തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തുന്നുവെന്ന് അറിഞ്ഞതു മുതല്‍ കളക്‌ട്രേറ്റില്‍ പതിവിലും തിരക്ക്. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം... ആള് എപ്പൊ വരും...? ഉച്ചകഴിയുമെന്ന് മറുപടി.
അതോടെ കളക്‌ട്രേറ്റിലെ ജീവനക്കാരൊക്കെ ഉച്ചയൂണിന്റെ സമയം സ്വയം മാറ്റി നിശ്ചയിച്ച് താരത്തെ കാണാനായി ഇടംപിടിച്ചു. ഒന്നരയോടെ താരം എത്തുന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങി. തിരക്ക് പതുക്കെ കൂടി. കളക്ടറുടെ ചേംമ്പറിലേയ്ക്കുള്ള കോണിപ്പടിയിലൊക്കെ ആളുകള്‍ നിറഞ്ഞു.
കൃത്യം ഒന്നരയോടെ സുരേഷ്‌ഗോപി എത്തി. അതുവരെ തന്നെ കാത്തു നിന്നവരെയൊന്നും നിരാശപ്പെടുത്താതെ കൈവീശിക്കാട്ടി. ഇതോടെ ആവേശം കൂടി... തിക്കും തിരക്കും കൂടി. കാമറകള്‍ക്ക് നടുവിലൂടെ താരം മുന്നോട്ട്. ഒടുവില്‍ കളക്ടറുടെ ചേംമ്പറില്‍ലെത്തി ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ശേഷം പുറത്തേയ്ക്ക്... പ്രതികരണം തേടി കളക്‌ട്രേറ്റിന് മുന്നില്‍ കാത്തുനില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അടുത്തേക്ക്. കാമറകള്‍ നിരന്നു. താരം മുകളിലത്തെ നിലയില്‍ നിന്നും താഴെ കാമറകളുടെ അടുത്തേയ്ക്ക്. കയ്യില്‍ കളക്‌ട്രേറ്റ് വളപ്പില്‍ നടാനുള്ള വൃക്ഷത്തൈയ്യുണ്ട്. കാമറകള്‍ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തടസ്സമായി ഒരു ഇന്നോവ കാര്‍.
ഉടന്‍ ആജ്ഞാപിച്ചു. 'ആ കാര്‍ എടുത്തു മാറ്റൂ...' കേട്ടു നിന്ന ബിജെപി പ്രവര്‍ത്തകര്‍ പകച്ചു. തന്റെ വാക്കുകേട്ടിട്ടും യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ കണ്ട് സുരേഷ്‌ഗോപിയും ആകെ അമ്പരന്നു. വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിട്ടും രക്ഷയില്ല. കാര്യം കൈവിട്ടു പോകുമെന്നായപ്പോള്‍ പ്രാദേശിക നേതാവ് സുരേഷ് ഗോപിയുടെ കാതല്‍ മന്ത്രിച്ചു.' ആ കാര്‍ അങ്ങനെ മാറ്റാന്‍ പറ്റില്ല, അതില്‍ തൊട്ടാല്‍ ഇവിടെ നിന്നും പോകാനും കഴിയില്ല. ' കാറിന്റെ മുന്നിലെ ബോര്‍ഡിലുള്ളത് 'ജില്ലാ കളക്ടര്‍' എന്ന്. മുഖത്തെ ഭാവം തെല്ലും മാറാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് തൊട്ടടുത്ത് നില്‍ക്കുന്ന ആളോട് വോട്ടഭ്യര്‍ത്ഥിച്ച് താരം പതുക്കെ മുന്നോട്ട് നീങ്ങി.
from mangalam.com http://bit.ly/2Idi9bt
via IFTTT
No comments:
Post a Comment