വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഇറങ്ങിയാല്‍ സംഭവിക്കുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഇറങ്ങിയാല്‍ സംഭവിക്കുന്നത്

സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതിഹാസ സമാനമായ പോരാട്ടം വാരാണസിയിൽ ഇക്കുറി നടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നെഹ്റു കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക ഗാന്ധി അടർക്കളത്തിൽ ഇറങ്ങുന്നതിനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു. തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാന്റാണ്. ഹൈക്കമാന്റെന്നു പറഞ്ഞാൽ സ്വന്തം ഏട്ടനും അമ്മയും. സാധാരണഗതിയിൽ മറ്റേതു രാഷ്ട്രീയ പാർട്ടിയാണെങ്കിലും ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കാരണം ബ്രഹ്മാസ്ത്രം എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും മോദിക്കെതിരെയുള്ള അതിശക്തമായ ആയുധം തന്നെയാണ് പ്രിയങ്ക. പക്ഷെ, കോൺഗ്രസ്സിന് ഇക്കാര്യത്തിൽ ഒന്നല്ല പലവട്ടം ആലോചിക്കേണ്ടി വരും. ഹൈക്കമാന്റിന്റെ ഭാഗം തന്നെയാണ് പ്രിയങ്ക. പ്രിയങ്കയുടെ കാര്യത്തിൽ സോണിയയ്ക്കും രാഹുലിനും വ്യക്തിപരത ഒഴിവാക്കാനാവില്ല. രാഷ്ട്രീയം പക്ഷെ, കച്ചവടം പോലെയാണ്. കച്ചവടത്തിൽ വ്യക്തിതാൽപര്യങ്ങളല്ല സ്ഥാപനത്തിന്റെ താൽപര്യങ്ങളാണ് ആത്യന്തികമായി നിർണ്ണായകമാവുക. അതുകൊണ്ടുതന്നെ പ്രിയങ്കയുടെ കാര്യത്തിൽ വ്യക്തിതാൽപര്യങ്ങൾ മാറ്റിനിർത്തി തീരുമാനമെടുക്കാൻ സോണിയയും രാഹുലും നിർബ്ബന്ധിതരാവും. ഉത്തർ പ്രദേശാണ് പ്രിയങ്കയുടെ തട്ടകം. 2022-ൽ യു.പിയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കും പ്രിയങ്കയെന്നതിൽ സംശയമില്ല. കിഴക്കൻ യു.പിയുടെ ചുമതല നൽകി പ്രിയങ്കയെ ഔദ്യോഗികമായി രാഷ്ട്രീയത്തിലിറക്കുമ്പോൾ രാഹുലിന്റെ ലക്ഷ്യവും ഉത്തർ പ്രദേശെന്ന രാഷ്ട്രീയ ഇന്ത്യയുടെ ഹൃദയഭൂമി തന്നെയാണ്. 2022-ലേക്കുള്ള യാത്രയിൽ വാരാണസി പോലെ മറ്റൊരു വിക്ഷേപണത്തറ പ്രിയങ്കയ്ക്കില്ലെന്നതാണ് വാസ്തവം. വാരാണസിയിൽ പ്രിയങ്കയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ഈ പോരാട്ടത്തിൽ പ്രിയങ്കയ്ക്കും കോൺഗ്രസ്സിനും ആശങ്കയ്ക്ക് ഒരു വകയുമില്ലെന്നർത്ഥം. ഗോലിയാത്തിനെ ദാവീദ് വീഴ്ത്തിയ ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ട്. 1967-ൽ കെ. കാമരാജ് എന്ന അതികായനെ പി. ശ്രീനിവാസൻ എന്ന ഡി.എം.കെ. വിദ്യാർത്ഥി നേതാവ് വീഴ്ത്തിയപ്പോൾ ഡി.എം.കെ. സ്ഥാപകനായ അണ്ണാദുരൈ പോലും ഞെട്ടിപ്പോയി. 1971-ൽ 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രൻ സി.പി.എം. നേതാവ് ഇ.കെ. നായനാരെ കാസർകോട് പരാജയപ്പെടുത്തിയപ്പോൾ രാഷ്ട്രീയ കേരളം ഒന്നാകെ അമ്പരന്നു. 1967-ൽ എ.കെ.ജി. 1.19 ലക്ഷം വോട്ടിന് നിലനിർത്തിയ മണ്ഡലമായിരുന്നു കാസർകോട്. 71-ൽ അവസാന നിമിഷം എ.കെ.ജിയെ കാസർകോട് നിന്ന് പാലക്കാട്ടേക്ക് മാറ്റാനുള്ള തീരുമാനം സി.പി.