ദൈവത്തോടുള്ള പേടി ജ്ഞാനത്തിന്റെ തുടക്കമാണെന്ന ബൈബിൾ വാക്യത്തോട് സിപിഎമ്മുകാർക്ക് പ്രതിപത്തിയുണ്ടാവണമെന്നില്ല. ദൈവവുമായിട്ടല്ല മനുഷ്യരുമായിട്ടാണ് പൊതുവെ കമ്മ്യൂണിസ്റ്റുകാരുടെ ഇടപാടുകൾ. പേടി പക്ഷേ, ഒരു പൊതു വികാരമാണ്. പേടിക്കുള്ള ഒരു ഗുണം അത് നിങ്ങളെ കൂടുതൽ കരുതലും ജാഗ്രതയുള്ളവരുമാക്കി മാറ്റും എന്നതാണ്. മിതമായ അളവിൽ പേടിയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണ്. കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം പേടിച്ചിരിക്കുകയാണെന്ന് പല ഭാഗങ്ങളിൽ നിന്നും ആരോപണമുയർന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകരോട് മാറി നിൽക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ബിജെപി കോൺഗ്രസിന് വോട്ടു മറിച്ചിരിക്കുകയാണെന്ന് സിപിഎം നേതാക്കൾ അവിടെയും ഇവിടെയുമൊക്കെ നിന്ന് പിറുപിറുക്കുന്നതും ഈ പേടി കൊണ്ടാണെന്നാണ് നിരീക്ഷണം. സഖാവ് പിണറായിക്ക് പേടിയുണ്ടെന്ന് അദ്ദേഹത്തെ അറിയാവുന്നവരാരും പറയാനിടയില്ല. വേറെ ഏതു വികാരത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയാലും പേടിയുടെ കാര്യം മാത്രം പറഞ്ഞ് ആ വഴിക്ക് പോവാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ഈ മാധ്യമ പ്രവർത്തകർക്ക് പണ്ടേ ഒരു കൊമ്പു കൂടുതലാണ്. ഒന്നും പറയാനില്ലെന്ന് നേരെ ചൊവ്വെ പറഞ്ഞാലൊന്നും ഇക്കൂട്ടർക്ക് കാര്യം പിടികിട്ടില്ല. അപ്പോൾ പിന്നെ പറയേണ്ട രീതിയിൽ പറയേണ്ടി വരും. ഇക്കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരിക്കൽ പോലും പത്ര സമ്മേളനം നടത്തിയിട്ടില്ലാത്തവർ സിനിമാ താരങ്ങളെ വിളിച്ച് അഭിമുഖം നൽകുന്നതിനോടോ മാരകമായ തള്ളു തള്ളുന്നതിനോടോ ആർക്കും പരാതിയില്ല. പക്ഷേ, ഒന്നു മാറി നിൽക്കൂ എന്ന് കഴിയുന്നത്ര മൃദുവായി സഖാവ് പിണറായി പറഞ്ഞാൽ അത് ധാർഷ്ട്യവും മാടമ്പിത്തരവുമായി. സിപിഎമ്മിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വെറുതെയല്ല പറയുന്നത്. സഖാവ് പിണറായിയെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അദ്ദേഹം ലണ്ടനിലൊക്കെ പോയി മസാല ബോണ്ട് ആഘോഷത്തിലൊക്കെ പങ്കെടുത്ത് ഉല്ലാസവാനായി തിരിച്ചുവരട്ടെ. നമ്മുടെ വിഷയം വോട്ടു കച്ചവടമാണ്. ഈ വോട്ട് മറിക്കൽ ശരിക്കുമുള്ളതാണോ? കാര്യങ്ങൾ അശ്വമുഖത്തിൽ നിന്നു തന്നെ കേൾക്കണമെന്നാണ് പ്രമാണം. അതുകൊണ്ട് പല ബിജെപി നേതാക്കന്മാരോടും രഹസ്യമായും പരസ്യമായും ചോദിച്ചു. നേതാക്കളെ മാത്രം വിശ്വസിച്ചാൽ പോരെന്ന പ്രമാണം കണക്കിലെടുത്ത് സാദാ പ്രവർത്തകരേടും വിവരം ആരാഞ്ഞു. ശാഖയിൽ പോവുന്ന ഒരുത്തനും ഇത്തരം പരിപാടിക്ക് നിൽക്കില്ലെന്നാണ് അണ്ണന്മാർ കട്ടായം പറഞ്ഞത്. പണ്ട്, അതായത് ദിനോസറുകളും അമീബയുമൊക്കെ ഭൂജാതരാവുന്നതിനു മുമ്പ് വോട്ടു കച്ചവടം നടന്നിട്ടുണ്ടോയെന്നറിയില്ല. വോട്ട് മറിയൽ പക്ഷേ, ഒരു യാഥാർത്ഥ്യമാണ്. കുറേപ്പേരെങ്കിലും വോട്ട് മാറ്റിക്കുത്തുമ്പോഴാണല്ലോ പ്രതിപക്ഷം ഭരണപക്ഷമാവുന്നത്. ചെറിയൊരുദാഹരണത്തിന് ചെങ്ങന്നൂർ എടുക്കാം. അവിടെ ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സഖാവ് സജി ചെറിയാൻ പാട്ടും പാടി ജയിച്ചത് ബിജെപിയും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണെന്ന് സഖാക്കൾ കോടിയേരിയും പിണറായിയും പറയാനിടയില്ല. വോട്ട് കച്ചവടമല്ല വോട്ട് മറിയലാണ് നടക്കുന്നത്. അതുവരെ കോൺഗ്രസ്സിന് വോട്ടുകുത്തിക്കൊണ്ടിരുന്ന ന്യൂനപക്ഷങ്ങൾ ചെങ്ങന്നൂരിൽ ഒന്ന് മാറ്റിപ്പിടിച്ചു. അപ്പോൾ ചെറിയാൻ സഖാവ് നിയമസഭയ്ക്കുള്ളിലും പിള്ളേച്ചനും വിജയകുമാറും പുറത്തുമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഭരണപക്ഷമായതും ഇതേ രാസപ്രവർത്തനം മൂലമാണെന്നറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോവേണ്ട കാര്യമില്ല. ഇത്തവണ ബിജെപി വോട്ടുകച്ചവടം നടത്തുമെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് കരുതാനാവില്ല. ശബരിമലയുടെ പിൻബലത്തിൽ കേരളത്തിൽ നിന്നും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കണമെന്ന അത്യാർത്തിയുമായി നടക്കുന്ന കൂട്ടർ വേറെയെന്തു ചെയ്താലും വോട്ട് മറിച്ചു വിൽക്കുമെന്ന് മാത്രം കരുതാനാവില്ല. അപ്പോൾ പിന്നൈ വടകരയിലും കോഴിക്കോട്ടും കാസർകോടുമൊക്കെ ബിജെപിയുടെ പ്രവർത്തനം ഈ തിരഞ്ഞെടുപ്പിൽ അത്രയങ്ങ് കൊഴുക്കാതെ പോയതെന്താണെന്ന് ചോദ്യമുയരുക സ്വാഭാവികമാണ്. ഇത്തവണ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി ശരിക്കും കളിച്ചത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശ്ശൂരും, പാലക്കാടും ആളും അർത്ഥവും ശരിക്കുമിറക്കിയുള്ള പ്രവർത്തനമാണ് ബിജെപി കാഴ്ചവെച്ചത്. ഈ നാല് മണ്ഡലങ്ങളിലും ഇടതുമുന്നണിയെയും ഐക്യ ജനാധിപത്യ മുന്നണിയെയും ബിജെപി വെള്ളം കുടിപ്പിക്കുകയും ചെയ്തു. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും സിപിഎമ്മിനുള്ള സംഘടനാ സംവിധാനത്തിലേക്ക് ബിജെപി ഇനിയുമെത്തിയിട്ടില്ല. കോൺഗ്രസ്സിനെ സംബന്ധിച്ചാണെങ്കിൽ സംഘടനാ സംവിധാനമൊന്നും ഒരു പ്രശ്നമല്ല. സംഘടിച്ചാലുമില്ലെങ്കിലും അവർക്കുള്ള വോട്ടുകൾ അവരുടെ പെട്ടിയിൽ വീണിരിക്കും. നാല് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റു മണ്ഡലങ്ങളിൽ ബിജെപിയുടെ പ്രവർത്തനം അൽപം പിന്നിലായാൽ അത്ഭുതപ്പെടാനില്ല. വടകരയിലും കോഴിക്കോടും ജയിച്ചുകയറാനാവുമെന്ന് കടുത്ത ശാഖാപ്രേമികൾ പോലും