ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധവും അതൃപ്തിപ്രകടനവും തുടരുന്നു. എൽ.കെ. അദ്വാനി പാർട്ടിക്കെതിരേ പരോക്ഷവിമർശനമുയർത്തിയതിനു പിന്നാലെ ഉത്തർപ്രദേശിലെ കാൻപുർ സീറ്റ്നഷ്ടപ്പെട്ട മുതിർന്ന നേതാവ് മുരളീ മനോഹർ ജോഷി കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയിൽ കോൺഗ്രസ് അദ്ദേഹത്തിന് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും പറയുന്നു. മധ്യപ്രദേശിലെ സിറ്റിങ് സീറ്റായ ഇന്ദോർ നിഷേധിക്കുമെന്നു മുൻകൂട്ടിക്കണ്ട് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ മത്സരരംഗത്തുനിന്ന് സ്വയം പിന്മാറി. കോൺഗ്രസ് നേതാക്കളുമായി ജോഷി ചർച്ചനടത്തിയ കാര്യം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ജോഷിയോ കോൺഗ്രസോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അദ്വാനിക്കും വാജ്പേയിക്കുമൊപ്പം ബി.ജെ.പി. ഉണ്ടാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് പാർട്ടി മുൻ ദേശീയാധ്യക്ഷൻകൂടിയായ ജോഷി. വെള്ളിയാഴ്ച ജോഷി അദ്വാനിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇരുവരും പുറത്തുവിട്ടില്ല. മുതിർന്ന നേതാക്കൾ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ആർ.എസ്.എസ്. ഇടപെടും. ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റ് നഷ്ടപ്പെട്ട അദ്വാനി കഴിഞ്ഞദിവസം പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിച്ച് തന്റെ ബ്ലോഗിൽ എഴുതിയിരുന്നു. തൊട്ടുപിന്നാലെയാണ് ജോഷി കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തിയെന്ന അഭ്യൂഹം പരന്നിരിക്കുന്നത്. വാരാണസിയിൽ ജോഷിയെ സംയുക്ത പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയാക്കാമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്. വാരാണസിയിൽ മത്സരിക്കാനില്ലെന്ന് ജോഷി അറിയിച്ചതായും മറ്റേതെങ്കിലും മണ്ഡലം പരിഗണിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞതായും സൂചനയുണ്ട്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു. 2009-ൽ ജോഷി 17,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് വാരാണസി. 2014-ൽ മത്സരിക്കാനായി ഗുജറാത്തിലെ വഡോദരയ്ക്കൊപ്പം വാരാണസിയും മോദി തിരഞ്ഞെടുത്തപ്പോൾ, ജോഷി കാൻപുരിലേക്കു മാറി. കാൻപുരിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീപ്രകാശ് ജയ്സ്വാളിനെ 2,22,946 വോട്ടിന് ജോഷി തോൽപ്പിച്ചു. എന്നാൽ, ജോഷി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ നരേന്ദ്രമോദി എൻ.ഡി.എ. മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയോ പാർട്ടിയുടെ പ്രധാനപദവികളിൽ നിയോഗിക്കുകയോ ചെയ്തില്ല. 75 വയസ്സുകഴിഞ്ഞവർ മന്ത്രിസഭയിൽ വേണ്ടെന്ന മോദിയുടെ നിലപാടിനെത്തുടർന്നായിരുന്നു ഒഴിവാക്കൽ. ഇതേ മാനദണ്ഡമാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലും ബി.ജെ.പി. സ്വീകരിച്ചത്. നിലവിലെ നേതൃത്വത്തിന് വിയോജിപ്പുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഈ മാനദണ്ഡമെന്ന് തുടക്കംമുതൽ ഒരുവിഭാഗം ആരോപണമുയർത്തിയിരുന്നു. ബി.ജെ.പി.യുടെ മുതിർന്ന നേതാവും ലോക്സഭാ സ്പീക്കറുമായ സുമിത്രാ മഹാജനും ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടുകളിൽ അതൃപ്തയാണ്. ഇന്ദോറിൽനിന്ന് എട്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ട സുമിത്രയ്ക്ക് ഇക്കുറി സീറ്റുണ്ടാവില്ലെന്ന് നേരത്തേ സൂചനയുണ്ട്. ഇക്കാര്യം മനസ്സിലാക്കി, മത്സരിക്കാനില്ലെന്ന് സുമിത്ര വെള്ളിയാഴ്ച നേതൃത്വത്തെ അറിയിച്ചു. ഇന്ദോറിൽ ബി.ജെ.പി. ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥിയെ സംബന്ധിച്ചുയരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നതായും മത്സരിക്കാനില്ലെന്നും സുമിത്ര പ്രഖ്യാപിച്ചു. സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവർ പറഞ്ഞു. പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുന്നതിലുള്ള പ്രതിഷേധം മുതിർന്ന നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചുതുടങ്ങിയത് ബി.ജെ.പി. നേതൃത്വത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ്. ഇടപെടാൻ ഒരുങ്ങുന്നത്. content highlights:LK Advani,sumitra mahajan,murali manohar joshi, BJP
from mathrubhumi.latestnews.rssfeed http://bit.ly/2IhyjAG
via
IFTTT
No comments:
Post a Comment