എമ്മിന് നൽകിയ സമാശ്വാസം ചില്ലറയായിരുന്നില്ല. കടന്നപ്പള്ളിയെ കാസർകോട് നിർത്താനുള്ള നീക്കത്തിന് ഇന്ദിരയുടെ നേരിട്ടുള്ള ആശീർവ്വാദമുണ്ടായിരുന്നു. ഇതേ ഇന്ദിര 1977-ൽ റായ്ബറേലിയിൽ രാജ്നാരായണനു പിന്നിൽ നിലംപരിശായത് കോൺഗ്രസ് ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവുന്നില്ല. 2014-ൽ അരവിന്ദ് കെജ്രിവാളിനെ 3.37 ലക്ഷം വോട്ടുകൾക്കാണ് മോദി പരാജയപ്പെടുത്തിയത്. മൊത്തം പോൾ ചെയ്ത വോട്ടിൽ 56 ശതമാനത്തോളം മോദിക്ക് കിട്ടിയപ്പോൾ കെജ്രിവാളിന് കിട്ടിയത് 20 ശതമാനത്തോളം വോട്ടുകളാണ്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഏഴ് ശതമാനം വോട്ട് കിട്ടിയിരുന്നു. ഇതോടൊപ്പം എസ്.പിയുടേയും ബി.എസ്.പിയുടേയും വോട്ടുകൾ ചേർത്താലും മോദിയെ മറികടക്കാനാവില്ല. വാരാണസിയിൽ മോദിയെ നേരിടാനെത്തുമ്പോൾ കെജ്രിവാൾ ഡെൽഹി മുഖ്യമന്ത്രിയായിരുന്നില്ല. പ്രിയങ്കയുടെ കരിസ്മയും കെജ്രിവാളിന് അവകാശപ്പെടാനുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ പലപ്പോഴും സാമാന്യ യുക്തികൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ്. പക്ഷേ, നരേന്ദ്ര മോദിയെ വാരാണസിയിൽ വീഴ്ത്താനാവുമെന്ന് പ്രിയങ്കയോ രാഹുലോ കരുതുന്നുണ്ടാവില്ല. മോദിയുടെ പരാജയമല്ല പ്രിയങ്കയുടെ രാഷ്ട്രീയ മുന്നേറ്റമാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ്സിന്റെ ഏറ്റവും ചടുലവും ശക്തവുമായ നീക്കമായിരിക്കും പ്രിയങ്കയുടെ വാരാണസിയിലെ രംഗപ്രവേശം എന്നതിൽ സംശയമില്ല. വയനാട്ടിൽനിന്ന് മത്സരിക്കുന്നതിലൂടെ രാഹുൽ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടം ദുർബ്ബലമാക്കിയിരിക്കുകയാണെന്ന ആക്ഷേപം ഇതോടെ ഇല്ലാതാവും. അഖിലേന്ത്യാ തലത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ്സിനനുകൂലമായി കേന്ദ്രീകരിക്കപ്പെടുന്നതിനും ഈ നീക്കം വഴിയൊരുക്കും. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ബി.ജെ.പിയെ മാത്രമല്ല ഉലയ്ക്കുന്നത്. ഭാവിയിൽ പ്രിയങ്ക ഭീഷണിയാവുക തങ്ങൾക്കു കൂടിയാണെന്ന് അഖിലേഷ് യാദവും മായാവതിയും തിരിച്ചറിയുന്നുണ്ടാവണം. സഖ്യത്തിന്റെ ധാരണ പ്രകാരം വാരാണസിയിൽ എസ്.പിയാണ് മത്സരിക്കേണ്ടത്. ഇവിടെ ഇതുവരെ അഖിലേഷ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2022-ലേക്കുള്ള പ്രിയങ്കയുടെ യാത്ര ഉയർത്തുന്ന അപായസൂചനകളുടെ വെളിച്ചത്തിൽ വാരാണസിയിൽ കാര്യങ്ങൾ സുഗമമാക്കേണ്ടതില്ല എന്ന് മായാവതിയും അഖിലേഷും തീരുമാനിച്ചാൽ അവിടെ ബി.എസ്.പിക്ക് സ്ഥാനാർത്ഥിയുണ്ടാവും. എന്നാൽ മോദിയുടെ വീഴ്ചയാണ് ഏറ്റവും അടുത്ത ലക്ഷ്യമെന്ന് ഇരുകൂട്ടരും കരുതുകയാണെങ്കിൽ പ്രിയങ്ക പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയാവുകയും ചെയ്യും. തീരുമാനമെടുക്കേണ്ടത് രാഹുലും സോണിയയുമാണ്. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണ്ണാവസരമാണ്. അത്യധികം നിർണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിൽ ശത്രുപാളയത്തിലെ പടനായകനെതിരെ സുവ്യക്തവും സുദൃഡവുമായ നിലപാടെടുക്കുന്നതിനുള്ള അവസരം. കാലം ഇത്തരം അവസരങ്ങൾ എപ്പോഴും മുന്നോട്ടുവെയ്ക്കാറില്ല. അതുകൊണ്ടുതന്നെ വ്യക്തിപരതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ അവസരം കളഞ്ഞുകളിച്ചാൽ കോൺഗ്രസ് അതിനു നൽകുന്ന വില ചെറുതായിരിക്കില്ല. Content Highlights: Priyanka Gandhi Vadra, Varanasi Election, Narendra Modi, The Great Indian War 2019, General Election 2019


from mathrubhumi.latestnews.rssfeed http://bit.ly/2V359Mg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages