരു സുവർണ്ണാവസരമായിരുന്നു. കേരള കോൺഗ്രസ്സിന് സമാന്തരമായി കേരളത്തിൽ ഉടലെടുത്ത നക്സൽപ്രസ്ഥാനത്തിന് സംഭവിച്ച അപചയവും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. കേരളത്തിലെ മദ്ധ്യവർഗ്ഗത്തിന്റെ വളർച്ചയാണ് നക്സൽ പ്രസ്ഥാനത്തിന് വിനയായത്. കെ കരുണാകരന്റെ പോലീസ് അതിക്രമങ്ങളല്ല ഗൾഫിലേക്ക് പോയ കേരള യുവാക്കളാണ് നക്സൽ പ്രസ്ഥാനത്തിന് ശരിക്കും ചരമക്കുറിപ്പെഴുതിയത്. ഈ മദ്ധ്യവർഗ്ഗം ഒരു ജാതിയിലോ മതത്തിലോ മാത്രം പെട്ടവരായിരുന്നില്ല. ഇവരുടെ ഭാവന പിടിച്ചെുക്കുന്നതിൽ നക്സൽ പ്രസ്ഥാനത്തെപോലെ തന്നെ കേരള കോൺഗ്രസ്സും പരാജയപ്പെട്ടുപോയി. മദ്ധ്യതിരുവിതാംകൂറിലെ വളക്കൂറുള്ള മണ്ണ് ഒരേ സമയം ഒരു കെണിയും സാദ്ധ്യതയുമായിരുന്നു. അതിലെ സാദ്ധ്യതകൾ മാത്രമാണ് മാണി കണ്ടത്. അതിലെ ചതുപ്പുകൾ കാണാനുള്ള കണ്ണ് എന്തുകൊണ്ടോ മാണിക്കില്ലാതെ പോയി. പ്രാദേശിക കളരിയിൽ കളിക്കുമ്പോഴും മുഴുവൻ ഇന്ത്യയേയും ആകർഷിക്കാൻ കഴിവുള്ളവരായിരുന്നു കരുണാനിധിയും എം ജി ആറും ജയലളിതയും രാമറാവുവും. എന്തിന് ചന്ദ്രബാബുനായിഡുവിനെപ്പോലും ഇന്നിപ്പോൾ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. ഈയൊരു തലത്തിലേക്ക് വളർന്ന ഒരേയൊരു കേരള നേതാവ് ഇ എം എസ്സായിരുന്നു. കെ എം മാണിയുടെ മുന്നിലും ഇതിനുള്ള വഴികൾ തുറന്നു കിടന്നു. പക്ഷേ, ആ വഴികളിലൂടെ മുന്നേറുന്നതിനു പകരം പാലായുടെ മാണിക്യം എന്ന പരിമിതമായ പ്രലോഭനത്തിൽ മുങ്ങിനിവരാനാണ് മാണി ശ്രമിച്ചത്. കേരളകോൺഗ്രസ് എന്ന പാർട്ടിയെ കേരളത്തിന്റെ സവിശേഷമായ ജനാധിപത്യപരിസരത്തിൽ ഒരു ബഹുസ്വര രാഷ്ട്രീയപാർട്ടിയായി വികസിപ്പിച്ചെടുക്കുന്നതിൽ മാണി ദയനീയമായി പരാജയപ്പെട്ടുപോയി. പാർട്ടിക്ക് മുകളിൽ കുടുംബത്തെ പ്രതിഷ്ഠിച്ച ആദ്യ നേതാവല്ല മാണി. പക്ഷേ, കുടുംബം മാത്രമാണ് പാർട്ടിയെന്ന നിലയിലേക്ക് ചുരുങ്ങുന്ന കാഴ്ച തീരെ ആസ്വാദ്യകരമായിരുന്നില്ല. കേരളകോൺഗ്രസ് മാണിയോടെ അവസാനിക്കുന്നില്ല. ജോസ് കെ മാണിയെ ഒരു മകൻ മാത്രമായി എഴുതിത്തള്ളാനുമാവില്ല. കോട്ടയം ലോക്സഭാ സീറ്റ് പി ജെ ജോസഫിന് കൊടുക്കാതെ തോമസ് ചാഴിക്കാടനെ കളത്തിലിറക്കി ജോസ് കെ മാണി കളിച്ച കളി കാണാതിരിക്കേണ്ട കാര്യമില്ല. പക്ഷേ, കേരള കോൺഗ്രസിന്റെ ഭാവി വളരെ ശുഷ്കമാണ്. കേരളത്തിന്റെ സാന്ത്വനവും സ്പന്ദനവുമാവുന്ന ഒരു പാർട്ടി ഇന്നിപ്പോൾ കേരളകോൺഗ്രസ്സിന്റെ സ്വപ്നത്തിൽ പോലുമില്ല. രാഷ്ട്രീയം ജിവിതം തന്നെയാണ്. ജീവിതത്തിലെന്നപോലെ തന്നെ രാഷ്ട്രീയത്തിലും സ്വപ്നങ്ങൾ പരമപ്രധാനമാണ്. സ്വപ്നങ്ങൾ നഷ്ടപ്പെട്ട ഒരു പാർട്ടിയെയാണ് മാണി ബാക്കിവെയ്ക്കുന്നത്. മൃദുവായ കൈയ്യുറകൾ ധരിച്ചുകൊണ്ടാവില്ല കാലവും ചരിത്രവും മാണിയെ വിലയിരുത്തുക. Content Highlights: k m mani, karunanidhi, jayalalitha
from mathrubhumi.latestnews.rssfeed http://bit.ly/2Gm0T2x
via
IFTTT
No comments:
Post a Comment