കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഏക സി.പിഐ എം.പിയെ സമ്മാനിച്ച മണ്ഡലം തൃശ്ശൂരായിരുന്നു. സി.എൻ ജയദേവൻ മാറി പകരം രാജാജി മാത്യൂ തോമസ് ആണ് ഇത്തവണ കളത്തിൽ. എതിർവശത്ത് ടി.എൻ പ്രതാപനെന്ന കോൺഗ്രസിന്റെ ജനകീയ മുഖം. ഒടുവിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മണ്ഡലത്തിന് താരപരിവേഷം, ത്രികോണമത്സരത്തിന്റെ ആവേശം. പക്ഷേ രാജാജിയുടെ ആവേശവും ഇടതുപക്ഷത്തിന്റെ പ്രതീക്ഷയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചുവന്ന തൃശ്ശൂരിൽ തന്നെയാണ്. നിയമസഭയിലേക്ക് ഇടത് എം.എൽ.എ മാരെയാണ് തൃശ്ശൂർ പറഞ്ഞുവിട്ടത്. മണ്ഡലപര്യടനത്തിന്റെ ഇടവേളയിൽ രാജാജി മാത്യൂ മാതൃഭൂമി ഡോട്ടോ കോമിനോട് മനസുതുറക്കുന്നു.. ഇത്തവണ തൃശ്ശൂർ നിലനിർത്താൻ കഴിയുമോ? തീർച്ചയായും നിലനിർത്താൻ കഴിയും എതിർ സ്ഥാനാർത്ഥികളെക്കുറിച്ച് ? സ്ഥാനാർത്ഥികൾ ഇമ്മെറ്റീരിയൽ ആണ്. നമ്മുടെ പ്രശ്നം രാഷ്ട്രീയമാണ്. എതിർ സ്ഥാനാർത്ഥികൾ ഉന്നയിക്കുന്ന രാഷ്ട്രീയവും നമ്മൾ ഉന്നയിക്കുന്ന രാഷ്ട്രീയവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത് വ്യക്തികൾ തമ്മിലുള്ള മത്സരം അല്ല. വ്യക്തിപ്രഭാവത്തിന് ഇവിടെ ഒരു സ്ഥാനവും ഇല്ല. ഇവിടെ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ജനങ്ങളുടെ കൺസേൺ അതിനാണ്. സുരേഷ് ഗോപി വന്നതോട് കൂടി തൃശ്ശൂരിലേത് ത്രികോണ മത്സരമാണ് എന്നവിലയിരുത്തലുകൾ ഉണ്ട്? മൂന്ന് പേരുണ്ടെങ്കിൽ സ്വാഭാവികമായും ത്രികോണ മത്സരമായിരിക്കുമല്ലോ. ത്രികോണ മത്സരമെന്ന് നമ്മൾ ഉദ്ദേശിക്കുന്നത് മൂന്ന് തുല്യ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ്. ബിജെപിയും ബിജെപിയെ പ്രതിനിധീകരിച്ച് വരുന്ന സുരേഷ് ഗോപിയും തുല്യ ശക്തികളാണെന്നുള്ള അർത്ഥത്തിലാണ് നിങ്ങൾ സംസാരിക്കുന്നത്. പക്ഷേ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെ എത്തുള്ളുവെന്ന് നിങ്ങൾക്ക് അറിയാം. അത് സുരേഷ് ഗോപിയുടെ പ്രശ്നമല്ല ബിജെപിയുടെ പ്രശ്നമാണ്. ബിജെപിക്ക് വോട്ട് ചെയ്യണമോയെന്നൊക്കെ ജനങ്ങൾ തീരുമാനിക്കും. സുരേഷ് ഗോപി എത്ര മഹാനായ നടനാണെങ്കിലും ശരി ബിജെപിയുടെ രാഷ്ട്രീയം അംഗീകരിക്കാൻ തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങൾ തയാറല്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും ശബരിമല തങ്ങൾക്ക് മുഖ്യ പ്രചാരണ ആയുധമാണെന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു. ഈ വിഷയം തൃശ്ശൂരിൽ എങ്ങനെ പ്രതിഫലിക്കും. ആർക്കാണ് ശബരിമല മുഖ്യവിഷയം. തെരഞ്ഞെടുപ്പിൽ ശബരിമല ഒരു മുഖ്യവിഷയമല്ല. ശബരിമല പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ് അത് ഞാൻ നിഷേധിക്കുന്നില്ല. വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംബന്ധിക്കുന്ന പ്രധാനവിഷയമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയം