കൊച്ചി: മോർച്ചറിയിൽ അവൻ പാതിമിഴിയടച്ചുകിടന്നു. വെള്ളപുതച്ച്, ഇനിയൊരിക്കലും ഉണരാത്ത ഉറക്കം. ശസ്ത്രക്രിയയ്ക്കായി തലയുടെ ഒരുവശത്തെ മുടി നീക്കിയിരുന്നു. വെളുത്ത മുഖം വിളറിയിട്ടുണ്ടെങ്കിലും ഓമനത്തം അപ്പോഴും തുളുമ്പിനിന്നു. അവന്റെ പ്രായത്തിലുള്ള കുട്ടികൾ അവധിക്കാലം ആഘോഷിക്കുമ്പോൾ അവൻ വേദനകളോട് മല്ലടിച്ചു. ശ്വാസത്തിനുവേണ്ടി പിടഞ്ഞു. ശനിയാഴ്ച രാവിലെ 11.30-ന് കനിവറ്റ ലോകത്തുനിന്ന് അവൻ പോയി, വേദനയും മരുന്നുകളുടെ മണവും ഇല്ലാത്ത ലോകത്തേക്ക്. തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനമേറ്റ ഏഴുവയസ്സുകാരൻ ഇനി ഓരോ മലയാളിയുടെയും നെഞ്ചിലെ പിടച്ചിലാകും. കോലഞ്ചേരി സ്വകാര്യ മെഡിക്കൽ കോളേജിൽ കഴിഞ്ഞ 28 മുതൽ അവൻ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് ശ്രമിക്കുകയായിരുന്നു. ഇടയിലെപ്പോഴോ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചു. തലയോട്ടിയിൽ പത്തു സെന്റീമീറ്ററിലധികം നീളത്തിലുണ്ടായ പൊട്ടലും അതിൽനിന്നുണ്ടായ രക്തപ്രവാഹവുമാണ് മരണകാരണം. അമ്മയുടെ പങ്കാളി അരുൺ ആനന്ദ് കുട്ടിയെ അലമാരയിലേക്ക് വലിച്ചെറിയുകയായിരുന്നു. തലയടിച്ചുവീണുകിടന്ന കുട്ടിയെ പലതവണ തൊഴിക്കുകയും ചവിട്ടുകയും ചെയ്തു. തലച്ചോറ് ഒരുവശത്തേക്ക് അമർന്നുപോയി. ആ ഭാഗത്ത് ഓക്സിജൻ കിട്ടാതായി. ദേഹമാസകലം ചതവുകളും മുറിവുകളും. വേദനിച്ച് അവൻ വാവിട്ട് നിലവിളിച്ചിരിക്കാം. പക്ഷേ, ഒരു മഹാത്ഭുതത്തിനുപോലും സാധിക്കാത്തവിധം അവൻ കൈവിട്ടുപോയിരുന്നു. എങ്കിലും വൈദ്യലോകം പ്രതീക്ഷയോടെ കാത്തിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അല്പാല്പമായി കൊടുത്തുകൊണ്ടിരുന്നു. വെള്ളിയാഴ്ച അവന്റെ കുടലിന്റെ അനക്കവും നിലച്ചു. അതോടെ ഭക്ഷണവും നിർത്തി. ശനിയാഴ്ച രാവിലെ പത്തുമണിയോടെ നാഡിമിടിപ്പ് കുറഞ്ഞുവന്നു. ഹൃദയാഘാതമാണെങ്കിലേ പെട്ടെന്ന് നിലയ്ക്കാറുള്ളൂ. കാത്തിരിപ്പ് തീരുകയാണെന്ന് മനസ്സിലായി. 11.30-ന് ഡോക്ടർമാർ അവസാന ഇ.സി.ജി. എടുത്തു. ഒരു നേർരേഖ മാത്രം. ഇതോടെ മെഡിക്കൽ ബോർഡിനെ വിവരമറിയിച്ചു. 11.35-ന് ഔദ്യോഗിക പ്രഖ്യാപനം. ആശുപത്രിക്കുമുന്നിൽ കണ്ണീരിന്റെ കടലിരമ്പം. അവരാരും അവന്റെ ആരുമായിരുന്നില്ല. പക്ഷേ, കേട്ടവർ കേട്ടവർ കരഞ്ഞു. അവൻ പ്രാണവേദനയോടെ നിലവിളിച്ചത് കണ്ടുനടുങ്ങിയ കുഞ്ഞനിയന് ഇനി 'പപ്പി'യുടെ കുഞ്ഞുമ്മകളില്ല. സ്വന്തം വീട്ടിൽ ഭയന്നുകഴിഞ്ഞ അവൻ, തന്നെ പ്രാണനുതുല്യം സ്നേഹിച്ച അച്ഛന്റെയടുത്തേക്കാണ് പോയിരിക്കുന്നത്. ഒന്നരവർഷംമുമ്പാണ് കുഞ്ഞുങ്ങളുടെ അച്ഛൻ മരിച്ചത്. Content Highlights: Thodupuzha 7 year old child died
from mathrubhumi.latestnews.rssfeed http://bit.ly/2D2t845
via
IFTTT
No comments:
Post a Comment