കല്പറ്റ:മീൻവരവ് കുറഞ്ഞതോടെ വില കുതിച്ചുയർന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്ററിനും വിഷുവിനും പോലും പ്രതീക്ഷിച്ച കച്ചവടം ലഭിക്കാതെ നിരാശയിലാണ് മീൻകച്ചവടക്കാർ. മുൻവർഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വിൽപ്പന പോലും ഇത്തവണ വിശേഷദിവസങ്ങളിൽ ലഭിച്ചില്ലെന്ന് കല്പറ്റ ബൈപ്പാസിലെ മീൻമാർക്കറ്റിൽ കച്ചവടം നടത്തുന്ന ഇ. സിദ്ധിഖ് പറഞ്ഞു. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്നാട്ടിൽ ട്രോളിങ് കൂടി ആരംഭിച്ചതോടെ മീനിന് കടുത്ത ക്ഷാമമാണ്. ഇതോടെ വില കുത്തന്നെ ഉയർന്നു. 200 രൂപയുണ്ടെങ്കിലേ ഒരു കിലോ മത്തി കിട്ടൂവെന്ന അവസ്ഥയാണിപ്പോൾ. മൊത്തവ്യാപാരികളേക്കാൾ 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് ചെറുകിട മീൻകച്ചവടക്കാർ വിൽപ്പന നടത്തുന്നത്. എന്നാൽ വലിയ വിലകാരണം വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. കല്പറ്റയിൽ ചുങ്കം ജങ്ഷനിലുണ്ടായിരുന്ന മീൻമാർക്കറ്റ് ബൈപ്പാസിലെ കെട്ടിടത്തിലേക്ക് മാറ്റിയതിൽ പിന്നെ വാങ്ങാൻ ആളെത്തുന്നില്ലെന്ന് കച്ചവടക്കാർക്ക് പരാതിയുണ്ട്. സ്ത്രീകളുൾപ്പടെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മീൻവാങ്ങാൻ വന്നവർ ഇപ്പോൾ തീരെ വരാതായി. മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വിൽപ്പന നടക്കുന്നത്. മീനിന് വില കൂടി ഉയർന്നതോടെ ഇപ്പോൾ കച്ചവടമേയില്ല. കച്ചവടക്കാരും നഷ്ടം ഭയന്ന് കൂടുതൽ ചരക്കെടുത്ത് വിൽക്കാനും മടിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് മാർക്കറ്റിൽ താൻ മാത്രമാണ് കച്ചവടം ചെയ്തതെന്ന് ഇ. സിദ്ദിഖ് പറഞ്ഞു. വൈകീട്ട് മഴ കൂടിയാകുമ്പോൾ ആരും വിജനമായ മാർക്കറ്റിന്റെ പരിസരത്തേക്ക് വരുന്നില്ല. നെത്തോലിയും മത്തിയും അയലയും മാത്രമാണ് പലപ്പോഴും എത്തുന്നത്. നല്ല കച്ചവടം ലഭിക്കുന്ന ഈസ്റ്ററിന് മീനും എത്തിയില്ല, ആളും എത്തിയില്ല എന്ന അവസ്ഥയായിരുന്നു. ഇത്രയും നഷ്ടമുണ്ടാക്കിയ ഉത്സവക്കാലം വേറെയില്ലെന്നും കച്ചവടക്കാർ പറഞ്ഞു. മീൻവില ഉയർന്നതോടെ മീൻവണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. ഉയർന്ന വിലയാൽ വീട്ടമ്മമാർ മീൻവാങ്ങാൻ മടിക്കുകയാണ്. ഇനി നോമ്പുകാലം കൂടി തുടങ്ങുന്നതോടെ വില ഇനിയും ഉയർന്നേക്കാം. തമിഴ്നാട്ടിലെ ട്രോളിങ് കാലാവധി കഴിഞ്ഞാലേ വില കുറയാൻ സാധ്യതയുള്ളൂ. മീൻ മൊത്തവില (ഒരു കിലോയ്ക്ക്) മത്തി 180 നെത്തോലി 100 കോര 160 അയല 200 കേതൽ 300 -320 അയക്കൂറ 680 - 700 ചെമ്മീൻ 360 (മൊത്തവിലയിൽ നിന്നും 20- 40 രൂപ കൂട്ടിയാണ് ചെറുകിട വ്യാപാരികൾ വിൽക്കുക) മീനില്ല, വലിയ വിലയും മീൻ കിട്ടാനില്ലാത്തതിനാൽ തന്നെയാണ് വില കൂടുന്നത്. കോഴിക്കോട് ഹാർബറുകളിൽ തന്നെ മീനെത്തുന്നില്ല. കേരളതീരത്ത് നെത്തോലിപോലെ ചുരുക്കം മീനുകളേ കിട്ടാനുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തമിഴ്നാട്ടിലെ ട്രോളിങ് കഴിഞ്ഞാലേ മീൻ വരികയും വില കുറയുകയും ചെയ്യൂ. - എം. കമറുസമാൻ, കല്പറ്റ മാർക്കറ്റിലെ മീൻ മൊത്തവ്യാപാരി
from mathrubhumi.latestnews.rssfeed http://bit.ly/2ZABnOo
via
IFTTT
No comments:
Post a Comment