കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്കു പിന്നില്‍ രാജ്യാന്തര തലത്തില്‍ കണ്ണികളുള്ള സംഘടനയെന്ന് ആരോഗ്യമന്ത്രി രജിത സെനാരത്‌നെ. രാജ്യത്തിനുള്ളില്‍ തന്നെയുള്ള ഒരു സംഘടനയിലെ ആളുകളാണ് ആക്രമണത്തിന് പിന്നില്ലെന്ന് വിശ്വസിക്കുന്നില്ല. രാജ്യാന്തര തലത്തില്‍ കണ്ണികളുള്ള സംഘടനയ്ക്കല്ലാതെ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആക്രമണത്തിനു പിന്നില്‍ പുതുതായി രൂപംകൊണ്ട് ഇസ്ലാമിക മതമൗലിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തിയ ചാവേറുകളെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് ഏപ്രില്‍ നാലിന് സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നതാണെന്നുംസര്‍ക്കാരിന്റെ ഭാഗത്തു ഗൗരവമായ വീഴ്ച സംഭവിച്ചതായും ആരോഗ്യമന്ത്രി സമ്മതിച്ചു.
ഈ മാസം ഒമ്പതിന് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി നല്‍കിയ കത്തില്‍ ഭീകര സംഘടനകളിലെ അംഗങ്ങളുടെ വിവരങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതേകുറിച്ച് പ്രധാനമന്ത്രിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 24 പേര്‍ ഇതുവരെ അറസ്റ്റിലായി കഴിഞ്ഞു.
അതേസമയം, ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ നാലു മണിവരെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ, ശ്രീലങ്കയുമായുള്ള സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ തീരദേശ സേന അതീവ ജാഗ്രത പാലിക്കുകയാണ്. ശ്രീലങ്കയില്‍ നിന്നും രക്ഷപ്പെടുന്ന ചാവേറുകള്‍ രക്ഷപ്പെടുന്നത് തടയുന്നതിനായി കപ്പലുകളും മാരിടൈം നിരീക്ഷണത്തിനായി ഡോണിയറും നിയോഗിച്ചിട്ടുണ്ട്.
ഞായറാഴ്ച ശ്രീലങ്കയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 290 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. 500ല്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റു. നാല് ജെ.ഡി.എസ് നേതാക്കള്‍ അടക്കം ആറ് ഇന്ത്യക്കാര്‍ മരണപ്പെട്ടിട്ടുണ്ട്.
ഡെന്‍മാര്‍ക്ക് ശതകോടീശ്വരന്‍ ആന്‍ഡേഴ്‌സ് ഹോച് പോവ്‌സെനും മൂന്നു മക്കളും കൊല്ലപ്പെട്ടവരില്‍ പെടും. യു.കെയിലെയും സ്‌കോട്ട്‌ലാന്‍ഡിലേയും ഏറ്റവും വലിയ ഭൂഉടമയുമാണ് പോവ്‌സെന്‍. 37 വിദേശികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം. കൊളംബോ വിമാനത്താവളത്തിനു സമീപത്തുനിന്നും ഒരു ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കി.
from mangalam.com http://bit.ly/2PrXFxi
via IFTTT
No comments:
Post a Comment