വെറും 27,350 രൂപ ചെലവഴിച്ച് എം.പി.യായത് ജോയ്സ് ജോർജ്. 68,68,643 രൂപ ചെലവാക്കി സംസ്ഥാനത്ത് ഏറ്റവും ധാരാളിയായത് ആന്റോ ആന്റണി. സ്വന്തം കീശയിൽനിന്ന് ഒരു രൂപപോലും ചെലവാക്കാതെ സഭയിലെത്തിയത് എം.കെ. രാഘവനും കെ.സി. വേണുഗോപാലും എം.ബി.രാജേഷും പി.കെ. ബിജുവും. വിജയമുറപ്പിക്കാൻ പി. കരുണാകരന് സ്വന്തം കീശയിൽനിന്ന് ചെലവായത് വെറും 100 രൂപ. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികൾക്ക് ചെലവായ തുക സംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ചിത്രമാണിത്. തിരഞ്ഞെടുപ്പ് പൂർത്തിയായി 90 ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ കമ്മിഷന് സമർപ്പിച്ച വരവുചെലവ് കണക്കിലാണ് ഈ കൗതുകവിവരങ്ങൾ. 70 ലക്ഷം രൂപയാണ് ലോക്സഭാ തിരഞ്ഞെടുപ്പുചെലവിന് കമ്മിഷൻ നിശ്ചയിച്ച പരിധി. എന്നാൽ, പൊതുയോഗം, സ്റ്റേജ്, മൈക്ക്, വണ്ടി, പോസ്റ്റർ, ചുവരെഴുത്ത്, മറ്റ് പ്രചാരണ ചെലവുകൾ തുടങ്ങിയവയ്ക്കൊന്നും ഇടുക്കിയിൽനിന്നുള്ള എം.പി.യായ ജോയ്സ് ജോർജിന് ഒരു രൂപപോലും ചെലവായില്ല. ആകെ ചെലവ് 27,350 രൂപ. ഇതിൽ കെട്ടിവെച്ച 25,000 രൂപയും മറ്റൊരു 1600 രൂപയും സംഭാവനയായി കിട്ടി. സ്വന്തം പോക്കറ്റിൽനിന്നെടുത്തത് 750 രൂപമാത്രം. ഇടതുസ്വതന്ത്രനായി പത്തനംതിട്ടയിൽ മത്സരിച്ച പീലിപ്പോസ് തോമസാണ് ചെലവുചുരുക്കിയവരിൽ രണ്ടാമൻ. ആകെ ചെലവ് 42,575 രൂപ. ഇതിൽ 27,581 രൂപ നാട്ടുകാരുടെയും 14,990 രൂപ സ്വന്തം കാശും. കൈയയച്ച് നൽകിയവർ സ്വന്തം ചെലവിൽ പ്രചാരണം പൊടിപൊടിച്ചവരിൽ മുമ്പൻ തിരുവനന്തപുരത്തെ ഇടതുസ്വതന്ത്രൻ ബെനറ്റ് എബ്രഹാമാണ്. 25,12,000 രൂപ. സ്പോൺസർമാരായ സി.പി.ഐ. ചില്ലിക്കാശുപോലും നൽകിയില്ല. പരേതരായ എം.ഐ. ഷാനവാസ് 24,02,050 രൂപയും ഇ.അഹമ്മദ് 20,40,000 രൂപയും തിരഞ്ഞെടുപ്പിന് ചെലവാക്കി. അഹമ്മദിന് 29,25,000 രൂപ നൽകി ലീഗ് സഹായിച്ചപ്പോൾ പാർട്ടിയിലെ പ്രമുഖനായിട്ടുകൂടി ഷാനവാസിനെ കോൺഗ്രസ് സഹായിച്ചില്ല എന്നാണ് കണക്ക്. പാർട്ടിയുടെ കാശുവാങ്ങാതെ തിരഞ്ഞെടുപ്പിനെ അതിജീവിച്ച മറ്റൊരു പ്രമുഖൻ കോൺഗ്രസിലെ ശശി തരൂരാണ് . പിരിവിലെ കേമൻമാർ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് തരൂരിന് സംഭാവനയായി കിട്ടിയത് 63,35,591 രൂപ. കെ.സി. വേണുഗോപാൽ (61,70,933), കൊടിക്കുന്നിൽ സുരേഷ് (55,82,000 ), എം.കെ. രാഘവൻ (53,22,000) എന്നിങ്ങനെയാണ് സംഭാവന സ്വീകരിച്ച തുക. ബേബിക്ക് പാർട്ടി കൊടുത്തില്ല, ചില്ലിക്കാശുപോലും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഏക പൊളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുകൂടി എം.എ. ബേബിക്ക് പാർട്ടി ഒരുരൂപപോലും ചെലവുകാശ് നൽകിയില്ല. അദ്ദേഹത്തിന് ആകെ ചെലവായ 56,48,100 രൂപയും നാട്ടുകാരുടെ സംഭാവനയാണ്. എന്നാൽ, ഇതേ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളായിരുന്ന എം.ബി. രാജേഷിനും (50,72,878 രൂപ) പി.കെ. ബിജുവിനും (47,59, 173) ചെലവായ അത്രയും തുക പാർട്ടി സംഘടിപ്പിച്ചു നൽകി. ഒത്തുപോകാത്ത നിഴൽപ്പുസ്തകം തിരഞ്ഞെടുപ്പിന് ഓരോ സ്ഥാനാർഥിയും ചെലവാക്കിയ പണത്തിന്റെ നിയോജകമണ്ഡലം തിരിച്ചുള്ള കണക്കെടുപ്പ് തിരഞ്ഞെടുപ്പുകമ്മിഷൻ സ്വന്തംനിലയിലും നടത്താറുണ്ട്. ഉദ്യോഗസ്ഥർ പരിശോധിച്ച് തയ്യാറാക്കുന്ന നിഴൽപ്പുസ്തകത്തിലെ കണക്കുമായി തട്ടിച്ചുനോക്കിയാണ് സ്ഥാനാർഥികളോട് പിന്നീട് വിശദീകരണം തേടാറ്. കണക്കിലെ പൊരുത്തക്കേട് തെളിഞ്ഞാൽ അയോഗ്യതയാണ് ശിക്ഷ.
from mathrubhumi.latestnews.rssfeed http://bit.ly/2Up2HjF
via
IFTTT
No comments:
Post a Comment