കൊല്ലം:ഓരോ ബൂത്തിലും ബി.ജെ.പി.ക്ക് എത്രവോട്ടുകിട്ടുമെന്ന് ആർ.എസ്.എസ്. കണക്കെടുക്കുന്നു. ഞായറാഴ്ചയും 20-നുമാണ് കണക്കെടുപ്പ്. പെരുപ്പിച്ച കണക്ക് വേണ്ടെന്നും നൂറുശതമാനം ഉറപ്പായ വോട്ടുകൾ എത്രയെന്ന് പറഞ്ഞാൽമതിയെന്നുമാണ് നിർദേശം. മൂന്നുമുന്നണികൾക്കും ലഭിക്കുന്ന ഉറച്ച വോട്ടുകൾ, അനുഭാവി വോട്ടുകൾ, ആടിനിൽക്കുന്ന വോട്ടുകൾ, നിഷ്പക്ഷർ എന്നിങ്ങനെ പ്രത്യേകം അറിയിക്കണം. ഏപ്രിൽ എട്ടിന് ആർ.എസ്.എസ്. ബൂത്തുതലത്തിൽ ആദ്യഘട്ട കണക്കെടുപ്പ് നടത്തിയിരുന്നു. തുടർപ്രവർത്തനങ്ങൾകൊണ്ട് എത്രത്തോളം വോട്ട് വർധിപ്പിക്കാനായി എന്നറിയാനാണ് രണ്ടും മൂന്നും ഘട്ടം. ഇനിയുള്ള ഒമ്പതുദിവസങ്ങളിൽ ആർ.എസ്.എസ്. മാസ്റ്റർപ്ലാൻ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ബി.ജെ.പി. പ്രവർത്തകർക്ക് നിർദേശം കൊടുത്തിട്ടുണ്ട്. 13 മുതൽ 21 വരെ മൂന്നുഘട്ടങ്ങളിലായി വീടുകയറി വോട്ടുതേടും. വൈകുന്നേരങ്ങളിൽ കുടുംബസംഗമങ്ങൾ സംഘടിപ്പിക്കണമെന്നും രാത്രിതന്നെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യണമെന്നും കീഴ്ഘടകങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സമാന്തരമായി ശബരിമലകർമസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ സംഘം വീടുകളിൽക്കയറി ശബരിമല സംഭവം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ആർ.എസ്.എസ്. വിഭാഗ്തല ചുമതലക്കാർ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ വിളിച്ചിരുന്നു. ബൂത്തുകളിൽനിന്നെടുക്കുന്ന കണക്ക് അന്നുതന്നെ നിയമസഭാമണ്ഡല സംയോജകന്മാർ പാർലമെൻറ് മണ്ഡലം സംയോജകന്മാർക്ക് കൈമാറണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടെന്നാണ് ആർ.എസ്.എസ്. വിലയിരുത്തൽ. Content Highlights:RSS Survey for bjp vote share
from mathrubhumi.latestnews.rssfeed http://bit.ly/2UZg0XB
via
IFTTT
No comments:
Post a Comment