തൃശ്ശൂർ: എൻ.ഡി.എ. സ്ഥാനാർഥി സുരേഷ്ഗോപി വീടിനുമുന്നിൽക്കൂടി പോകുമ്പോൾ ഒന്നുകാണാമെന്നേ സുനിലും സൗമ്യയും കരുതിയുള്ളൂ. പ്രചാരണവാഹനം വീടിനുമുന്നിൽ നിന്നപ്പോഴും അസ്വാഭാവികത ഒന്നും തോന്നിയില്ല. എന്നാൽ, സ്ഥാനാർഥി വാഹനത്തിൽനിന്നിറങ്ങി വീട്ടിലേക്കു കയറിവന്ന് ഒരു ചോദ്യം -ഇത്തിരി ചോറുതരുമോ...? സ്ഥാനാർഥി സിനിമാതാരം കൂടിയായതിനാൽ അമ്പരപ്പിന് അൽപ്പം കനം കൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേക്കാലോടെ പീടികപ്പറമ്പ് അയ്യപ്പൻകാവിലായിരുന്നു സ്ഥാനാർഥി അപ്രതീക്ഷിതമായി തയ്യിൽ വീട്ടിലേക്ക് ഊണുചോദിച്ചെത്തിയത്. വിഭവങ്ങൾ കുറവാണെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും ഉള്ളതുമതിയെന്ന് സ്ഥാനാർഥിയുടെ മറുപടി. വീടിനകത്തുകയറി കൈകഴുകി തീൻമേശയ്ക്കരികിൽ ഇരുന്നപ്പോൾ ചോറും എത്തി. വിഭവങ്ങൾ വിളമ്പുമ്പോൾ സൗമ്യയുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേർത്ത് ഊണ് സ്ഥാനാർഥി ആസ്വദിച്ച് കഴിച്ചു. മേമ്പടിക്ക് ഇത്തിരി തൈരും. ഊണുകഴിഞ്ഞെങ്കിലും തീയലിന്റെ രുചി നാവിൽനിന്നു പോകുന്നില്ലെന്ന് സുരേഷ്ഗോപി. നേരത്തേ അറിയിച്ചിരുന്നെങ്കിൽ കുറേക്കൂടി ഉഷാറാക്കാമായിരുന്നെന്ന് സുനിലിന്റെ ജ്യേഷ്ഠഭാര്യ യശോദ. വീടിന്റെ ഒരു മുറിയിൽ കട്ടിലിൽനിന്നെഴുന്നേൽക്കാനാവാതെ കിടക്കുന്ന 80 വയസ്സുള്ള അമ്മിണിയുടെ സമീപത്തും സ്ഥാനാർഥിയെത്തി. വീട്ടുകാർക്കൊപ്പം ഒരു സെൽഫി കൂടി എടുത്തശേഷം ഇറങ്ങാനൊരുമ്പോൾ സ്ഥാനാർഥിയുടെ വാക്കുകൾ ഇങ്ങനെ: 'മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്'.
from mathrubhumi.latestnews.rssfeed http://bit.ly/2G64foG
via
IFTTT
No comments:
Post a Comment