കോട്ടയം:ശക്തമായ ത്രികോണമത്സരം നടക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സാഹചര്യം അനുകൂലമെന്ന് സി.പി.എം. വിലയിരുത്തൽ. ബൂത്തുതിരിച്ച് പാർട്ടിനേതൃത്വം ശേഖരിച്ച കണക്കുപ്രകാരം നാലേകാൽ ലക്ഷം വോട്ട് ഇക്കുറി എൽ.ഡി.എഫിനു സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എഴുപത്തെട്ടു ശതമാനത്തിൽ കുറയാത്ത പോളിങ് മണ്ഡലത്തിലുണ്ടാകുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ. മുന്നണിക്കു ലഭിക്കേണ്ട ഒരു വോട്ടും നഷ്ടപ്പെടരുതെന്ന കർശനനിർദേശം പാർട്ടിനേതൃത്വം താഴേത്തട്ടിലേക്കു കൈമാറിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവനെ രംഗത്തിറക്കിയ സി.പി.എം. കോട്ടയത്തെ മത്സരത്തെ അഭിമാനപ്പോരാട്ടമായാണു കാണുന്നത്. ബൂത്തുതലത്തിൽ പാർട്ടി ശേഖരിച്ച വോട്ടുകളുടെ എണ്ണമനുസരിച്ച് കോട്ടയം, ഏറ്റുമാനൂർ, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വാസവനാണ് മുൻതൂക്കം. കഴിഞ്ഞദിവസം ചേർന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ഈ കണക്കുകൾ ജില്ലാനേതാക്കൾ അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുസർവേകൾ തള്ളിക്കളയണമെന്ന സന്ദേശവും നേതാക്കൾ നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 71.7 ശതമാനം വോട്ടാണ് പോൾചെയ്തത്. ഇതിൽ നാലേകാൽ ലക്ഷത്തോളം വോട്ട് യു.ഡി.എഫ്. സ്ഥാനാർഥി ജോസ് കെ.മാണി നേടി. മൂന്നുലക്ഷം വോട്ടാണ് എൽ.ഡി.എഫിലെ മാത്യു ടി.തോമസിനു ലഭിച്ചത്. ഒന്നേകാൽ ലക്ഷത്തോടടുത്ത് ഭൂരിപക്ഷത്തോടെയാണ് ജോസ് കെ.മാണി തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ 12.05 ലക്ഷം വോട്ടർമാരുണ്ട്. 2014-ൽ കിട്ടിയ തിരിച്ചടി ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് സി.പി.എം. ഉറക്കമിളയ്ക്കരുത് തിരഞ്ഞെടുപ്പുദിനത്തിൽ രാവിലെ ആറുമണിക്കുതന്നെ രംഗത്തിറങ്ങണമെന്ന നിർദേശമാണ് പ്രവർത്തകർക്കു നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം പകൽതന്നെ ബൂത്തുകൾ ഒരുക്കണം. രാത്രിയിലേക്ക് ഇക്കാര്യം നീട്ടിവെച്ചതുകാരണം, കഴിഞ്ഞകാലങ്ങളിൽ ബൂത്ത് ഏജന്റുമാർ ചിലയിടങ്ങളിൽ വൈകിയെത്തിയതിനാലാണ് ഈ നിർദേശം. ഓരോ ബൂത്ത് കമ്മിറ്റിക്കും നാലായിരം രൂപവീതമാണ് ചെലവിനായി അനുവദിച്ചത്. പോളിങ് ദിനത്തിലെ പ്രവർത്തനത്തിനായുള്ള സ്ക്വാഡിനും എൽ.ഡി.എഫ്. രൂപംനൽകി. 1,564 പോളിങ് ബൂത്താണ് മണ്ഡലത്തിലുള്ളത്. ജയസാധ്യതയേറി കോട്ടയത്തെ സാഹചര്യങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണ്. കടുത്തുരുത്തിയിലും പുതുപ്പള്ളിയിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കും. ഏറ്റുമാനൂർ, വൈക്കം, കോട്ടയം മണ്ഡലങ്ങളിൽ വി.എൻ.വാസവനു മുന്നേറ്റമുണ്ടാകും. പാലായിലും പിറവത്തും യു.ഡി.എഫ്. വോട്ടുകൾ ഭിന്നിക്കും. -വൈക്കം വിശ്വൻ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം Content Highlights:kottayam-cpim-loksabha election report
from mathrubhumi.latestnews.rssfeed http://bit.ly/2DrQRLb
via
IFTTT
No comments:
Post a Comment