അല്ല. ബിജെപിക്ക് വേറെ ഒരു വിഷയവും ഉന്നയിക്കാൻ ഇല്ലാത്തത് കൊണ്ട് അവർ ശബരിമല കുത്തിപ്പൊക്കി നാല് വോട്ട് നേടാൻ കഴിയുമോയെന്ന ശ്രമമാണ് നടത്തുന്നത്. പക്ഷേ ശബരിമലയിൽ പോകുന്ന, എല്ലാവർഷവും ശബരിമല തീർത്ഥാടനം നടത്തുന്ന ഭക്തജനങ്ങൾ പോലും ബിജെപി എടുക്കുന്ന നിലപാടിനോട് യോജിക്കില്ല. അവർ വ്യക്തമായി വേറൊരു നിലപാട് എടുത്തിരിക്കും. ഇത് രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. എന്തുകൊണ്ട് തൃശ്ശൂർ താങ്കളെ തിരഞ്ഞെടുക്കണം? ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂരിലെ ജനങ്ങൾ എന്നെ തിരഞ്ഞെടുക്കേണ്ടത്. ആ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള ഒരാളെന്ന നിലയിലാണ് അവരെന്നെ തിരഞ്ഞെടുത്തത്. ദേശീയ രാഷ്ട്രീയത്തിലും സാർവദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രാഷ്ട്രീയത്തിലുമായി 42 വർഷത്തെ രാഷ്ട്രീയ അനുഭവം ഉള്ള ആളാണ് ഞാൻ. ഈ അനുഭവ സമ്പത്ത് ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. ഇക്കാര്യം ഇടതുപക്ഷ ജനാധിപത്യമുന്നണി തിരിച്ചറിയുന്നുണ്ട്. ജനങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ജനങ്ങൾ എന്നെ തിരഞ്ഞെടുക്കും. അപ്പോഴും അത് വ്യക്തിനിഷ്ഠമല്ല. കൃത്യമായ രാഷ്ട്രീയ തീരുമാനം ആയിരിക്കും അത്. വികേന്ദ്രീകൃത ജനാധിപത്യ സംവിധാനമുള്ള രാഷ്ട്രമാണ് നമ്മുടേത്. ഓരോരുത്തർക്കും അവരുടെതായ കാഴ്ച്ചപ്പാടുകളും അജണ്ടകളും ഉണ്ട്. അത് അനുസരിച്ചുള്ള പ്രവർത്തനമാണ് നടക്കുക. ഒരു എം.പിക്ക് ഗവൺമെന്റിൽ നിന്നും വ്യത്യസ്തമായൊരു വികസന പ്രവർത്തനം കൊണ്ടുവരാൻ കഴിയില്ല. ജനങ്ങളുടെ പ്രശ്നങ്ങളെന്തൊക്കെയാണെന്ന് കാൽക്കുലേറ്റ് ചെയ്യുകയാണ് ഒരു എം.പി ചെയ്യേണ്ടത്. അത്തരത്തിലുള്ള നിരവധി പദ്ധതികൾ എന്റെ മുമ്പിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ടുവന്നുകഴിഞ്ഞാൽ അവ പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. അപ്പോഴും ഏറ്റവും വലിയ പ്രതിബന്ധം കേന്ദ്ര സർക്കാരിന്റെ നിലപാടുകളാണ്. കേന്ദ്രസർക്കാരിന്റെ പദ്ധതികളാണ് ഞാൻ ജനങ്ങളിലെത്തിക്കേണ്ടത്. ഉദാഹരണത്തിനായി നിരവധി കോൾ നിലങ്ങളുള്ള പ്രദേശമാണ് തൃശ്ശൂർ. കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് ഇരുപ്പുകൃഷി,മത്സ്യകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നതിന് എൽഡിഎഫ് ഗവൺമെന്റ് 2006-2011 കാലയളവിൽ ഏകദേശം 800 കോടിരൂപയുടെ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനയച്ചു. പക്ഷേ കേന്ദ്രസർക്കാർ ഗ്രാന്റായിട്ട് അഞ്ച് പൈസപോലും ഇത് വരെ ആ പദ്ധതിക്ക് നൽകിയില്ല. ഇതുവരെ അനുവദിക്കപ്പെട്ട 400 കോടി രൂപ നബാഡിന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും മാത്രമാണ് ആ പദ്ധതി കാര്യക്ഷമമായി പൂർത്തിയാക്കാൻ കഴിയണമെങ്കിൽ സർക്കാർ പണം നൽകണം. പരിസ്ഥിതിയെ വേദനിപ്പിക്കാതെ ഒരു മെട്രോ റെയിൽ സംവിധാനത്തെക്കുറിച്ചുള്ള പദ്ധതിയും എന്റെ മനസിലുണ്ട്. കൊച്ചി മെട്രോ നെടുമ്പാശ്ശേരി വരെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. നെടുമ്പാശ്ശേരി വരെ വരുന്ന കൊച്ചിമെട്രോ തൃശ്ശൂർ വരെ ഭൂമിയേറ്റെടുക്കാതെ നാഷണൽ ഹൈവേയുടെ മീഡിയനിൽ കൂടെയുള്ള പില്ലറുകൾ വഴി എത്തിക്കാൻ പറ്റും. അത് തൃശ്ശൂർ കൊച്ചി ഹൈസ്പീഡ് കോറിഡോറായി അതിവേഗ മെട്രോ ഇടനാഴിയായി വികസിപ്പിച്ചുകഴിഞ്ഞാൽ സ്വകാര്യ വാഹനങ്ങളുടെ ഇന്ധനച്ചെലവും ഒപ്പം പരിസ്ഥിതി മലിനീകരണവും കുറയ്ക്കാം. ചിലവുകുറഞ്ഞതും സൗകര്യപ്രദവുമായ യാത്ര മെട്രോയിൽ സാധ്യമാകും. അങ്ങനെ വന്നാൽ അത് കൊച്ചിനഗരത്തിനും തൃശ്ശൂർ നഗരത്തിലും വലിയൊരു ആശ്വാസമാകും. നമ്മുടെ റോഡിന് ഇനിയും വീതികൂട്ടാൻ പറ്റില്ല. റെയിൽവേയ്ക്ക് ട്രാക്ക് വർദ്ധിപ്പിക്കാനും പറ്റില്ല. അതിനെല്ലാമുള്ള പ്രതിവിധിയാണ് മെട്രോ. ആയിരക്കണക്കിനു കോടി മുതൽ മുടക്കുളള ഈ പദ്ധതിയാണ്. അതിനാൽ തന്നെ പണം കേന്ദ്ര സർക്കാർ കണ്ടെത്തണം. ഒരു നിർദ്ദേശമായി ഞാൻ ഈ പദ്ധതി മുന്നോട്ട് വയ്ക്കുകയാണ്. കളിമണ്ണുകൊണ്ടുള്ള ഓട് നിർമ്മാണം ഒരു കാലത്തെ കേരളത്തിൽ ധാരാളമുണ്ടായിരുന്നു. ഓട്ടുകമ്പനികൾ ഭൂരിഭാഗവും പ്രവർത്തിച്ചിരുന്നത് തൃശ്ശൂരിൽ ആയിരുന്നു. ഇപ്പോഴത് സമ്പൂർണമായി തകർന്നു കഴിഞ്ഞു. ഈ സ്ഥലങ്ങൾ ഉദ്പാദന ക്ഷമമല്ലാതായി വെള്ളക്കെട്ടായി മാറി. അവയെ പുനരുപയോഗ്യമായി മാറ്റണം. ഇത്തരം ഇടങ്ങളിൽ മത്സ്യകൃഷി നടത്താം. മത്സ്യവിഭവങ്ങൾ സമാഹരിക്കുന്നതിനോടൊപ്പം ടൂറിസം വികസിപ്പിക്കാം. ഇത്തരത്തിൽ നിരവധി പദ്ധതികൾ എന്റെ ചിന്തയിലുണ്ട്. വികസനം അല്ല ഒരു തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം അത് രാഷ്ട്രീയമാണ്. സി.എൻ ജയദേവന് സീറ്റ് നിഷേധിച്ചത് ചർച്ചായായിരുന്നല്ലോ ? ജയദേവൻ അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ബോഡികൾ ചർച്ച ചെയ്താണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാറിനിൽക്കേണ്ടതല്ലേ..എന്നാൽ സി.എൻ ജയദേവനാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് തിരഞ്ഞെടുത്ത് പ്രവർത്തനത്തിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നുണ്ട്. എനിക്ക് തീരദേശ മേഖലയിൽ അധികം പരിചയമില്ല. അദ്ദേഹമാണ് ഇവിടങ്ങളിൽ എന്നെ കൂട്ടികൊണ്ട് പോയി വോട്ട് ചോദിച്ചത്. എന്നും രാവിലെയും വൈകിട്ടും എന്നെ വിളിക്കാറുമുണ്ട്. വിജയിച്ചാൽ ഭൂരിപക്ഷം..? അത് ജനങ്ങൾ തീരുമാനിക്കും. ഞാൻ പ്രതീക്ഷിക്കുന്നത് അഭിമാനകരമായ ഒരു ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. Content Highlight: Interview with Rajaji mathew thomas CPIM candidates from Thrissur
from mathrubhumi.latestnews.rssfeed http://bit.ly/2VUW5pV
via
IFTTT
No comments:
Post a Comment