പടിഞ്ഞാറൻ യു.പി.യിലെ ബി.ജെ.പി. മണ്ഡലത്തെ ഇളക്കിമറിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. വിദേശകാര്യസഹമന്ത്രി വി.കെ. സിങ് മത്സരിക്കുന്ന ഗാസിയാബാദ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഡോളി ശർമയ്ക്കുവേണ്ടിയായിരുന്നു വെള്ളിയാഴ്ച വൈകീട്ട് പ്രിയങ്കയുടെ റോഡ് ഷോ. ഉത്തർപ്രദേശിൽ സ്ഥാനാർഥിക്കുവേണ്ടി പ്രിയങ്ക നടത്തിയ ആദ്യ റോഡ് ഷോയായിരുന്നു ഇത്. ഗാസിയാബാദിലെ ജവാഹർ ഗേറ്റിനടുത്തുനിന്ന് തുടങ്ങി മാലിവാരാ ചൗക്കിൽ സമാപിച്ച ഒന്നരമണിക്കൂർ നീണ്ട പര്യടനത്തിൽ പ്രിയങ്കയെ ഇന്ദിരാഗാന്ധിയോട് ഉപമിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ 'ചൗക്കീദാർ ചോർ ഹേ' എന്ന മുദ്രാവാക്യം വിളിച്ച പ്രവർത്തകർ റഫാൽ വിമാനത്തിന്റെ ചിത്രങ്ങളുമായി പ്രകടനം നടത്തി. പ്രിയങ്ക ഉത്തർപ്രദേശ് മുഖ്യമന്ത്രിയാവണമെന്ന് പ്രവർത്തകർ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. റോഡ് ഷോയ്ക്കു സമാപനംകുറിച്ചുള്ള പ്രസംഗത്തിൽ പ്രിയങ്ക മോദിയെ കടന്നാക്രമിച്ചു. നെഹ്രു എന്തുചെയ്തു, ഇന്ദിരാഗാന്ധി എന്തുചെയ്തു എന്നന്വേഷിക്കാതെ, അഞ്ചുവർഷത്തിനിടെ എന്തുചെയ്തുവെന്ന് പ്രധാനമന്ത്രി പറയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. രണ്ടാഴ്ചമുമ്പ് താൻ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ പോയി. സ്വന്തം മണ്ഡലമായതിനാൽ പ്രധാനമന്ത്രി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നാണ് കരുതിയത്. അദ്ദേഹം ഇവിടെ വരാറുണ്ടോയെന്നു ചോദിച്ചപ്പോൾ പ്രസംഗം നടത്തി പോകുന്നുവെന്നായിരുന്നു വാരാണസിക്കാരുടെ മറുപടി. ലോകം മുഴുവൻ പ്രധാനമന്ത്രി സഞ്ചരിച്ചു. പാകിസ്താനിൽ പോയി ബിരിയാണിയും കഴിച്ചു. എന്നാൽ, അഞ്ചു വർഷത്തിനിടെ സ്വന്തം മണ്ഡലത്തിലെ ഗ്രാമവാസികളെയോ അവരുടെ വീടുകളോ സന്ദർശിക്കാൻ അഞ്ചു മിനിറ്റു സമയംപോലും പ്രധാനമന്ത്രിക്കുണ്ടായില്ല. രാഹുൽഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്ക് പണമെവിടെ എന്നാണ് ബി.ജെ.പിയുടെ ചോദ്യം. സമ്പന്നരുടെ കടം എഴുതിത്തള്ളിയ മോദി സർക്കാരിന് പാവങ്ങൾക്കായി ചെലവഴിക്കാൻ പണമില്ല. കോൺഗ്രസ് പറഞ്ഞതു ചെയ്യും. എല്ലാവർക്കുമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക വായിച്ചുനോക്കണം. ഇടത്തരക്കാരും ചെറുകിടക്കാരുമായ കച്ചവടക്കാരുടെ ജീവിതം ജി.എസ്.ടി. തകർത്തു. രാഷ്ട്രവാദികളാണ് തങ്ങളെന്നാണ് മോദിയുടെ അവകാശവാദം. ജാതിയും മതവും നോക്കി ജനങ്ങളെ വേർതിരിക്കുന്നതല്ല രാഷ്ട്രവാദം. ജനങ്ങളുടേതാണ് യഥാർഥ ഭരണകൂടം. അതു ദുർബലപ്പെടുത്തിയവരാണ് മോദി സർക്കാർ. വോട്ടർമാർ ഇത്തവണ ജനങ്ങളുടെ ശബ്ദം മനസ്സിലാക്കിക്കൊടുക്കണം. നിങ്ങളുടെ പക്കലാണ് നീതി. നിങ്ങൾക്കുവേണ്ടി പ്രസംഗിക്കുന്നവരെയല്ല, പ്രവർത്തിക്കുന്നവരെ നിങ്ങൾ തിരഞ്ഞെടുക്കണം. നന്നായി ചിന്തിച്ചുവേണം ഇത്തവണ വോട്ടുചെയ്യാനെന്നും കൈയടികൾക്കിടയിൽ പ്രിയങ്ക ഓർമിപ്പിച്ചു. content highlights:Priyanka gandhi election campaign in western up
from mathrubhumi.latestnews.rssfeed http://bit.ly/2G6P2VX
via
IFTTT
No comments:
Post a Comment