വിശ്വസിക്കുന്നുണ്ടാവില്ല. അപ്പോൾ പിന്നെ ഇവിടെയൊന്നും മരിച്ചു പണിയെടുക്കേണ്ട കാര്യവും ശാഖകൾക്കില്ല. ഇക്കുറി കോൺഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ വൻ കേന്ദ്രീകരണമുണ്ടായിട്ടുണ്ടെന്നാണ് പൊതുവെയുള്ള നിരീക്ഷണം. ദേശീയ തലത്തിൽ ആർ എസ് എസ്സിനെയും ബിജെപിയെയും നേരിടുന്നത് രാഹുൽഗാന്ധിയാണെന്ന കാഴ്ചപ്പാടാണ് ന്യൂനപക്ഷങ്ങളെ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലേക്കാകർഷിച്ചിട്ടുള്ളത്. ഇതൊരു ദേശീയ തിരഞ്ഞെടുപ്പാണ്. അവിടെ ന്യൂനപക്ഷങ്ങൾക്ക് രാഹുലിനോടാണ് മമതയെന്നത് പിണറായിയുടെ കുറവായി സഖാക്കൾ കാണുമ്പോഴാണ് പ്രശ്നമുണ്ടാവുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു ഡിഫറന്റ് കപ്പ് ഒഫ് ടീയാണ്. പാലൊഴിച്ച നല്ല ഒന്നാന്തരം ചായ. ആ ചായ കുടിക്കാനുള്ള പൂതി തൽക്കാലം ഒന്നങ്ങോട്ട് മാറ്റിവെച്ചേക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പറയുന്നതെങ്കിൽ അതിനെ ബഹുമാനിക്കാനാണ് ജനാധിപത്യം തോൽക്കുന്നവരോട് പറയുന്നത്. ഒരു തിരഞ്ഞെടുപ്പുകൊണ്ടൊന്നും ഒരു രാഷ്ട്രീയപ്പാർട്ടിയും അവസാനിച്ചിട്ടില്ല. അങ്ങിനെയാണെങ്കിൽ കേരളകോൺഗ്രസ്സൊക്കെ എന്നേ ഇല്ലാതാവേണ്ടതായിരുന്നു. 1977 ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കേരളത്തിൽ ഒരു സീറ്റു പോലും കിട്ടിയില്ല. അന്ന് സിപിഐ കോൺഗ്രസ്സിനൊപ്പമായിരുന്നു. 15 കൊല്ലം മുമ്പ് 2004 ൽ കോൺഗ്രസ്സിന് ഒരൊറ്റ സീറ്റുപോലും കേരളത്തിൽ നിന്ന് കിട്ടിയില്ല. മുസ്ലിംലീഗിലെ ഇ അഹമ്മദ് മാത്രമാണ് അന്ന് പൊന്നാനിയിൽ നിന്നും ജയിച്ചുകയറി യുഡിഎഫിന്റെ മാനം കാത്തത്. തൊട്ടു പിന്നാലെ 2009 ൽ ഇടതുപക്ഷത്തിന് വെറും നാല് സീറ്റ് മാത്രമാണ് കേരളത്തിൽ നിന്നും കിട്ടിയത്. അപ്പോൾ പിന്നെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടിയൊന്ന് പതറിയെന്ന് വിചാരിച്ചിട്ട് ഇടതുപക്ഷം അങ്ങിനെയങ്ങ് ബേജാറാവേണ്ട കാര്യമുണ്ടോ. ഒരു ലോക്സഭാ മണ്ഡലത്തിൽ പോലും താമര വിരിയാതെ വന്നാൽ ബിജെപിയും നാടുവിടാനൊന്നും പോവുന്നില്ല. 1967 ൽ വെറും ഒമ്പത് എം എൽ എമാരെയും വെച്ചുകൊണ്ട് കെ കരുണാകരൻ കളിച്ച കളികൾ രാഷ്ട്രീയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമാണ്. അപ്പോൾ പറഞ്ഞുവന്നത് ഇതാണ് ഇതു മാത്രമാണ്. തിരഞ്ഞെടുപ്പായാൽ ജയവും തോൽവിയുമുണ്ടാവും. അതിനൊക്കെ താത്വിക വിശകലനങ്ങളുമുണ്ടാവും. പക്ഷേ, ഒരുമാതിരി ഞഞ്ഞാപിഞ്ഞാ വർത്തമാനമുണ്ടല്ലോ , ഉത്തമാ , അതു മാത്രം നമുക്ക് വേണ്ട. Content Highlights: ldf, kerala election, udf, bjp kerala
from mathrubhumi.latestnews.rssfeed http://bit.ly/2IZfpib
via
IFTTT
No comments:
Post a Comment